2026 സെപ്റ്റംബറിൽ 1,417 ഇലക്ട്രിക് മോട്ടോർസൈക്കിളുകൾ രജിസ്റ്റർ ചെയ്തുകൊണ്ട് ഒബെൻ ഇലക്ട്രിക് വിപണിയിൽ വമ്പൻ നേട്ടം കൈവരിച്ചു. കമ്പനിയുടെ എക്കാലത്തെയും ഉയർന്ന പ്രതിമാസ വിൽപ്പനയാണിത്. കേന്ദ്ര സർക്കാരിന്റെ വാഹൻ ഡാഷ്‌ബോർഡിലെ ഇലക്ട്രിക് മോട്ടോർസൈക്കിൾ നിർമ്മാതാക്കളുടെ പട്ടികയിൽ ഒന്നാം സ്ഥാനം സ്വന്തമാക്കാനും ഒബെന് സാധിച്ചു. ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയുടെ വളർച്ചയ്ക്ക് റോർ ഇവോ മോഡലാണ് പ്രധാന പങ്കുവഹിച്ചത്. ഇതോടൊപ്പം ബെംഗളൂരു നിർമ്മാണ പ്ലാന്റിലെ മൊത്തം ഉൽപ്പാദനം 10,000 യൂണിറ്റുകൾ പിന്നിടുകയും ചെയ്തു.
സെപ്റ്റംബറിൽ രാജ്യത്ത് രജിസ്റ്റർ ചെയ്ത ആകെ 3,066 ഇലക്ട്രിക് മോട്ടോർസൈക്കിളുകളിൽ 46.2 ശതമാനവും ഒബെൻ ഇലക്ട്രിക്കിന്റേതായിരുന്നു. 1,027 യൂണിറ്റുകളുമായി റിവോൾട്ട് ഇന്റലികോർപ്പ് രണ്ടാം സ്ഥാനത്തും, 536 യൂണിറ്റുകളുമായി അൾട്രാവയലറ്റ് ഓട്ടോമോട്ടീവ് മൂന്നാം സ്ഥാനത്തും എത്തി. മാറ്റർ മോട്ടോർ വർക്ക്സ് (69), റാപ്റ്റി എനർജി (17) എന്നിവയാണ് തൊട്ടുപിന്നിലുള്ള മറ്റ് കമ്പനികൾ. എന്നാൽ ഇലക്ട്രിക് സ്കൂട്ടറുകൾ കൂടി ഉൾപ്പെടുന്ന വിശാലമായ ഇരുചക്ര വാഹന വിപണിയിൽ 53,990 യൂണിറ്റുകൾ വിറ്റഴിച്ച ടിവിഎസ് മോട്ടോഴ്‌സും 48,383 യൂണിറ്റുകൾ വിറ്റഴിച്ച ബജാജ് ഓട്ടോയുമാണ് മുന്നിൽ നിൽക്കുന്നത്. ഈ വിഭാഗത്തിൽ പതിനൊന്നാം സ്ഥാനത്താണ് ഒബെൻ.
Also Read; പുതിയ എഞ്ചിനും വമ്പൻ ഫീച്ചറുകളുമായി അപ്രീലിയ SXR GT ശ്രേണി ഇന്ത്യയിൽ; വില 1.11 ലക്ഷം രൂപ മുതൽ
പ്രതിവർഷം 1 ലക്ഷം യൂണിറ്റുകൾ ഉൽപ്പാദിപ്പിക്കാൻ ശേഷിയുള്ള ബെംഗളൂരുവിലെ പ്ലാന്റാണ് ഒബെന്റെ കരുത്ത്. നിലവിൽ 18 സംസ്ഥാനങ്ങളിലെ 90-ലധികം നഗരങ്ങളിലായി 150-ലേറെ ഷോറൂമുകളും സർവീസ് സെന്ററുകളും കമ്പനിക്കുണ്ട്. ഇലക്ട്രിക് മോട്ടോർസൈക്കിളുകളിലൂടെയല്ലാതെ ഇന്ത്യയിലെ ഇലക്ട്രിക് വാഹന വിപ്ലവം പൂർണ്ണമാകില്ലെന്നും, ദിവസവും മോട്ടോർസൈക്കിളുകളെ ആശ്രയിക്കുന്ന ദശലക്ഷക്കണക്കിന് ആളുകളിലേക്ക് മികച്ച സേവനമെത്തിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും ഒബെൻ ഇലക്ട്രിക് സ്ഥാപകയും സിഇഒയുമായ മധുമിത അഗർവാൾ വ്യക്തമാക്കി.






