ലോകത്തിലെ ഏറ്റവും ആകർഷകമായ നഗരങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്താണ് ഫ്രാൻസിന്റെ തലസ്ഥാന നഗരമായ പാരിസ്. ഈഫൽ ടവറിൻ്റെയും സ്വാദിഷ്ടമായ ക്രോസൻ്റുകളുടെയും നോട്രെ ഡാം കത്തീഡ്രലിൻ്റെയും ചിത്രങ്ങളാണ് പലപ്പോഴും പാരിസിനെക്കുറിച്ച് ചിന്തിക്കുമ്പോൾ നമ്മുടെ മനസിലൂടെ കയറിയിറങ്ങി പോവുക. ചാരത്തിൽ നിന്ന് ഉയിർത്തെഴുന്നേറ്റ ഒരു ഫീനിക്സ് പക്ഷിയെപ്പോലെ അഞ്ചര വർഷങ്ങൾക്ക് മുൻപുണ്ടായ തീപിടിത്തത്തിൽ നാശനഷ്ടങ്ങൾ സംഭവിച്ചതിന് പിന്നാലെ അടച്ചിട്ട നോട്രെ ഡാം കത്തീഡ്രൽ പുനരുദ്ധാരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയ ശേഷം വീണ്ടും പൊതുജനങ്ങൾക്കായി തുറന്നിരിക്കുകയാണ്.
തീപിടിത്തത്തിൽ കത്തീഡ്രലിന്റെ മേൽക്കൂരയും പ്രധാന ഭാഗങ്ങളും കത്തി നശിച്ചിരുന്നു. 700 മില്യൺ യൂറോയുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്തിയ ശേഷമാണ് വീണ്ടും കത്തീഡ്രൽ തുറന്നു നൽകുന്നത്. 2019 ഏപ്രിലിലാണ് പള്ളി അഗ്നിക്കിരയാകുന്നത്. മധ്യകാലത്തെ മികച്ച കലാസൃഷ്ടിയായ നോട്രെ ഡാം പാരീസ്(അവർ ലേഡി ഓഫ് പാരീസ്) പള്ളിയുടെ മേൽക്കൂരയ്ക്ക് കാര്യമായ നാശനഷ്ടമാണ് ആ അഗ്നിബാധ വരുത്തിവച്ചത്. ഫ്രാൻസിന്റെ സാംസ്‌കാരികവും വാസ്തുവിദ്യാപരവുമായ പൈതൃകത്തിന്റെ പ്രതീകമായ 850 വർഷം പഴക്കമുള്ള പള്ളിയെ സംരക്ഷിക്കാൻ അഗ്നിശമന സേനാംഗങ്ങൾ പോരാടിയത് ദിവസങ്ങളോളമാണ്.
Also Read: അമേരിക്കയില്‍ ‘മാപ്പ് തരംഗം’ ; ട്രംപ് വിരോധികള്‍ക്കും ആശ്വാസം

2019 ഏപ്രിൽ 15 ന് ഉണ്ടായ ആ ദുരന്തത്തെ “ദേശീയ മുറിവ്” എന്നാണ് ആ രാജ്യം വിശേഷിപ്പിച്ചത്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ ക്ഷണം സ്വീകരിച്ച് 40 രാജ്യങ്ങളിൽ നിന്നുള്ള ലോകനേതാക്കൾ ചടങ്ങുകളുടെ ഭാഗമാകുമെന്നാണ് റിപ്പോർട്ട്. നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമർ സെലൻസ്‌കി, ബ്രിട്ടനിലെ വില്യം രാജകുമാരൻ, ഫ്രാൻസിസ് മാർപാപ്പ എന്നിവർ ക്ഷണിക്കപ്പെട്ട അതിഥികളിൽ ഉൾപ്പെടുന്നു.
