അർജന്റീനയിൽ നിന്നുള്ള ഒരു ആഡംബര കപ്പലിൽ റിപ്പോർട്ട് ചെയ്ത ഹന്റാവൈറസിന്റെ ‘ആൻഡീസ് സ്‌ട്രെയിൻ’ ആഗോളതലത്തിൽ ചർച്ചയാകുന്നു. സാധാരണ ഹന്റാവൈറസുകൾ എലികളിൽ നിന്ന് മനുഷ്യരിലേക്കാണ് പടരുന്നതെങ്കിൽ, മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് നേരിട്ട് പകരാൻ ശേഷിയുള്ള ഏക വകഭേദമാണ് ആൻഡീസ് സ്‌ട്രെയിൻ എന്നത് ഇതിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു. എംവി ഹോണ്ടിയസ് എന്ന കപ്പലിലെ യാത്രക്കാരിലും ജീവനക്കാരിലും രോഗലക്ഷണങ്ങൾ കണ്ടതിനെത്തുടർന്ന് ലോകാരോഗ്യ സംഘടന നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
Also Read: കാവേരിയുടെ തീരത്ത് മണൽ പുതച്ചൊരു ചരിത്രം; തലക്കാടിന്റെ തീരാത്ത ശാപവും വിസ്മയവും
പനി, പേശി വേദന, തലവേദന, ശ്വാസതടസ്സം തുടങ്ങിയവയാണ് ഈ വൈറസ് ബാധയുടെ പ്രധാന ലക്ഷണങ്ങൾ. ആൻഡീസ് സ്‌ട്രെയിൻ ബാധിക്കുന്നത് വഴി ശ്വാസകോശത്തെ ഗുരുതരമായി ബാധിക്കുന്ന ‘ഹന്റാവൈറസ് പൾമണറി സിൻഡ്രോം’ ഉണ്ടാകാൻ സാധ്യതയുണ്ട്. നിലവിൽ ഈ രോഗത്തിന് പ്രത്യേക വാക്സിനുകളോ മരുന്നുകളോ ലഭ്യമല്ലെങ്കിലും, കൃത്യസമയത്ത് ആശുപത്രിയിൽ എത്തിച്ച് ഓക്സിജൻ തെറാപ്പി ഉൾപ്പെടെയുള്ള സഹായങ്ങൾ നൽകുന്നത് വഴി ജീവൻ രക്ഷിക്കാൻ സാധിക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പൊതുജനങ്ങളിൽ പടരാനുള്ള സാധ്യത വളരെ കുറവാണെന്നുമാണ് ആരോഗ്യ ഏജൻസികൾ വ്യക്തമാക്കുന്നത്. വളരെ അടുത്ത സമ്പർക്കത്തിലൂടെ മാത്രമേ ഇത് ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരുകയുള്ളൂ. രോഗബാധിതരുമായി പാത്രങ്ങൾ പങ്കുവെക്കാതിരിക്കുക, കൈകൾ ഇടയ്ക്കിടെ കഴുകുക, ദക്ഷിണ അമേരിക്കൻ രാജ്യങ്ങളിൽ യാത്ര ചെയ്യുമ്പോൾ എലികളുമായുള്ള സമ്പർക്കം ഒഴിവാക്കുക തുടങ്ങിയ മുൻകരുതലുകൾ സ്വീകരിക്കുന്നത് വഴി ഈ വൈറസിനെ പ്രതിരോധിക്കാൻ സാധിക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു.





