സ്മാർട്ട്ഫോൺ രംഗത്തെ വ്യത്യസ്തരായ നത്തിങ്ങ് തങ്ങളുടെ പുത്തൻ ‘ബി’ സീരീസിലെ ആദ്യ ഫോണായ നത്തിങ്ങ് ഫോൺ 4ബി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. പ്രീമിയം സ്മാർട്ട്ഫോൺ അനുഭവം മിഡ്-റേഞ്ച് ബഡ്ജറ്റിൽ കൂടുതൽ ഉപയോക്താക്കളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ മോഡൽ കമ്പനി പുറത്തിറക്കിയിരിക്കുന്നത്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 6 ജെൻ 4 പ്രോസസർ, കരുത്തുറ്റ 6,000 mAh ബാറ്ററി, ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള നത്തിങ്ങ് ഒഎസ് 4.1 എന്നിവയാണ് ഈ ഫോണിന്റെ പ്രധാന ആകർഷണങ്ങൾ.
ഫോണിന്റെ എട്ട് ജിബി റാം, 128 ജിബി സ്റ്റോറേജ് പതിപ്പിന് 34,999 രൂപയാണ് ഔദ്യോഗിക വില. എട്ട് ജിബി റാമും 256 ജിബി സ്റ്റോറേജ് ശേഷിയുമുള്ള ഉയർന്ന പതിപ്പിന് 38,999 രൂപ നൽകണം. എന്നാൽ, ആദ്യഘട്ടത്തിൽ ബാങ്ക് ഓഫറുകളും എക്സ്ചേഞ്ച് ആനുകൂല്യങ്ങളും ഉപയോഗിക്കുന്നവർക്ക് അടിസ്ഥാന മോഡൽ 29,999 രൂപയ്ക്കും 256 ജിബി പതിപ്പ് 33,699 രൂപയ്ക്കും സ്വന്തമാക്കാനാകും. ബ്ലാക്ക്, വൈറ്റ്, ബ്ലൂ എന്നീ നിറങ്ങളിൽ ഫോൺ ലഭ്യമാണ്. പ്രത്യേക ആർസിബി ലിമിറ്റഡ് എഡിഷനും കമ്പനി പുറത്തിറക്കിയിട്ടുണ്ട്. റെഡ് കളർ ഫിനിഷിലുള്ള ഈ പതിപ്പ് ബെംഗളൂരുവിലെ നത്തിങ്ങ് ഫ്ലാഗ്ഷിപ്പ് സ്റ്റോറിലെ പ്രത്യേക പോപ്-അപ്പ് സെയിലിലൂടെ മാത്രമാണ് ലഭിക്കുക.
നത്തിങ്ങിന്റെ ഐഡന്റിറ്റിയായ സുതാര്യമായ പിൻഭാഗം ഫോൺ 4ബിയിലും നിലനിർത്തിയിട്ടുണ്ട്. എന്നാൽ മുൻ മോഡലുകളിലെ വികേന്ദ്രീകൃതമായ ഗ്ലിഫ് ലൈറ്റുകൾക്ക് പകരം ഇത്തവണ ‘ഗ്ലിഫ് ബാർ’ എന്ന പുതിയ ഡിസൈനാണ് കമ്പനി പരീക്ഷിച്ചിരിക്കുന്നത്. 45 ചെറിയ മിനി എൽഇഡി ലൈറ്റുകൾ അടങ്ങുന്ന ഈ ബാറിന് മുൻപത്തെക്കാൾ 40 ശതമാനം വരെ കൂടുതൽ തെളിച്ചമുണ്ട്. ടൈമർ, ചാർജിങ് പ്രോഗ്രസ്, ഡെലിവറി ട്രാക്കിങ്, ക്യാമറ കൗണ്ട്ഡൗൺ, നോട്ടിഫിക്കേഷനുകൾ എന്നിവയെല്ലാം ഈ ലൈറ്റ് സ്ട്രിപ്പിലൂടെ ഉപയോക്താക്കൾക്ക് തത്സമയം അറിയാം. 4nm ആർക്കിടെക്ചറിലുള്ള ക്വാൽകോം സ്‌നാപ്ഡ്രാഗൺ 6 ജെൻ 4 ചിപ്സെറ്റാണ് ഫോണിന്റെ ഹൃദയം. ഗെയിമിങ് സമയത്ത് ഫോൺ ചൂടാകുന്നത് തടയാൻ വലിയ വേപ്പർ ചേംബർ കൂളിങ് സംവിധാനവും ഫോണിലുണ്ട്.
120 ഹെർട്സ് അഡാപ്റ്റീവ് റിഫ്രഷ് റേറ്റും 2000 നിറ്റ്സ് പീക്ക് ബ്രൈറ്റ്‌നസ്സുമുള്ള 6.77 ഇഞ്ച് സൂപ്പർ അമോലെഡ് ഡിസ്‌പ്ലേയാണ് ഇതിനുള്ളത്. സുരക്ഷയ്ക്കായി ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസറുമുണ്ട്. 6,000 mAh ശേഷിയുള്ള ഭീമൻ ബാറ്ററിയാണ് ഫോൺ 4ബിയിൽ നത്തിങ്ങ് നൽകിയിരിക്കുന്നത്. നത്തിങ്ങിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ബാറ്ററിയാണിത്. ഒറ്റ ചാർജിൽ 18 മണിക്കൂർ വരെ തുടർച്ചയായി ഉപയോഗിക്കാം. 33W ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള ഫോൺ 27 മിനിറ്റുകൊണ്ട് 50 ശതമാനവും, 80 മിനിറ്റുകൊണ്ട് പൂർണ്ണമായും ചാർജ് ചെയ്യാം. 1200 ചാർജിങ് സൈക്കിളുകൾക്ക് ശേഷവും ബാറ്ററിയുടെ ഹെൽത്ത് 90 ശതമാനമായി നിലനിൽക്കുമെന്നും കമ്പനി അവകാശപ്പെടുന്നു. ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ പിന്തുണയുള്ള 50 മെഗാപിക്സൽ സാംസങ് പ്രധാന ക്യാമറയും, 8 മെഗാപിക്സൽ അൾട്രാ വൈഡ് ക്യാമറയുമാണ് ഫോണിന്റെ പിൻഭാഗത്തുള്ളത്.
സെൽഫികൾക്കായി 16 മെഗാപിക്സൽ ക്യാമറ മുൻവശത്തുമുണ്ട്. ഗൂഗിളുമായി സഹകരിച്ച് വികസിപ്പിച്ച അൾട്രാ എക്സ്ഡിആർ ഇമേജിങ് ഇതിലുണ്ട്. 4K വീഡിയോ റെക്കോർഡിങ്ങും, മുൻ-പിൻ ക്യാമറകൾ ഒരേസമയം പ്രവർത്തിപ്പിക്കുന്ന ഡ്യുവൽ വീഡിയോ മോഡും ലഭ്യമാണ്. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള നത്തിങ്ങ് ഒഎസ് 4.1-ൽ പ്രവർത്തിക്കുന്ന ഫോണിൽ എസൻഷ്യൽ വോയ്സ്, എസൻഷ്യൽ സെർച്ച് തുടങ്ങിയ നിരവധി AI ഫീച്ചറുകളുണ്ട്. ഫോണിന് 3 ആൻഡ്രോയിഡ് ഒഎസ് അപ്‌ഡേറ്റുകളും 6 വർഷത്തെ സെക്യൂരിറ്റി അപ്‌ഡേറ്റുകളും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.






