തിരുവനന്തപുരം കോർപ്പറേഷനിലെ 20 കൗൺസിലർമാരുടെ സത്യപ്രതിജ്ഞ സംബന്ധിച്ച ഹൈക്കോടതി വിധി പൂർണ്ണമായും അംഗീകരിക്കുന്നതായി മേയർ വി.വി. രാജേഷ് വ്യക്തമാക്കി. കോടതി നിശ്ചയിച്ച സമയപരിധിക്കുള്ളിൽ തന്നെ സത്യപ്രതിജ്ഞാ ചടങ്ങുകൾ പൂർത്തിയാക്കുമെന്നും ഇതിനായി കൗൺസിലർമാരുമായി ആലോചിച്ച് പുതിയ തീയതി തീരുമാനിക്കുമെന്നും അദ്ദേഹം അറിയിച്ചു. അപ്പീൽ പോകേണ്ടതില്ലെന്നും കോടതി വിധിയെ ബഹുമാനിക്കുന്ന നിലപാടാണ് ബി.ജെ.പിക്കുള്ളതെന്നും വി.വി. രാജേഷ് പറഞ്ഞു.
സത്യപ്രതിജ്ഞാ വിഷയത്തിൽ കോടതി വിധി തങ്ങൾക്കും മറ്റ് കൗൺസിലർമാർക്കും ബാധകമാണെന്ന് മേയർ കൂട്ടിച്ചേർത്തു. നേരത്തെ ചിലർ ദൈവങ്ങളുടെ നാമത്തിൽ സത്യപ്രതിജ്ഞ ചെയ്തതുമായി ബന്ധപ്പെട്ട നിയമവശങ്ങൾ പരിശോധിക്കും. ഈ വിഷയത്തിൽ കേസ് നൽകിയവരുടെ ഉദ്ദേശശുദ്ധിയെ ചോദ്യം ചെയ്ത മേയർ, അത് സെലക്ടീവായാണ് ചെയ്തതെന്നും ആരെയോ പ്രീണിപ്പിക്കാൻ വേണ്ടി മാത്രമാണെന്നും ആരോപിച്ചു. പ്രതിപക്ഷ കൗൺസിലർ ആണെങ്കിലും ആരും ഇത്തരം പ്രതിസന്ധികളിൽ അകപ്പെടരുത് എന്ന് കരുതുന്നതായി അദ്ദേഹം വ്യക്തമാക്കി.
Also Read:പിഎം ശ്രീ പദ്ധതിയെച്ചൊല്ലി നിയമസഭയിൽ കടുത്ത ഭരണ-പ്രതിപക്ഷ പോര്; മറുപടിയുമായി പിണറായി വിജയൻ!
അതേസമയം, ജയിലിലുള്ള കൗൺസിലർ ആർ. സുഗതൻ ഭരണത്തെ ബാധിക്കില്ലെന്നും, അദ്ദേഹത്തെ പുറത്തുകൊണ്ടുവരാൻ നിയമപരമായ നീക്കങ്ങൾ നടത്തുമെന്നും മേയർ പറഞ്ഞു. സുഗതൻ ഇല്ലാത്ത സാഹചര്യം ഭരണത്തെ തളർത്തില്ലെന്നും ജനങ്ങളുടെ പൂർണ്ണ പിന്തുണ തങ്ങൾക്കുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. ഈ മാസം 29-ന് കൗൺസിൽ യോഗം വിളിച്ചുചേർക്കുമെന്നും മേയർ വ്യക്തമാക്കി. മേയർ, ഡെപ്യൂട്ടി മേയർ തിരഞ്ഞെടുപ്പ് വീണ്ടും നടത്തേണ്ടതില്ലെന്ന കോടതി പരാമർശം പരാതിക്കാർക്ക് തിരിച്ചടിയാണെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ, ബി.ജെ.പി കൗൺസിലർമാർ സത്യപ്രതിജ്ഞാ വേളയിൽ ഗണപതിഗീതം പാടിയത് വർഗ്ഗീയ രാഷ്ട്രീയത്തിന്റെ ഭാഗമാണെന്ന് എൽ.ഡി.എഫ് കൗൺസിലർ എസ്.പി. ദീപക് വിമർശിച്ചു. 20 ദൈവങ്ങളുടെ നാമം ചൊല്ലി നിയമലംഘനമാണ് നടന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തിരുവനന്തപുരം നഗരസഭ ആർ.എസ്.എസ് കാര്യാലയം പോലെയാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. 45 ദിവസമായി കൗൺസിൽ യോഗം ചേരാത്തത് ചൂണ്ടിക്കാട്ടിയ ദീപക്, കുറ്റാരോപിതനായ കൗൺസിലർ സുഗതനെ മേയർ സംരക്ഷിക്കുകയാണെന്നും പറഞ്ഞു.