വർഷം തോറും ലക്ഷക്കണക്കിന് വിശ്വാസികളും സന്ദർശകരുമാണ് ഇവിടെയെത്തിയിരുന്നത്. ‘നോട്രെ ഡാം പള്ളിയുടെ പുനഃരുദ്ധാരണം ഫ്രാൻസിന്റെയും നമ്മുടെ ചരിത്രത്തെയും സംസ്‌കാരത്തെയും വിലമതിക്കുന്ന എല്ലാവരുടെയും വിജയമാണ്,’ പുനരുദ്ധാരണ ചടങ്ങിന് മുന്നോടിയായുള്ള പ്രസ്താവനയിൽ ഇമ്മാനുവൽ മാക്രോൺ പറഞ്ഞു. എന്നാൽ കത്തീഡ്രലിൻ്റെ ചരിത്രം എന്താണ്? എന്തുകൊണ്ടാണ് ഫ്രഞ്ചുകാർ അതിനെ ഒരു സാംസ്കാരിക രത്നമായി കണക്കാക്കുന്നത്? ഈ മഹത്തായ വാസ്തുവിദ്യാ വിസ്മയത്തിൻ്റെ ചരിത്രത്തിന്, അതിനു ഫ്രാൻസിൻ്റെ ചരിത്രത്തിലുള്ള പങ്കിനെക്കുറിച്ച് ഒരു തിരിഞ്ഞുനോട്ടം..
നോട്രെ ഡാം കെട്ടിടം
” അവർ ലേഡി ഓഫ് പാരീസ്” എന്ന് വിവർത്തനം ചെയ്യുന്ന നോട്രെ ഡാം പാരീസിന് ഫ്രാൻസിൻ്റെ ചരിത്രവുമായി അഭേദ്യമായ ബന്ധമാണുള്ളത്. സെയ്ൻ നദിയുടെ മധ്യഭാഗത്തായി ഐലെ ഡി ലാ സിറ്റി – ഐലൻഡ് ഓഫ് ദി സിറ്റി – എന്ന ചെറിയ ദ്വീപിലാണ് നോട്രെ ഡാം സ്ഥിതിചെയ്യുന്നത്.
1160-ൽ ബിഷപ്പ് മൗറീസ് ഡി സുള്ളി മുൻകൈയെടുത്താണ് നോട്ടർ ഡാം കത്തീഡ്രലിൻ്റെ നിർമ്മാണം ആരംഭിച്ചത്. ലൂയിസ് ഏഴാമൻ രാജാവുമായുള്ള ബിഷപ്പിന്റെ സൗഹൃദം കാര്യങ്ങൾ കൂടുതൽ വേഗത്തിലാക്കി, പദ്ധതിക്ക് രാജാവ് പൂർണ്ണ പിന്തുണ അറിയിച്ചു. 1163-ൽ, അലക്സാണ്ടർ മൂന്നാമൻ മാർപാപ്പയുടെ സാന്നിധ്യത്തിൽ കെട്ടിടത്തിൻ്റെ ആദ്യത്തെ കല്ല് സ്ഥാപിച്ചു. ഇത് ഈ സ്മാരക പദ്ധതിക്ക് തുടക്കം കുറിച്ചു. എന്നാൽ, കത്തീഡ്രൽ പൂർത്തിയാകാൻ പിന്നെയും 200 വർഷമെടുത്തു. ഒടുവിൽ 1345-ൽ പൂർത്തീകരിച്ചു. ഈ കാലഘട്ടത്തിലുടനീളം, കത്തീഡ്രൽ നിരവധി രൂപാന്തരങ്ങൾക്ക് വിധേയമായി, അത് ഇന്ന് നമുക്ക് അറിയാവുന്ന ഐക്കണിക് ലാൻഡ്‌മാർക്കാക്കി കത്തീഡ്രലിനെ മാറ്റി.

Also Read: മസ്കിന്റെ റോബോട്ടും സിംഗപ്പൂരിലെ ജനനനിരക്കും
നോട്രെ ഡാം: ഒരു വാസ്തുവിദ്യാ വിസ്മയം
ഗോതിക് വാസ്തുവിദ്യയുടെ മാസ്റ്റർപീസായ നോട്രെ ഡാം ഫ്രാൻസിലെ ഏറ്റവും ശ്രദ്ധേയമായ നിർമിതികളിൽ ഒന്നാണ്. ഫ്ലൈയിംഗ് ബട്രസുകൾ അവതരിപ്പിക്കുന്ന ആദ്യത്തെ ഘടനകളിലൊന്നായി ഇത് കണക്കാക്കപ്പെടുന്നു. കനം കുറഞ്ഞ ഗോഥിക് ശൈലിയിലുള്ള ഭിത്തികൾ ഉയർത്തിപ്പിടിക്കാനും അവയിൽ വിള്ളലുകൾ ഉണ്ടാകുന്നത് തടയാനുമാണ് ഈ ഡിസൈൻ ഉദ്ദേശിച്ചത്. മാത്രമല്ല, ഫ്ലൈയിംഗ് ബട്രസുകൾ ഗോഥിക് കലയുടെ സർവസൗന്ദര്യങ്ങളുമുള്ള അടയാളമാക്കി കത്രീഡലിനെ മാറ്റി.
