ഇനി ഇസ്രയേൽ മാത്രമല്ല, അമേരിക്കയും സെയ്ഫല്ല, ഇറാൻ്റെ പ്രതികാരം ഏത് രൂപത്തിലാകുമെന്നതിൽ ആശങ്ക

ഇസ്രയേൽ നടത്തിയ ആക്രമണത്തിന് ഇറാൻ തിരിച്ചടിക്ക് ഒരുങ്ങുന്നതിൽ വ്യാപക ആശങ്ക. ഇസ്രയേൽ ജനതയാകെ ബങ്കറിൽ ഒളിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്. പശ്ചിമേഷ്യയിൽ വിവിധ താവളങ്ങളിലെ അമേരിക്കൻ സൈനികരും മാളത്തിൽ ഒളിച്ച അവസ്ഥയാണ് നിലവിലുള്ളത്.

ഇനി ഇസ്രയേൽ മാത്രമല്ല, അമേരിക്കയും സെയ്ഫല്ല, ഇറാൻ്റെ പ്രതികാരം ഏത് രൂപത്തിലാകുമെന്നതിൽ ആശങ്ക
ഇനി ഇസ്രയേൽ മാത്രമല്ല, അമേരിക്കയും സെയ്ഫല്ല, ഇറാൻ്റെ പ്രതികാരം ഏത് രൂപത്തിലാകുമെന്നതിൽ ആശങ്ക

ലോകത്ത് ഏറ്റവും കൂടുതല്‍ രാജ്യങ്ങളില്‍ ആക്രമണം നടത്തിയ ചരിത്രമുള്ള രാജ്യമാണ് അമേരിക്ക. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയോടെ, ലോക പൊലീസ് ചമഞ്ഞ് നടന്ന അമേരിക്കയാണ്, യുക്രെയ്‌നെ മുന്‍ നിര്‍ത്തി റഷ്യയെ പ്രകോപിപ്പിക്കുന്ന നീക്കവും നടത്തിയിരുന്നത്. യുക്രെയ്‌ന് നാറ്റോ അംഗത്വം നല്‍കാനുള്ള അമേരിക്കയുടെയും നാറ്റോ സഖ്യകക്ഷികളുടെയും നീക്കമാണ് മൂന്ന് വര്‍ഷമായിട്ടും തുടരുന്ന റഷ്യ – യുക്രെയ്ന്‍ യുദ്ധത്തിന് വഴി മരുന്നിട്ടിരുന്നത്. റഷ്യ ഇപ്പോള്‍ യഥാര്‍ത്ഥത്തില്‍ യുദ്ധം ചെയ്യുന്നത് തന്നെ, നാറ്റോ സഖ്യകക്ഷികളോടാണ്. കാരണം, അവര്‍ നല്‍കുന്ന ആയുധങ്ങളും ടെക്‌നോളജിയുമാണ് യുക്രെയ്ന്‍ സേന ഉപയോഗിച്ച് കൊണ്ടിരിക്കുന്നത്. കൂടാതെ, നാറ്റോ രാജ്യങ്ങളിലെ കൂലിപ്പട്ടാളവും യുദ്ധമുഖത്തുണ്ട്.

Also Read: ആക്രമണത്തിന് പിന്നിൽ അമേരിക്കയെന്ന് ഇറാൻ, വൻ തിരിച്ചടിക്ക് ഒരുങ്ങി ഇറാൻ സൈന്യം

കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും, ഇതുവരെ പ്രത്യേക സൈനിക നടപടിക്ക് അപ്പുറം ഒരു യുദ്ധം, യുക്രെയ്‌നു നേരെ റഷ്യ പ്രഖ്യാപിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്. ജനവാസ കേന്ദ്രങ്ങള്‍ ഒഴിവാക്കിയുള്ള ആക്രമണമാണ് നിലവില്‍ യുക്രെയ്‌നില്‍ റഷ്യ നടത്തി വരുന്നത്. യുക്രെയ്‌ന്റെ ബഹുഭൂരിപക്ഷം ഭാഗങ്ങളും ഇതിനകം തന്നെ റഷ്യ പിടിച്ചെടുത്തു കഴിഞ്ഞിട്ടുണ്ട്. ജൂതനായ യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കിയുടെ വകതിരിവില്ലാത്ത നടപടിയാണ് ആ രാജ്യത്തിന്റെ അവസാനത്തിലേക്ക് തന്നെ ഇപ്പോള്‍ കാര്യങ്ങള്‍ കൊണ്ടു പോകുന്നത്. ഇതേ അവസ്ഥയിലേക്കാണ്, ജൂത രാഷ്ട്രമായ ഇസ്രയേലും ഇപ്പോള്‍ പോകുന്നത്. ഇറാനു നേരെയുള്ള അവരുടെ ആക്രമണം സൂചിപ്പിക്കുന്നതും അതു തന്നെയാണ്. ഇവിടെയും പിന്നില്‍ നിന്നും കളിക്കുന്നത് അമേരിക്കയാണ്.

