വേങ്ങര: എ.ആർ. നഗർ കൊടുവായൂരിൽ ഇതരസംസ്ഥാന തൊഴിലാളിയെ തലയ്ക്കടിയേറ്റു മരിച്ചനിലയിൽ കണ്ടെത്തി. ഒഡീഷ കൊരാപുത്ത് സ്വദേശി ഇന്ദർ ബദ്ര (48) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഒഡീഷ സ്വദേശിയായ പദ്ലം ഗദാബയെ (36) വേങ്ങര പോലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച പുലർച്ചെ ഇവർ താമസിക്കുന്ന സ്വകാര്യ കെട്ടിടത്തിന്റെ ടെറസിലാണ് മൃതദേഹം കണ്ടെത്തിയത്.
തിങ്കളാഴ്ച രാത്രി പ്രതി പദ്ലം ഗദാബ കൊല്ലപ്പെട്ട ഇന്ദർ ബദ്രയുമായി വഴക്കുണ്ടാക്കിയിരുന്നു. പുലർച്ചെ മുറിയിലുണ്ടായിരുന്ന മറ്റുള്ളവരെ വിളിച്ചുണർത്തി താൻ ഇന്ദറിനെ കൊലപ്പെടുത്തിയ വിവരം പ്രതി തന്നെയാണ് അറിയിച്ചത്. സുഹൃത്തുക്കൾ ടെറസിൽ പോയിനോക്കിയപ്പോഴാണ് ഇന്ദർ ബദ്രയെ മരിച്ചനിലയിൽ കണ്ടത്. ഈ സമയം പ്രതി സ്ഥലത്തുനിന്ന് കടന്നുകളഞ്ഞു. വിവരമറിഞ്ഞെത്തിയ വേങ്ങര പോലീസ് മൊബൈൽ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ തിരച്ചിലിൽ വേങ്ങര അങ്ങാടിയിൽ നിന്ന് പ്രതിയെ പിടികൂടി.
Also Read: 12-കാരനെ ലൈംഗികമായി പീഡിപ്പിച്ചു; 63-കാരന് ഏഴുവർഷം കഠിനതടവ്
ബസിൽ കയറി രക്ഷപ്പെടാൻ ശ്രമിക്കവെയാണ് പദ്ലം ഗദാബ വലയിലായത്. കൊലപാതകത്തിനായി ഉപയോഗിച്ച ചുറ്റിക പോലീസ് കണ്ടെടുത്തിട്ടുണ്ട്. പ്രതി സ്വഭാവദൂഷ്യമുള്ളയാളാണെന്നും മുറിയിലുള്ളവരുമായി നിരന്തരം വഴക്കിടാറുണ്ടെന്നും സഹപ്രവർത്തകർ മൊഴി നൽകി. ഫൊറൻസിക് വിദഗ്ധരും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. മഞ്ചേരി മെഡിക്കൽ കോളേജിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. വേങ്ങര എസ്.എച്ച്.ഒ പ്രജീഷ്, എസ്.ഐ രഞ്ജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.






