കൊല്ലം: നഴ്സിങ് കോളേജിലെ സീനിയർ വിദ്യാർഥിനിയുമായി സൗഹൃദം സ്ഥാപിച്ചെന്ന പേരിൽ 19-കാരനായ വിദ്യാർത്ഥിക്ക് ക്രൂരമർദ്ദനം. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ കണ്ണനല്ലൂർ സ്വദേശിയായ വിദ്യാർത്ഥിയുടെ രണ്ട് വാരിയെല്ലുകൾ തകർന്നു. സംഭവത്തിൽ ചവറ സ്വദേശിയായ പ്രമോദ് കുമാറിനെ (28) തെക്കുംഭാഗം പോലീസ് അറസ്റ്റ് ചെയ്തു.
പടപ്പനാലിലെ സ്വകാര്യ നഴ്സിങ് കോളേജിൽ ഒക്ടോബർ 31-നായിരുന്നു സംഭവം. കോളേജ് വിട്ട് പടപ്പനാലിലെ തട്ടുകടയിൽ കുപ്പിവെള്ളം വാങ്ങാനെത്തിയ 19-കാരനെ പ്രതികൾ തടഞ്ഞുനിർത്തി ക്രൂരമായി മർദ്ദിക്കുകയായിരുന്നു. മർദ്ദനമേറ്റ വിദ്യാർത്ഥി കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
Also Read: മകൾക്കൊപ്പം കണ്ട് പ്രകോപനം! 22-കാരനെ ബാറ്റും പൈപ്പുമെടുത്ത് അടിച്ചുകൊന്ന് പിതാവ്
സീനിയർ വിദ്യാർത്ഥിനിയുമായി 19-കാരൻ സൗഹൃദത്തിലാണെന്ന് അറിഞ്ഞതിനെ തുടർന്ന്, പെൺകുട്ടിയുടെ സുഹൃത്തായ മിഥുൻ മനോഹറിന്റെ നിർദേശപ്രകാരമാണ് പ്രമോദും സുഹൃത്ത് അഖിലും ചേർന്ന് ആക്രമണം നടത്തിയത്. കേസിലെ മൂന്നാം പ്രതിയായ മിഥുനും ഒന്നാം പ്രതി പ്രമോദും പോലീസ് സ്റ്റേഷനുകളിലെ റൗഡി ലിസ്റ്റിലുള്ളവരും വധശ്രമം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളുമാണ്. സംഭവത്തിൽ കുറ്റകരമായ നരഹത്യ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.





