ഡൽഹി: മുൻ കോൺഗ്രസ് എം.പി. സന്ദീപ് ദീക്ഷിത് നൽകിയ പരാതിയിൽ ഡൽഹി മുഖ്യമന്ത്രി അതിഷി മർലീനയ്ക്കും എഎപി എംപി സഞ്ജയ് സിംഗിനും ഡൽഹി റൂസ് അവന്യൂ കോടതി നോട്ടീസ് അയച്ചു. വരാനിരിക്കുന്ന ഡൽഹി തിരഞ്ഞടുപ്പിൽ മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെതിരെ ന്യൂഡൽഹി മണ്ഡലത്തിൽ നിന്ന് മത്സരിക്കുന്ന സ്ഥാനാർത്ഥിയാണ് ദീക്ഷിത്. ജനുവരി 27 ലേക്കാണ് മറുപടി നൽകുന്നതിനായി അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ഇരുവർക്കും നോട്ടീസ് നൽകിയിരിക്കുന്നത്. ഭാരതീയ നീതി ന്യായ സംഹിതയ്ക്ക് കീഴിൽ വരുന്ന സെക്ഷൻ 223, സെക്ഷൻ 356, തുടങ്ങിയവ പ്രകാരമാണ് അതിഷിക്കും സഞ്ജയ് സിംഗിനുമെതിരെ സന്ദീപ് പരാതി നൽകിയത്. 2024 ഡിസംബർ 26 ന് വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിനെതിരെയും പാർട്ടി പ്രതിനിധികൾക്കെതിരെയും അപകീർത്തികരമായ പരാമർശങ്ങൾ ഇരുവരും നടത്തിയെന്നാണ് ആരോപണം.
Also Read: രണ്ടിൽ കുറവ് കുട്ടികളുള്ളവരെ തിരഞ്ഞെടുപ്പിൽ വിലക്കാൻ ചന്ദ്രബാബു നായിഡു
എന്നാൽ പരാതികാരൻ ബി.ജെ.പിയിൽ നിന്നും ഐ.എൻ.സിയിൽ നിന്നും കോടികൾ കൈകൂലി വാങ്ങികൊണ്ട് തിരഞ്ഞെടുപ്പിൽ തങ്ങളെ പരാജയപ്പെടുത്താൻ ശ്രമിക്കുന്നതിന്റെ ഭാഗമാണ് പരാതിയെന്ന് ഇരുവരും പ്രതികരിച്ചു. എ.എ.പിയെ പരാജപ്പെടുത്താൻ ബിജെപിയും ഐ.എൻ.സിയും ഒത്തു കളിക്കുകയാണെന്ന് പരാതിക്കാരനെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ അതിഷി, എം.പി.സഞ്ജയ് സിങിന്റെ സാന്നിധ്യത്തിൽ ആരോപണം നടത്തി എന്നാണ് പരാതി. അതിഷി നടത്തിയ ആരോപണങ്ങൾ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിട്ടുണ്ടെന്നും സാമൂഹ്യ മാധ്യമമായ എക്സ് പോസ്റ്റിൽ പ്രസ്താവനയ്ക്ക് 30,000 ഓളം കാഴ്ചക്കാരുണ്ടെന്നും സന്ദീപ് ദീക്ഷിത് പറയുന്നു. ജനുവരി 2നാണ് അപകീർത്തി പരാമർശത്തിനെതിരെ ഇരുവർക്കും നോട്ടീസ് അയച്ചത്. എന്നാൽ പരാമർശം അടങ്ങുന്ന പോസ്റ്റ് ഇപ്പോഴും ഓൺലൈനിൽ പ്രചരിക്കപ്പെടുന്നുണ്ട്.