ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിൽ തകർന്നടിഞ്ഞ ആംആദ്മി പാർട്ടിയെയും കോൺഗ്രസിനെയും രൂക്ഷമായി പരിഹസിച്ച് ജമ്മു കശ്മീർ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് നേതാവുമായ ഒമർ അബ്ദുള്ള. “ഔർ ലഡോ ആപാസ് മേം!!! (പരസ്പരം കുറച്ചുകൂടി പോരടിക്കൂ ) എന്നാണ് അദ്ദേഹം എക്സിൽ കുറിച്ചത്. അതോടൊപ്പം ‘പരസ്പരം കുറച്ച് കൂടി പോരാടുക, നിങ്ങളുടെ മനസ്സിന് തൃപ്തിയാകും വരെ പോരാടുക എന്നെഴുതിയ ജിഫ് ഇമേജും പങ്കുവെച്ചിട്ടുണ്ട്.
ദേശീയ തലത്തിൽ ഇൻഡ്യ സഖ്യത്തിന്റെ ഭാഗമായ എ.എ.പിയും കോൺഗ്രസും പരസ്പരം പോരടിച്ച് ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ വിജയിപ്പിച്ചതാണ് ഒമർ അബ്ദുള്ള വിമർശിച്ചത്. ഇൻഡ്യ സഖ്യത്തിന്റെ ഭാഗമായ നാഷണൽ കോൺഫറൻസിന്റെ മുതിർന്ന നേതാവായ ഒമർ അബ്ദുള്ള ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ പ്രതിപക്ഷ പാർട്ടികൾക്കിടയിലെ ഐക്യമില്ലായ്മയെ നേരത്തെയും പരസ്യമായി വിമർശിച്ചിരുന്നു. പാർലമെന്റ് തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ മാത്രം സഖ്യമെന്ന രീതിയെ ഒമർ അബ്ദുള്ള നേരത്തെയും വിമർശിച്ചിരുന്നു.