Volodymyr Zelenskyy

യുക്രെയ്‌നെ മുന്‍നിര്‍ത്തി റഷ്യയെ പ്രകോപിപ്പിച്ചതു പോലെ, ഇസ്രയേലിനെ മുന്‍ നിര്‍ത്തി ഇറാനെതിരെ കളിക്കുന്നതും അമേരിക്കയാണ്. അതുകൊണ്ടാണ് അവര്‍, ഇസ്രയേല്‍ ഇറാനെ ആക്രമിക്കുന്നതിന് തൊട്ടുമുന്‍പ് സ്വന്തം എംബസികളില്‍ നിന്നുള്‍പ്പെടെ ഉദ്യോഗസ്ഥരെ തിരിച്ചു വിളിച്ചിരിക്കുന്നത്. അമേരിക്കയുടെ സഹായമില്ലാതെ ഇറാനു നേരെ ആക്രമണം നടത്താന്‍ ഇസ്രയേലിന് കഴിയില്ലെന്നത് സമാന്യ ബോധമുള്ള ആര്‍ക്കും തന്നെ എളുപ്പത്തില്‍ മനസ്സിലാക്കാന്‍ കഴിയുന്ന കാര്യവുമാണ്. ഈ ആക്രമണത്തിനു ശേഷം, ഇസ്രയേല്‍ പ്രധാനമന്ത്രി ആദ്യം നന്ദി പറഞ്ഞിരിക്കുന്നത് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനോടാണ്. മാത്രമല്ല, തിരിച്ച് ഇറാന്‍, ഇസ്രയേലിനെ ആക്രമിച്ചാല്‍ അമേരിക്ക പ്രതിരോധിക്കുമെന്ന മുന്നറിയിപ്പും ട്രംപ് നല്‍കിയിട്ടുണ്ട്.

ഇതിന് ചുട്ട മറുപടി നല്‍കി കൊണ്ട് നൂറ് കണക്കിന് ഡ്രോണുകളും റോക്കറ്റുകളും, ഇസ്രയേലിലേക്ക് ഇറാന്‍ തൊടുത്ത് വിട്ടിട്ടുണ്ട്. അണിയറയില്‍ തയ്യാറാകുന്ന വന്‍ ആക്രമണത്തിന് മുന്‍പ്, ഇസ്രയേല്‍ പ്രതിരോധ സംവിധാനങ്ങള്‍ തകര്‍ക്കുന്നതിനുവേണ്ടിയാണ് ഇത്തരമൊരു ആക്രമണം ഇറാന്‍ നടത്തിയിരിക്കുന്നത്. ഇതോടെ, ഇസ്രയേല്‍ ഭരണകൂടം മാത്രമല്ല, അവിടുത്തെ ജനങ്ങള്‍ക്കും ബങ്കറില്‍ ഒളിക്കേണ്ട സാഹചര്യമാണുള്ളത്. പ്രതികാരത്തിനായി ഇറാന്‍ സൈന്യം പൂര്‍ണ്ണ സജ്ജമായാണ് നിലയുറപ്പിച്ചിരിക്കുന്നത്. ഇറാന്‍ അനുകൂല സംഘടനകളായ ഹിസ്ബുള്ളയും ഹൂതികളും ഉള്‍പ്പെടെ, ഇസ്രയേലിനും അമേരിക്കയ്ക്കും എതിരായ ആക്രമണത്തിന് പദ്ധതി തയ്യാറാക്കി കഴിഞ്ഞതായാണ് റിപ്പോര്‍ട്ട്.

