നാട്ടികയിൽ ആറര കിലോ കഞ്ചാവും മാരകായുധങ്ങളും പിടികൂടിയ കേസിൽ ഒരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. വലപ്പാട് കഴിമ്പ്രം സ്വദേശി നന്ദുകൃഷ്ണയെയാണ് (21) തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഈ കേസിലെ മുഖ്യപ്രതിയായ വിഷ്ണുവിനെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. വിഷ്ണുവിന്റെ വീടിന്റെ ടെറസിൽ നിന്ന് കഞ്ചാവിന് പുറമെ അഞ്ച് വടിവാളുകൾ, കത്തി, എയർഗൺ, ഡിജിറ്റൽ ത്രാസ് എന്നിവയും പോലീസ് കണ്ടെടുത്തിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
നാട്ടിലെ തോടുകളിലും കുളങ്ങളിലും മീൻപിടിക്കാനെന്ന വ്യാജേന പോയി ആളൊഴിഞ്ഞ സ്ഥലങ്ങളിൽ വെച്ച് ലഹരിമരുന്ന് കൈമാറുന്നതായിരുന്നു ഇവരുടെ പ്രധാന രീതി. സംശയം തോന്നാത്ത വിധം മീൻപിടുത്തക്കാരനായി വേഷം മാറിയാണ് ഇവർ കഞ്ചാവ് വിൽപ്പന നടത്തിയിരുന്നത്. കേസിൽ ഉൾപ്പെട്ട മുഹമ്മദ് ഷെജി എന്നയാളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്ന് കണ്ടെത്താൻ വലപ്പാട് പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.