കത്തീഡ്രലിൻ്റെ പടിഞ്ഞാറ് ഭാഗത്ത്, 68 മീറ്റർ ഉയരമുള്ള രണ്ട് വലിയ ഗോഥിക് ശൈലിയിലുള്ള ഗോപുരങ്ങൾ ഉണ്ടായിരുന്നു. കൂടാതെ, ഗാർഗോയിലുകൾ കെട്ടിടത്തിൻ്റെ വശങ്ങളിലായി അലങ്കരിച്ചിരിക്കുന്നു. നോട്രെ ഡാമിൻ്റെ മറ്റൊരു ശ്രദ്ധേയമായ സവിശേഷത അതിന്റെ അതിശയിപ്പിക്കുന്ന റോസ് വിൻഡോകളാണ്. ഈ വലിയ വൃത്താകൃതിയിലുള്ള സ്റ്റെയിൻ-ഗ്ലാസ് ജാലകങ്ങൾ അതിമനോഹരമാണ്, കൂടാതെ ബൈബിൾ കഥകളെയും വിശുദ്ധരെയും ചിത്രീകരിക്കുന്ന പ്രതീകാത്മക ജനാലകൾ മധ്യകാല കരകൗശലത്തിൻ്റെ മാസ്റ്റർപീസുകളായി കണക്കാക്കപ്പെടുന്നവയാണ്.

നിർമ്മാണം മുതൽക്കെ തന്നെ ലോകത്തിലെ ഏറ്റവും ചരിത്രപരമായ സംഭവങ്ങളുടെ കേന്ദ്രമായി മാറിയ ഇടമാണ് നോട്രെ ഡാം കത്തീഡ്രൽ. ഉദാഹരണത്തിന്, 1431-ൽ, ഇംഗ്ലണ്ടിലെ രാജാവായ ഹെൻറി ആറാമൻ ഫ്രാൻസിൻ്റെ രാജാവായി കിരീടധാരണം നടത്തിയ സ്ഥലമായിരുന്നു നോട്രെ ഡാം. 1537-ൽ, സ്കോട്ട്ലൻഡിലെ രാജാവായ ജെയിംസ് അഞ്ചാമൻ, 1537-ൽ കത്തീഡ്രലിൽ വച്ച് ഫ്രാൻസിലെ മഡലീനെ വിവാഹം കഴിച്ചു. ഫ്രഞ്ച് വിപ്ലവകാലത്ത്, കോപാകുലരായ ജനക്കൂട്ടങ്ങളും വിപ്ലവകാരികളും മധ്യകാല ഗോഥിക് പള്ളി കൊള്ളയടിക്കുകയും ,ദേവാലയത്തിൽനിന്ന് മതാനുഷ്ഠാനങ്ങൾ ഒഴിവാക്കുകയും, അതൊരു പള്ളിയല്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. പള്ളിയുടെ മുൻഭാഗത്ത് സ്ഥാപിച്ചിരുന്ന ഇരുപതിലധികം പ്രതിമകൾ നശിപ്പിക്കപ്പെട്ടു.
Also Read: ജൊലാനിയുടെ ശക്തമായ ആക്രമണത്തില്‍ സിറിയ വീഴുന്നു?
1793-ൽ, കത്തോലിക്കാ മതത്തെ പരിഹസിക്കുന്ന വിപ്ലവകരവും മതവിരുദ്ധവുമായ ഫെസ്റ്റിവൽ ഓഫ് റീസണിൻ്റെ സ്ഥലമായി നോട്രെ ഡാം മാറി. ഇവയെല്ലാം കെട്ടടങ്ങിയതോടെ കത്തീഡ്രൽ അതിൻ്റെ പഴയ പ്രതാപത്തിലേക്ക് പുനഃസ്ഥാപിക്കുകയും 1804-ൽ നോട്രെ ഡാമിൽ വെച്ച് നെപ്പോളിയൻ ബോണപാർട്ടെ ഫ്രാൻസിൻ്റെ ചക്രവർത്തിയായി കിരീടധാരണം ചെയ്യുകയും ചെയ്തു. രണ്ട് ലോകമഹായുദ്ധങ്ങളെ അതിജീവിച്ച ചരിത്രവും കത്തീഡ്രലിനുണ്ട്, നാസി അധിനിവേശത്തിൻ്റെ അന്ത്യം കുറിക്കാൻ 1944-ൽ അതിൻ്റെ മണികൾ മുഴങ്ങി. 2001-ൽ, 9/11 ആക്രമണത്തിൽ ആക്രമിക്കപ്പെട്ട ന്യൂയോർക്കിലെ ഇരട്ട ഗോപുരങ്ങളുടെ നാശത്തെ അടയാളപ്പെടുത്താനും അതിന്റെ മണികൾ മുഴങ്ങി.