Donald Trump

പശ്ചിമേഷ്യയിലെ അമേരിക്കന്‍ സൈനികതാവളങ്ങള്‍, എംബസികള്‍, ഇസ്രയേലിന്റെയും അമേരിക്കയുടെയും വാണിജ്യ കപ്പലുകള്‍ എന്നിവ ഏത് നിമിഷവും ആക്രമിക്കപ്പെടുമെന്ന അവസ്ഥയിലാണുള്ളത്. സൈനിക മേധാവിമാര്‍ ഉള്‍പ്പെടെ കൊല്ലപ്പെട്ട സാഹചര്യത്തില്‍ ഇറാന്റെ തിരിച്ചടി എങ്ങനെ ആയിരിക്കുമെന്ന കാര്യത്തില്‍ ലോക രാജ്യങ്ങളും ആശങ്കയിലാണ്. അതേസമയം, ഇറാനിലെ ആണവ കേന്ദ്രങ്ങള്‍ നശിപ്പിച്ചതായി ഇസ്രയേല്‍ അവകാശപ്പെടുന്നുണ്ടെങ്കിലും ഇതിനകം തന്നെ 15 ആണവായുധങ്ങള്‍ ഇറാന്‍ സ്വന്തമാക്കി കഴിഞ്ഞതായാണ് ഇറാനില്‍ നിന്നും പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ഇവ സുരക്ഷിതമായിട്ടുണ്ടെന്നും, എപ്പോള്‍ എവിടെ പ്രയോഗിക്കണമെന്നത് ഇറാന്‍ പരമോന്നത നേതാവ് തീരുമാനിക്കുമെന്നുമാണ് ഇറാന്‍ സൈനിക കേന്ദ്രങ്ങളെ ഉദ്ധരിച്ച് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

ഇറാന്റെ കൈവശം ആണവായുധമുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ അമേരിക്കയെയും ആശങ്കപ്പെടുത്തുന്നതാണ്. ആണവായുധം ഘടിപ്പിക്കാനുള്ള ദീര്‍ഘദൂര മിസൈലുകള്‍, ഇതിനകം തന്നെ റഷ്യയില്‍ നിന്നും ഇറാന്‍ സ്വന്തമാക്കിയതായി അമേരിക്കന്‍ ചാര സംഘടനയായ സി.ഐ.എയും സംശയിക്കുന്നുണ്ട്. ഇതുള്‍പ്പെടെ, മാരക ശേഷിയുള്ള നിരവധി മിസൈലുകള്‍ ഇറാന്റെ ആയുധപ്പുരയിലുണ്ട്. മധ്യേഷ്യയിലെ മുഴുവന്‍ അമേരിക്കന്‍ താവളങ്ങളും ഇറാന്റെ മിസൈല്‍ പരിധിക്കുള്ളില്‍ വരുന്നവയായതിനാല്‍ ഇസ്രയേലും അമേരിക്കയും എങ്ങനെ പ്രതിരോധിക്കുമെന്നതാണ് ഇനി കണ്ടറിയേണ്ടത്. പതിറ്റാണ്ടുകളായി തന്നെ, അമേരിക്ക മിഡില്‍ ഈസ്റ്റില്‍ സൈനിക താവളങ്ങള്‍ പ്രവര്‍ത്തിപ്പിച്ചുവരികയാണ്.

