ഓൺലൈൻ കച്ചവടക്കാർക്ക് പൂട്ടിട്ട് ഒമാൻ! ഇനി ഇ-കൊമേഴ്‌സ് ലൈസൻസ് നിർബന്ധം, ലംഘിച്ചാൽ വൻ പിഴ

വാണിജ്യ-വ്യവസായ മന്ത്രാലയമാണ് ഇത് സംബന്ധിച്ച കർശന നിർദേശം പുറപ്പെടുവിച്ചത്

ഓൺലൈൻ കച്ചവടക്കാർക്ക് പൂട്ടിട്ട് ഒമാൻ! ഇനി ഇ-കൊമേഴ്‌സ് ലൈസൻസ് നിർബന്ധം, ലംഘിച്ചാൽ വൻ പിഴ
ഓൺലൈൻ കച്ചവടക്കാർക്ക് പൂട്ടിട്ട് ഒമാൻ! ഇനി ഇ-കൊമേഴ്‌സ് ലൈസൻസ് നിർബന്ധം, ലംഘിച്ചാൽ വൻ പിഴ

ഒമാനിൽ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴിയും മറ്റ് ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ വഴിയും ഓൺലൈനായി ഉത്പന്നങ്ങളും സേവനങ്ങളും നൽകുന്ന വ്യാപാരികൾക്ക് ഇ-കൊമേഴ്‌സ് ലൈസൻസ് നിർബന്ധമാക്കി. വാണിജ്യ-വ്യവസായ മന്ത്രാലയമാണ് ഇത് സംബന്ധിച്ച കർശന നിർദേശം പുറപ്പെടുവിച്ചത്. ലൈസൻസില്ലാതെ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ വഴി കച്ചവടം നടത്തുന്നത് നിയമലംഘനമായി കണക്കാക്കും. ഓൺലൈൻ വ്യാപാര മേഖലയെ കൂടുതൽ സുതാര്യവും വിശ്വാസയോഗ്യവുമാക്കുന്നതിനും ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുമാണ് മന്ത്രാലയം ഈ പുതിയ നടപടിയുമായി രംഗത്തെത്തിയിരിക്കുന്നത്.

വീട്ടിലിരുന്ന് ചെറിയ രീതിയിൽ ബിസിനസ് നടത്തുന്നവർ, ഇൻസ്റ്റഗ്രാം പേജുകളിലൂടെ വസ്ത്രങ്ങളും സൗന്ദര്യവർധക വസ്തുക്കളും വിൽക്കുന്നവർ, വാട്സ്ആപ്പ് വഴി ഓർഡറുകൾ സ്വീകരിക്കുന്നവർ ഉൾപ്പെടെയുള്ള എല്ലാ വിഭാഗം വ്യാപാരികൾക്കും ഈ നിയമം ബാധകമാണ്. ലൈസൻസ് നേടാതെ ഓൺലൈൻ വിൽപ്പന നടത്തുന്നവരിൽ നിന്ന് 500 ഒമാൻ റിയാൽ വരെ പിഴ ഈടാക്കുമെന്നും മുന്നറിയിപ്പുണ്ട്. 18 വയസ്സ് പൂർത്തിയായ ഒമാൻ പൗരന്മാർക്ക് വ്യക്തിഗത ലൈസൻസിന് അപേക്ഷിക്കാം. അതേസമയം, രാജ്യത്തുള്ള വിദേശികൾക്ക് കമ്പനികൾ മുഖേനയും അനുബന്ധ വാണിജ്യ-നിക്ഷേപ ചട്ടങ്ങൾ പാലിച്ചും മാത്രമേ ലൈസൻസ് നേടാൻ സാധിക്കൂ.

Also Read: ഷാർജ-ദുബായ് യാത്ര ഇനി മിന്നൽ വേഗത്തിൽ; ഗതാഗതക്കുരുക്കിന് വിരാമമിട്ട് പുതിയ മേൽപ്പാലങ്ങളും റോഡ് ശൃംഖലകളും തുറന്നു!

‘ഒമാൻ ബിസിനസ് പ്ലാറ്റ്‌ഫോം’ വഴിയാണ് ലൈസൻസിനായി അപേക്ഷിക്കേണ്ടത്. വ്യാപാരികൾക്ക് തങ്ങളുടെ വാണിജ്യ രജിസ്ട്രിയിൽ ഇ-കൊമേഴ്‌സ് പ്രവർത്തനം ഉൾപ്പെടുത്തി ഒന്നു മുതൽ മൂന്ന് വർഷം വരെയുള്ള കാലാവധിയിലേക്ക് ലൈസൻസ് തിരഞ്ഞെടുക്കാം. അതോടൊപ്പം ലൈസൻസ് നേടിയ സ്റ്റോറുകളുടെ വിശ്വാസ്യത ഉറപ്പുവരുത്തുന്നതിനായി ‘മഅ്റൂഫ് ഒമാൻ’ വെബ്‌സൈറ്റ് വഴി സ്ഥാപനങ്ങളുടെ വിവരങ്ങൾ പരിശോധിക്കാൻ ഉപഭോക്താക്കൾക്ക് സൗകര്യമൊരുക്കിയിട്ടുണ്ട്.

NB: ഈ വാർത്തയിൽ ഉപയോഗിച്ചിരിക്കുന്ന ചിത്രം പ്രതീകാത്മകമാണ്. (AI SOURCES)

Share Email
Top