ഒമാൻ ബൊട്ടാണിക് ഗാർഡൻ്റെ നിർമ്മാണ പ്രവൃത്തികൾ വിജയകരമായി പൂർത്തിയാക്കി, പദ്ധതി പൈതൃക, ടൂറിസം മന്ത്രാലയം മസ്‌കത്ത് മുനിസിപ്പാലിറ്റിക്ക് കൈമാറി. ഇനി മുനിസിപ്പാലിറ്റിക്കാണ് ഗാർഡൻ്റെ നടത്തിപ്പ് ചുമതല. ഈ സുപ്രധാന നേട്ടത്തിന് സംഭാവന നൽകിയ എല്ലാവർക്കും നന്ദി അറിയിച്ച ടൂറിസം, പൈതൃക മന്ത്രി സാലിം അൽ മഹ്‌റൂഖി, ഗാർഡൻ്റെ നടത്തിപ്പ് ചുമതലയേറ്റെടുത്ത മുനിസിപ്പാലിറ്റിക്ക് വിജയാശംസകൾ നേരുകയും ചെയ്തു.
സുൽത്താനേറ്റിലെ തനതായ സസ്യജാലങ്ങളുടെ ജൈവവൈവിധ്യം സംരക്ഷിക്കുന്നതിലും, പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം വളർത്തുന്നതിലും ഈ പദ്ധതിക്ക് നിർണായകമായ പങ്കുവഹിക്കാനാവുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്. ഒമാനിൽ മാത്രം കാണപ്പെടുന്ന 20 ഇനം സസ്യങ്ങൾ ഉൾപ്പെടെ നൂറുകണക്കിന് തദ്ദേശീയ സസ്യങ്ങളെ സർവേ പ്രവർത്തനങ്ങളിലൂടെ ഇവിടെ ശേഖരിക്കുകയും രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഗവേഷണം, വിദ്യാഭ്യാസം, വിനോദം, വിദഗ്ദ്ധ ഇടപെടൽ, അതുല്യമായ സന്ദർശക അനുഭവം എന്നിവയ്ക്കായുള്ള സമഗ്രമായ ഒരു കേന്ദ്രമായി ഈ ഉദ്യാനം മാറും.
Also Read: ഒമാനിൽ ഇന്ന് കനത്ത മഴയ്ക്ക് സാധ്യത; വെള്ളപ്പൊക്ക മുന്നറിയിപ്പ്, ക്ലാസുകൾ ഓൺലൈനിലേക്ക്
ഒമാനിലെ ആദ്യത്തെ കേബിൾ കാർ സവാരി ഉൾപ്പെടെ നിരവധി ആകർഷണങ്ങൾ ഗാർഡനിലുണ്ട്. തുറന്ന കളിസ്ഥലങ്ങൾ, പരിപാടികൾക്കുള്ള പ്രത്യേക വേദികൾ, സംവേദനാത്മക മേഖലകൾ എന്നിവയും ഇവിടെ ഒരുക്കിയിട്ടുണ്ട്. 20,000 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള നഴ്‌സറിയാണ് ഉദ്യാനത്തിലെ മറ്റൊരു പ്രധാന ഘടകം. നഴ്‌സറിയിൽ മൂന്ന് ഗ്ലാസ് ഹൗസുകൾ, നാല് ഹരിതഗൃഹങ്ങൾ, തണലുള്ള പ്രദേശങ്ങൾ, തുറസ്സായ ഇടങ്ങൾ എന്നിവ ഉൾപ്പെടുന്നു. ഗാർഡനിലേക്കുള്ള പ്രവേശനം എളുപ്പമാക്കുന്നതിനായി, മസ്‌കത്ത് മുനിസിപ്പാലിറ്റി അൽ ഖൂദ് വില്ലേജ് റോഡിൽ 1.4 കിലോമീറ്റർ നീളമുള്ള രണ്ടുവരിപ്പാത ഗതാഗതത്തിനായി തുറന്നിട്ടുണ്ട്. മസ്‌കത്ത് രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ഏകദേശം 35 കിലോമീറ്റർ ദൂരമുണ്ട് ഈ ബൊട്ടാണിക് ഗാർഡനിലേക്ക്.






