പരീക്ഷണ വിക്ഷേപണത്തിനൊരുങ്ങി ഒമാന്റെ ‘ദുകം റോക്കറ്റ് 2’

അല്‍ ജാസിര്‍ വിലായത്തിലെ അല്‍ കഹല്‍ പ്രദേശത്തും ദുകം വിലായത്തിലെ ഹൈതം പ്രദേശത്ത് നിന്നുമായിരിക്കും വിക്ഷേപണം

പരീക്ഷണ വിക്ഷേപണത്തിനൊരുങ്ങി ഒമാന്റെ ‘ദുകം റോക്കറ്റ് 2’
പരീക്ഷണ വിക്ഷേപണത്തിനൊരുങ്ങി ഒമാന്റെ ‘ദുകം റോക്കറ്റ് 2’

മസ്‌കത്ത്: ഒമാന്റെ ദുകം റോക്കറ്റ് 2 പരീക്ഷണ വിക്ഷേപണത്തിന് തയ്യാറെടുത്തതായി ഗതാഗത, ആശയ വിനിമയ, വിവരസാങ്കേതിക മന്ത്രാലയം അറിയിച്ചു. സ്‌റ്റെല്ലാര്‍ കൈനറ്റിക്‌സുമായി സഹകരിച്ചാണ് വിക്ഷേപണം നടത്തുന്നതെന്നും മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. അല്‍ ജാസിര്‍ വിലായത്തിലെ അല്‍ കഹല്‍ പ്രദേശത്തും ദുകം വിലായത്തിലെ ഹൈതം പ്രദേശത്ത് നിന്നുമായിരിക്കും വിക്ഷേപണം.

വിക്ഷേപണത്തിന്റെ പശ്ചാത്തലത്തില്‍ മേഖലയിലെ കടല്‍ യാത്രക്കാര്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും ഗതാഗത, ആശയവിനിമയ, വിവരസാങ്കേതിക മന്ത്രാലയം സുരക്ഷാ അറിയിപ്പ് നല്‍കി. ഇന്ന് രാത്രി 10 മണി മുതല്‍ ഞായറാഴ്ച രാവിലെ ആറ് വരെ എല്ലാ മത്സ്യത്തൊഴിലാളികളും സമുദ്ര ആക്ടിവിറ്റി ഓപ്പറേറ്റര്‍മാരും നിര്‍ദ്ദിഷ്ട കോര്‍ഡിനേറ്റുകള്‍ അടയാളപ്പെടുത്തിയ നിയുക്ത പ്രദേശം ഒഴിവാക്കണമെന്ന് മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

Also Read: കൊടും ചൂടിൽ ഇവ വാഹനങ്ങളിൽ ഉപേക്ഷിക്കരുത്; ഡ്രൈവര്‍മാര്‍ ജാഗ്രത പാലിക്കണമെന്ന് കുവൈത്ത് അധികൃതർ

അതേസമയം റോക്കറ്റിന്റെ വിക്ഷേപണ സമയത്ത് പൊതുജന സുരക്ഷ ഉറപ്പാക്കാന്‍ മുന്‍കരുതല്‍ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഈ സമയം നിയന്ത്രിത മേഖലയിലൂടെ സഞ്ചരിക്കുകയോ പ്രവേശിക്കുകയോ ചെയ്യുന്നത് ഒഴിവാക്കണമെന്നും സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും മന്ത്രാലയം പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.

അപകടസാധ്യതകള്‍ ലഘൂകരിക്കുന്നതിനും വിക്ഷേപണത്തിന്റെ സുരക്ഷിത നിര്‍വ്വഹണം ഉറപ്പാക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഈ നിര്‍ദേശം. ഒമാനിലെ ബഹിരാകാശ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു ദേശീയ ചട്ടക്കൂട് സ്ഥാപിക്കുന്നതിനുള്ള തുടര്‍ച്ചയായ ശ്രമങ്ങളുടെ ഭാഗമാണ് പരീക്ഷണ വിക്ഷേപണങ്ങള്‍. കഴിഞ്ഞ ഡിസംബറില്‍ നടത്തിയ ദുകം 1ന്റെ വിക്ഷേപണം വിജയകരമായിരുന്നു. ഈ വര്‍ഷം അഞ്ച് റോക്കറ്റുകളാണ് വിക്ഷേപണത്തിന് തയ്യാറെടുക്കുന്നത്. ഒക്ടോബറില്‍ ദുകം 3, നവംബറില്‍ അംബിഷന്‍ 3, ഡിസംബറില്‍ ദുകം4 എന്നിവയും വിക്ഷേിപിക്കുമെന്നും അധികൃതര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

Share Email
Top