Ayatollah Ali Khamenei

കൗണ്‍സില്‍ ഓണ്‍ ഫോറിന്‍ റിലേഷന്‍സിന്റെ കണക്കനുസരിച്ച്, മേഖലയില്‍ കുറഞ്ഞത് 19 സ്ഥലങ്ങളിലായി, സ്ഥിരവും താല്‍ക്കാലികവുമായ സൈനിക സൈറ്റുകളുടെ വിശാലമായ ശൃംഖല തന്നെ അമേരിക്കയ്ക്കുണ്ട്. ഇതില്‍ എട്ടെണ്ണം ബഹ്‌റൈന്‍, ഈജിപ്ത്, ഇറാഖ്, ജോര്‍ദാന്‍, കുവൈറ്റ്, ഖത്തര്‍, സൗദി അറേബ്യ, യുഎഇ എന്നിവിടങ്ങളിലായാണ് സ്ഥിതി ചെയ്യുന്നത്. ഇറാന് വളരെ പെട്ടെന്ന് ആക്രമിക്കാന്‍ കഴിയുന്ന താവളങ്ങള്‍ കൂടിയാണിത്. 1958 ജൂലൈയില്‍ ലെബനന്‍ പ്രതിസന്ധിയുടെ സമയത്ത് ബെയ്റൂട്ടിലേക്ക് സൈനികരെ അയച്ചപ്പോഴാണ് മിഡില്‍ ഈസ്റ്റില്‍ അമേരിക്ക ആദ്യമായി സൈനികരെ വിന്യസിച്ചത്.

ഇതോടെ, ലെബനനില്‍ ഏകദേശം 15,000 നാവിക, ആര്‍മി സൈനികര്‍ അവര്‍ക്കുണ്ടായിരുന്നു. 2025 മധ്യത്തോടെ, മിഡില്‍ ഈസ്റ്റില്‍ ഏകദേശം 40,000 മുതല്‍ 50,000 വരെ അമേരിക്കന്‍ സൈനികരുണ്ട് എന്നതാണ് കണക്ക്. ഏറ്റവും കൂടുതല്‍ അമേരിക്കന്‍ സൈനികരുള്ള രാജ്യങ്ങളില്‍ ഖത്തര്‍, ബഹ്‌റൈന്‍, കുവൈറ്റ്, യുഎഇ, സൗദി അറേബ്യ എന്നിവയാണ് ഉള്‍പ്പെടുന്നത്. വ്യോമ, നാവിക പ്രവര്‍ത്തനങ്ങള്‍, പ്രാദേശിക ലോജിസ്റ്റിക്സ്, രഹസ്യാന്വേഷണ ശേഖരണം, സേനാ പ്രൊജക്ഷന്‍ എന്നിവയ്ക്കുള്ള നിര്‍ണായക കേന്ദ്രങ്ങളായും ഈ വ്യോമതാവളങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

Benjamin Netanyahu

ഈ മേഖലയിലെ ചില ശ്രദ്ധേയമായ താവളങ്ങള്‍ ഏതൊക്കെയാണ് എന്നത് ഇനി പരിശോധിക്കാം.

ഇതില്‍ പ്രധാനപ്പെട്ടത് ഖത്തറിലെ അല്‍ ഉദൈദ് എയര്‍ ബേസാണ്. 1996 ല്‍ സ്ഥാപിതമായ മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ അമേരിക്കന്‍ സൈനിക താവളമാണിത്. 60 ഏക്കര്‍ വിസ്തൃതിയുള്ള ഈ ബേസില്‍, ഏകദേശം 100 വിമാനങ്ങളും ഡ്രോണുകളും ഉണ്ട്. 10,000 സൈനികരെ ഉള്‍ക്കൊള്ളുന്ന ഈ ബേസ്, അമേരിക്കന്‍ സെന്‍ട്രല്‍ കമാന്‍ഡിന്റെ ഫോര്‍വേഡ് ആസ്ഥാനമായാണ് പ്രവര്‍ത്തിക്കുന്നത്. ഇറാഖ്, സിറിയ, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളിലെ സൈനിക പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായും മുന്‍പ് പ്രവര്‍ത്തിച്ചിട്ടുണ്ട്.

രണ്ടാമത്തേത്, ബഹ്‌റൈനിലെ നേവല്‍ സപ്പോര്‍ട്ട് ആക്ടിവിറ്റി എന്ന എന്‍എസ്എയാണ്. മുന്‍ ബ്രിട്ടീഷ് നാവിക താവളമായിരുന്ന എച്ച്എംഎസ് ജുഫൈറിന്റെ സ്ഥലത്താണ് ഈ താവളം സ്ഥിതി ചെയ്യുന്നത്. സൈനിക, സിവിലിയന്‍ സ്റ്റാഫുകള്‍ ഉള്‍പ്പെടെ ഏകദേശം 9,000 പ്രതിരോധ വകുപ്പിലെ ഉദ്യോഗസ്ഥരാണ് ഈ ബേസില്‍ ഉള്‍ക്കൊള്ളുന്നത്. അമേരിക്കന്‍ നാവികസേനയുടെ അഞ്ചാമത്തെ കപ്പലിന്റെ ആസ്ഥാനമായ ഈ ബേസ് മേഖലയിലെ കപ്പലുകള്‍, വിമാനങ്ങള്‍, ഡിറ്റാച്ച്‌മെന്റുകള്‍, വിദൂര സ്ഥലങ്ങള്‍ എന്നിവയ്ക്കാണ് സുരക്ഷ നല്‍കുന്നത്.