ഫ്രഞ്ച് പ്രസിഡൻ്റുമാരായ ചാൾസ് ഡി ഗല്ലെയുടെയും ഫ്രാൻസ്വാ മിത്തറാൻഡിൻ്റെയും ശവസംസ്കാരവും കത്തീഡ്രലിലാണ് നടത്തിയത്. കത്തീഡ്രൽ ഒരു ചരിത്ര വിസ്മയം മാത്രമല്ല, മതപരമായ പ്രാധാന്യം വഹിക്കുന്ന ഒന്നാണ്. കുരിശുമരണത്തിന് മുമ്പ് യേശു ധരിച്ചിരുന്നതായി വിശ്വസിക്കപ്പെടുന്ന മുൾക്കിരീടവും പതിമൂന്നാം നൂറ്റാണ്ടിലെ ഫ്രാൻസിലെ രാജാവായ സെൻ്റ് ലൂയിസ് (ലൂയിസ്) ധരിച്ചിരുന്ന കുപ്പായവും പോലുള്ള കത്തോലിക്കാ മതത്തിലെ ഏറ്റവും മൂല്യവത്തായ ചില പുരാവസ്തുക്കൾ ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. നൂറ്റാണ്ടുകളായി ഫ്രാൻസിലെ കത്തോലിക്കാജീവിതത്തിന്റെ ഹൃദയഭാഗമായി നോട്രെ ഡാമിനെ കണക്കാക്കിപ്പോരുന്നു.
മുട്ടുചുവരുകളും വൃത്താകൃതിയിലുള്ള ജാലകങ്ങളും കത്തീഡ്രലിന്റെ ഘടനയ്ക്ക് മനോഹാരിത കൂട്ടുന്നു. ഇരട്ട ഗോപുരങ്ങൾ എന്ന് തോന്നിക്കുന്ന വടക്കേ ഗോപുരവും തെക്കേ ഗോപുരവും മറ്റൊരു ആകർഷണമാണ്.
തീ പിടിച്ചത് എങ്ങനെ?
2019 ഏപ്രിൽ 15ന് വൈകുന്നേരമാണ് പള്ളിയിൽ തീപ്പിടിത്തമുണ്ടായത് ശ്രദ്ധയിൽപ്പെട്ടത്. പള്ളിയുടെ ഏറെ പ്രസിദ്ധമായ ശിഖിരം പൂർണമായും തീവിഴുങ്ങി. അത് പ്രധാന ബെൽ ടവറുകൾക്കും ഭീഷണിയുയർത്തി. മേൽക്കൂര ഭൂരിഭാഗവും തകർന്നപ്പോഴും ബെൽ ടവറുകളും കത്തീഡ്രലിന്റെ പ്രശസ്തമായ മുഖവാരവും അത്ഭുതകരമായി തീപ്പിടിത്തത്തിൽ നിന്ന് രക്ഷപ്പെട്ടു. തീപ്പിടിത്തത്തിനുള്ള കാരണം ഇപ്പോഴും വ്യക്തമായിട്ടില്ല. ഷോർട്‌സ് സർക്യൂട്ടോ അല്ലെങ്കിൽ ശരിയായ രീതിയിൽ അണയ്ക്കാത്ത സിഗരറ്റോ മൂലമാകാം തീപ്പിടിത്തമുണ്ടായതെന്ന് പിന്നീട് നടത്തിയ അന്വേഷണത്തിൽ സൂചന ലഭിച്ചു. ചരിത്രപ്രധാനമായ നാഴികക്കല്ല് തകർച്ചയുടെ വക്കിൽ തളർന്നിരിക്കുന്നത് ലോകം തെല്ല് ഞെട്ടലോയെയും അവിശ്വാസത്തോടെയുമാണ് കണ്ടത്.