ഒമാനിൽ പ്രവാസി റിക്രൂട്ട്‌മെന്റ് ഏജൻസികളുടെ പ്രവർത്തനം കൂടുതൽ സുതാര്യമാക്കാനും തൊഴിലാളികളുടെയും തൊഴിലുടമകളുടെയും അവകാശങ്ങൾ സംരക്ഷിക്കാനുമായി പുതിയ നിയമങ്ങൾ നടപ്പിലാക്കി. സേവന നിലവാരം ഉയർത്തുക ലക്ഷ്യമിട്ട് തൊഴിൽ മന്ത്രാലയമാണ് പുതിയ ചട്ടങ്ങൾ കൊണ്ടുവന്നത്. മന്ത്രാലയത്തിന്റെ കൃത്യമായ ലൈസൻസുള്ള സ്ഥാപനങ്ങൾക്ക് മാത്രമേ ഇനിമുതൽ ഒമാനിലേക്ക് പ്രവാസി റിക്രൂട്ട്‌മെന്റ് നടത്താൻ അനുമതിയുള്ളൂ.
പുതിയ നിയമപ്രകാരം ലൈസൻസിനായി അപേക്ഷിക്കുന്ന സ്ഥാപനത്തിന്റെ ഉടമയും പങ്കാളികളും ഒമാനി പൗരന്മാരായിരിക്കണം. കൂടാതെ 5,000 ഒമാനി റിയാൽ സാമ്പത്തിക ഗ്യാരണ്ടിയായി നിക്ഷേപിക്കുകയും വേണം. തൊഴിലുടമകൾക്കായി മന്ത്രാലയം അംഗീകരിച്ച ഏകീകൃത കരാറുകൾ മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ. ഏജൻസികളുടെ സേവനങ്ങൾക്കായി രണ്ട് വർഷത്തെ ഗ്യാരന്റിയും പരമാവധി 45 ദിവസത്തെ റിക്രൂട്ട്‌മെന്റ് സമയപരിധിയും പുതിയ ഉത്തരവിലൂടെ നിർബന്ധമാക്കിയിട്ടുണ്ട്.
Also Read: ബുധനാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യത; ഖത്തറിൽ ജാഗ്രതാ നിർദ്ദേശം, ഡ്രൈവർമാർക്ക് പ്രത്യേക മുന്നറിയിപ്പ്
തൊഴിലാളികളുടെ സുരക്ഷ മുൻനിർത്തി പ്രവാസികളിൽ നിന്ന് യാതൊരുവിധ റിക്രൂട്ട്‌മെന്റ് ഫീസും ഈടാക്കാൻ പാടില്ലെന്ന് കർശന നിർദ്ദേശമുണ്ട്. ജോലിയുടെ സ്വഭാവവും ശമ്പളവും വ്യക്തമാക്കുന്ന ഔദ്യോഗിക ഓഫർ ലെറ്റർ തൊഴിലാളികൾക്ക് നിർബന്ധമായും നൽകണം. അതേസമയം, ബിസിനസ്സ് പ്രവർത്തനങ്ങൾ എളുപ്പമാക്കുന്നതിന്റെ ഭാഗമായി രണ്ട് വർഷത്തെ ലൈസൻസ് ഫീസ് 300 ഒമാനി റിയാലായി കുറച്ചിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.






