വിമാനങ്ങളിൽ വളർത്തുമൃഗങ്ങൾക്കൊപ്പം ഇനി സുഖമായി പറക്കാം; പുതിയ ആഗോള മാർഗനിർദേശങ്ങളുമായി ‘അയാട്ട’

ലോകമെമ്പാടും പാട്ടുകൾക്കും പൂച്ചകൾക്കുമൊപ്പം യാത്ര ചെയ്യുന്നവരുടെ എണ്ണം കുത്തനെ ഉയർന്ന സാഹചര്യത്തിലാണ് എയർലൈനുകളിലെ ആശയക്കുഴപ്പങ്ങൾ പരിഹരിക്കാൻ പുതിയ മാനദണ്ഡങ്ങൾ നിലവിൽ വന്നത്

വിമാനങ്ങളിൽ വളർത്തുമൃഗങ്ങൾക്കൊപ്പം ഇനി സുഖമായി പറക്കാം; പുതിയ ആഗോള മാർഗനിർദേശങ്ങളുമായി ‘അയാട്ട’
വിമാനങ്ങളിൽ വളർത്തുമൃഗങ്ങൾക്കൊപ്പം ഇനി സുഖമായി പറക്കാം; പുതിയ ആഗോള മാർഗനിർദേശങ്ങളുമായി ‘അയാട്ട’

ദുബായ്: വളർത്തുമൃഗങ്ങളുമായി വിമാനയാത്ര നടത്തുന്നവർക്ക് വലിയ ആശ്വാസമായി അന്താരാഷ്ട്ര വ്യോമയാന സംഘടനയായ ‘അയാട്ട’ പുതിയ ആഗോള മാർഗനിർദേശങ്ങൾ പുറത്തിറക്കി. ലോകമെമ്പാടും പാട്ടുകൾക്കും പൂച്ചകൾക്കുമൊപ്പം യാത്ര ചെയ്യുന്നവരുടെ എണ്ണം കുത്തനെ ഉയർന്ന സാഹചര്യത്തിലാണ് എയർലൈനുകളിലെ ആശയക്കുഴപ്പങ്ങൾ പരിഹരിക്കാൻ പുതിയ മാനദണ്ഡങ്ങൾ നിലവിൽ വന്നത്. ബുക്കിങ് മുതൽ ചെക്ക്-ഇൻ, സുരക്ഷാ പരിശോധന, ബോർഡിങ് വരെയുള്ള കാര്യങ്ങളിൽ ഇനി മുതൽ ഏകീകൃത സംവിധാനമായിരിക്കും ഉണ്ടാകുക.

പുതിയ നിയമപ്രകാരം പൂച്ചകൾക്കും പട്ടികൾക്കും ഇനി വിമാനത്തിലെ ക്യാബിനുള്ളിൽ യാത്രക്കാർക്ക് ഒപ്പം തന്നെ സഞ്ചരിക്കാം. ഇതിനായി അയാട്ടയുടെ ‘സി.ആർ. വൺ’ നിലവാരത്തിലുള്ള പ്രത്യേക കണ്ടെയ്നറുകൾ ഉപയോഗിക്കണം. മൃഗങ്ങൾക്ക് ഉള്ളിൽ സുഖമായി എഴുന്നേറ്റ് നിൽക്കാനും, ഇരിക്കാനും, കിടക്കാനും, തിരിഞ്ഞു കിടക്കാനുമുള്ള ആവശ്യത്തിന് സ്ഥലസൗകര്യം ഇതിൽ ഉണ്ടായിരിക്കണം. യാത്രയ്ക്ക് 48 മുതൽ 72 മണിക്കൂർ മുൻപ് തന്നെ ബുക്കിങ് നടപടികൾ പൂർത്തിയാക്കേണ്ടതാണ്. പുതിയ ബുക്കിങ് കോഡായ ‘പി.ഇ.ടി.സി’ വഴിയാണ് ഇതിനായുള്ള റിസർവേഷനുകൾ നടത്തേണ്ടത്. ആരോഗ്യ സർട്ടിഫിക്കറ്റുകളും വാക്സിനേഷൻ രേഖകളും മുൻകൂട്ടി സമർപ്പിക്കണമെന്നും നിർദേശത്തിൽ പറയുന്നു. പല ട്രാവൽ ഏജൻസി സൈറ്റുകളിലും ഈ സൗകര്യം ലഭ്യമല്ലാത്തതിനാൽ യാത്രക്കാർ നേരിട്ട് എയർലൈനുകളെ ബന്ധപ്പെടുന്നതാണ് ഏറ്റവും സുരക്ഷിതം.

Also Read: ഈന്തപ്പനകളെ കാക്കാൻ യുഎഇ; കർഷകർക്കായി സ്മാർട്ട് ആപ്പും ദേശീയ ഡാറ്റാബേസും ഒരുക്കി പുതിയ പദ്ധതി!

യാത്ര പുറപ്പെടുന്നതിന് മുൻപ് ചെക്ക്-ഇൻ വേളയിൽ മൃഗങ്ങളുടെ പ്രായം, ഇനം, ആരോഗ്യ സ്ഥിതി എന്നിവ കൃത്യമായി പരിശോധിക്കും. മൃഗങ്ങൾ അസ്വസ്ഥത പ്രകടിപ്പിക്കുകയോ കണ്ടെയ്നർ മാനദണ്ഡങ്ങൾ പാലിക്കാതിരിക്കുകയോ ചെയ്താൽ ബോർഡിങ് കർശനമായി തടയും. ടേക്ക്-ഓഫ്, ലാൻഡിങ്, ടർബുലൻസ് തുടങ്ങിയ സമയങ്ങളിൽ വളർത്തുമൃഗങ്ങൾ നിർബന്ധമായും കണ്ടെയ്നറിനുള്ളിൽ തന്നെ തുടരേണ്ടതാണ്. അടിയന്തര സാഹചര്യങ്ങളിൽ വിമാനങ്ങൾ വൈകുകയോ റദ്ദാകുകയോ ചെയ്താൽ യാത്രക്കാരെയും വളർത്തുമൃഗങ്ങളെയും മുൻകൂട്ടി അറിയിക്കാനും വിമാനത്താവള-വെറ്ററിനറി അധികൃതരുമായി സഹകരിച്ച് പ്രവർത്തിക്കാനും എയർലൈനുകൾക്ക് കർശന നിർദേശം നൽകിയിട്ടുണ്ട്. കണക്ഷൻ ഫ്ലൈറ്റുകളിൽ പെറ്റ് റിലീഫ് ഏരിയകൾ ലഭ്യമാണോ എന്ന വിവരം യാത്രക്കാരെ മുൻകൂട്ടി അറിയിക്കണം. സർവീസ് ഡോഗുകൾക്ക് നിലവിലുള്ള ഇളവുകൾ തുടരുമെന്നും, എമോഷണൽ സപ്പോർട്ട് അനിമലുകളെ ഓരോ എയർലൈനിന്റെയും നയത്തിനനുസരിച്ച് സാധാരണ വളർത്തുമൃഗങ്ങളായി പരിഗണിക്കുമെന്നും അയാട്ട വ്യക്തമാക്കിയിട്ടുണ്ട്.

NB: ഈ വാർത്തയിൽ ഉപയോഗിച്ചിരിക്കുന്ന ചിത്രം പ്രതീകാത്മകമാണ്. (AI SOURCES)

Share Email
Top