മൂന്നാമത്തേത്, ക്യാമ്പ് അരിഫ്ജനാണ്. കുവൈറ്റ് സിറ്റിയില്‍ നിന്ന് ഏകദേശം 55 കിലോമീറ്റര്‍ തെക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന ഒരു പ്രധാന അമേരിക്കന്‍ ആര്‍മി ബേസാണിത്. 1999 ല്‍ നിര്‍മ്മിച്ച ഈ താവളം, മിഡില്‍ ഈസ്റ്റിലെ, അമേരിക്കന്‍ സൈനിക പ്രവര്‍ത്തനങ്ങള്‍ക്കുള്ള പ്രാഥമിക ലോജിസ്റ്റിക്സ്, വിതരണ, കമാന്‍ഡ് ഹബ്ബായാണ് പ്രവര്‍ത്തിക്കുന്നത്.

Also Read: ഇറാൻ്റെ പക്കൽ 15 ആണവായുധങ്ങൾ ? ഇസ്രയേലിനും തകർക്കാൻ പറ്റിയില്ല, തിരിച്ചടി തുടങ്ങി…

നാലാമത്തേത്, യു.എ.ഇയിലെ അല്‍-ദഫ്ര എയര്‍ബേസാണ്. രഹസ്യാന്വേഷണം, രഹസ്യാന്വേഷണ ശേഖരണം, യുദ്ധ- വ്യോമ പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കല്‍. എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച ഒരു തന്ത്രപരമായ താവളം കൂടിയാണിത്. എഫ്-22 റാപ്റ്റര്‍ സ്റ്റെല്‍ത്ത് ഫൈറ്ററുകള്‍ പോലുള്ള നൂതന വിമാനങ്ങളും ഡ്രോണുകള്‍, എഡബ്ല്യുഎസിഎസ് എന്നിവയുള്‍പ്പെടെ വിവിധ നിരീക്ഷണ വിമാനങ്ങളും ഈ ബേസില്‍ സജ്ജീകരിച്ചിട്ടുണ്ട്.

അഞ്ചാമത്തേത് ഇറാഖിലെ എര്‍ബില്‍ എയര്‍ ബേസാണ്. വടക്കന്‍ ഇറാഖിലും സിറിയയിലും, വ്യോമാക്രമണത്തിനായാണ് അമേരിക്കന്‍ സേന ഈ വ്യോമ താവളത്തെ ഉപയോഗിക്കുന്നത്. ഇവിടെ സൈന്യം കുര്‍ദിഷ്, ഇറാഖി സേനകള്‍ക്ക് ഉപദേശം നല്‍കുന്നുമുണ്ട്. ഇറാന് എതിരായ ആക്രമണത്തിന്, ഈ സൈനിക താവളത്തിന്റെ സഹായം ഇസ്രയേലിന് ലഭിച്ചതായാണ് ഇറാന്‍ കരുതുന്നത്. ഈ താവളങ്ങള്‍ എല്ലാം തന്നെ, ഇപ്പോഴും ഇറാന്റെ മിസൈല്‍ പരിധിക്കുള്ളിലാണ്. അമേരിക്കയുടെയും ഇസ്രയേലിന്റെയും വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ തകര്‍ത്ത ചരിത്രം, ഇറാന് ഉള്ളതിനാല്‍, ഇറാന്റെ തിരിച്ചടിയെ പ്രതിരോധിക്കാന്‍ ശത്രുക്കള്‍ ഏറെ ബുദ്ധിമുട്ടും. അതാകട്ടെ, വ്യക്തവുമാണ്.


Express View

വീഡിയോ കാണാം

Share Email
Top