ഓച്ചിറയിൽ പതിനാറുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ കായംകുളം പുതുപ്പള്ളി കൊച്ചയ്യത്ത് പടീറ്റതിൽ മുഹമ്മദ് നിയാസിനെതിരെ (34) കൊല്ലം സ്വദേശിനിയായ മറ്റൊരു യുവതിയും പരാതിയുമായി രംഗത്തെത്തി. തനിക്കും സമാനമായ രീതിയിൽ ദുരനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് യുവതിയുടെ പരാതിയിൽ വ്യക്തമാക്കുന്നു. ഈ പരാതി പോലീസ് നിലവിൽ പരിശോധിച്ചു വരികയാണ്. 2025 ഒക്ടോബർ മുതൽ തിരുവനന്തപുരം സ്വദേശിനിയായ മുത്തശ്ശിയോടൊപ്പം എത്തിയ പതിനാറുകാരിയെ പ്രതി പീഡിപ്പിച്ചു എന്ന മൊഴിയുടെ അടിസ്ഥാനത്തിൽ, ഡിജിറ്റൽ തെളിവുകളും ഫോൺ സംഭാഷണങ്ങളും ശേഖരിച്ച പോലീസ് പീഡനം നടന്ന സ്ഥലങ്ങളിലെത്തി തെളിവെടുപ്പ് പൂർത്തിയാക്കി.
മുഹമ്മദ് നിയാസിന്റെ മേമനയിലുള്ള മതപഠനകേന്ദ്രത്തിൽ 9 പെൺകുട്ടികളടക്കം 40 ഓളം വിദ്യാർഥികളാണ് താമസിച്ച് പഠിച്ചിരുന്നത്. ഇവിടത്തെ വിദ്യാർഥികൾക്ക് കൗൺസലിങ് നൽകാനും മൊഴി രേഖപ്പെടുത്താനും അന്വേഷണ സംഘം നടപടികൾ ആരംഭിച്ചു കഴിഞ്ഞു. ചൈൽഡ് വെൽഫെയർ കമ്മിറ്റി വിദ്യാർഥികളുടെ വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. തുടർന്ന് ഐ.സി.ഡി.എസ് സൂപ്പർവൈസർ, പഞ്ചായത്ത് ജാഗ്രത സമിതി, പോലീസ് എന്നിവരുടെ നേതൃത്വത്തിൽ ഈ സ്ഥാപനം കഴിഞ്ഞ ദിവസം അടപ്പിച്ചു.
Also Read:പാങ്ങപ്പാറ അഭിറാം കൊലക്കേസ്; രണ്ടാം പ്രതി ഉമറിന്റെ പെൺസുഹൃത്ത് കസ്റ്റഡിയിൽ
പഠനകേന്ദ്രത്തിന്റെ മറവിൽ പ്രതി നടത്തിയ സാമ്പത്തിക ഇടപാടുകളും ഭൂമി വാങ്ങിക്കൂട്ടിയതുമടക്കമുള്ള കാര്യങ്ങളെക്കുറിച്ച് പോലീസ് സമഗ്രമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കരുനാഗപ്പള്ളി എസിപി ആർ. വിനോദ് കുമാർ, കരുനാഗപ്പള്ളി പോലീസ് ഇൻസ്പെക്ടർ ജി. ഗോപകുമാർ, ഓച്ചിറ എസ്.ഐ എം. ഷമീർ എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് കേസിലെ തുടർന്നുള്ള നടപടികൾ കൈകാര്യം ചെയ്യുന്നത്.






