ദുബായ്: സൗദി അറേബ്യയിൽ സുരക്ഷാ കാരണങ്ങളാൽ വിപണിയിൽ നിന്ന് പിൻവലിച്ച പ്രമുഖ ബ്രാൻഡായ ‘നർഷ്’ ഫീഡിങ് ബോട്ടിലുകൾ യു.എ.ഇ വിപണിയിൽ ലഭ്യമല്ലെന്ന് റിപ്പോർട്ട്. കുഞ്ഞുങ്ങൾക്ക് ശ്വാസംമുട്ടലുണ്ടാക്കാൻ സാധ്യതയുണ്ടെന്ന് കണ്ടെത്തിയതിനെത്തുടർന്ന് സൗദി വാണിജ്യ മന്ത്രാലയം ഈ ബോട്ടിലുകൾക്ക് വിലക്കേർപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ യു.എ.ഇയിലെ പ്രമുഖ സൂപ്പർമാർക്കറ്റുകളിലും ഫാർമസികളിലും നടത്തിയ വിപുലമായ പരിശോധനയിലാണ് ഈ ഉത്പന്നം ഇവിടെ വിൽക്കുന്നില്ലെന്ന് അധികൃതർ സ്ഥിരീകരിച്ചത്.
ബോട്ടിലിന്റെ പുറംഭാഗത്തെ കട്ടിയുള്ള സംരക്ഷണപാളി ഇളകിപ്പോകാൻ സാധ്യതയുണ്ടെന്നും ഇത് കുഞ്ഞുങ്ങളുടെ ഉള്ളിൽ ചെന്നാൽ ശ്വാസംമുട്ടലിനും മറ്റ് ആരോഗ്യപ്രശ്നങ്ങൾക്കും കാരണമായേക്കാമെന്നും ചൂണ്ടിക്കാട്ടിയാണ് സൗദി അറേബ്യ ഈ ഉത്പന്നം അടിയന്തരമായി പിൻവലിക്കാൻ നിർദേശം നൽകിയത്. ഉത്പന്ന നമ്പർ ‘ബി11654’ ആയ 22 യൂണിറ്റ് ഫീഡിങ് ബോട്ടിലുകൾക്കാണ് ഈ നിർമാണപ്പിഴവ് കണ്ടെത്തിയിരിക്കുന്നത്. വിഷയം ശ്രദ്ധയിൽപ്പെട്ടയുടൻ യു.എ.ഇയിലെ പ്രമുഖ റീട്ടെയിൽ ശൃംഖലകളായ സ്പിന്നീസ്, അൽ മദീന സൂപ്പർമാർക്കറ്റ്, നൈറ്റ് ടു നൈറ്റ് സ്റ്റോറുകൾ എന്നിവടങ്ങളിലും പ്രമുഖ ഫാർമസികളിലും അധികൃതർ പരിശോധന നടത്തിയിരുന്നു. തങ്ങളുടെ ഒരു സ്റ്റോറുകളിലും ഈ ഉത്പന്നം സ്റ്റോക്കില്ലെന്ന് ഈ സ്ഥാപനങ്ങളെല്ലാം ഒരേസ്വരത്തിൽ ഉറപ്പുനൽകിയിട്ടുണ്ട്.
Also Read: വേനൽക്കാല തിരക്ക് നേരിടാൻ ദുബായ് കസ്റ്റംസ് സജ്ജം; ലഗേജ് പരിശോധന ഇനി വെറും 7 സെക്കൻഡിൽ!
നിലവിൽ യു.എ.ഇ വിപണിയിൽ ഈ ഉത്പന്നം ലഭ്യമല്ലെങ്കിലും, വിദേശയാത്രകളിൽ നിന്നോ അന്താരാഷ്ട്ര ഓൺലൈൻ വെബ്‌സൈറ്റുകൾ വഴിയോ ഈ ബോട്ടിലുകൾ വാങ്ങിയവർ അതീവ ജാഗ്രത പുലർത്തണമെന്ന് അധികൃതർ മാതാപിതാക്കൾക്ക് മുന്നറിയിപ്പ് നൽകുന്നു. ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ വഴി ശിശുസംരക്ഷണ ഉത്പന്നങ്ങൾ ഓർഡർ ചെയ്യുമ്പോൾ സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പരിശോധിക്കണമെന്നും നിർദേശമുണ്ട്. കൈവശമുള്ള ബോട്ടിലുകളുടെ ഉത്പന്ന നമ്പർ പരിശോധിച്ച്, വിലക്കേർപ്പെടുത്തിയ ബാച്ചിൽപ്പെട്ടതാണെന്ന് കണ്ടാൽ ഉടൻ തന്നെ അതിന്റെ ഉപയോഗം നിർത്തണം. തുടർന്ന് ഉത്പന്നം മാറ്റി വാങ്ങുന്നതിനോ പണം തിരികെ ലഭിക്കുന്നതിനോ നിർമാതാക്കളുമായി നേരിട്ട് ബന്ധപ്പെടണമെന്നും അധികൃതർ വ്യക്തമാക്കി.






