ഫോണിൽ ഫുൾ 5ജി സിഗ്നൽ തെളിഞ്ഞുനിൽക്കുന്നത് കണ്ട് എച്ച്ഡി സിനിമകൾ ഡൗൺലോഡ് ചെയ്യാനിരിക്കുമ്പോൾ 3ജിയുടെ വേഗം പോലുമില്ലാതെ നിരാശരാകുന്നവരാണ് നമ്മളിൽ പലരും. ടെലികോം കമ്പനികൾ വഞ്ചിക്കുകയാണോ അതോ ഇതിന് പിന്നിൽ മറ്റ് സാങ്കേതിക കാരണങ്ങളാണോ ഉള്ളത് എന്ന ആശങ്കയിലാണ് ഉപയോക്താക്കൾ. 5ജി ലോഗോ ഫോണിൽ കാണിക്കുമ്പോഴും പലപ്പോഴും ഫോണുകൾ പ്രവർത്തിക്കുന്നത് പഴയ 4ജി കണക്ഷനിലാണെന്നതാണ് ഞെട്ടിക്കുന്ന യാഥാർത്ഥ്യം. ലണ്ടൻ, ബിർമിങ്ഹാം ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ പ്രധാന നെറ്റ്വർക്കുകളിൽ നടത്തിയ പതിനായിരത്തിലധികം ടെസ്റ്റുകൾ ഈ വിവരം ശരിവെക്കുന്നുണ്ട്.
യഥാർത്ഥത്തിൽ ഉയർന്ന വേഗത്തിലുള്ള ആക്ടീവ് ലിങ്ക് ഉണ്ടെന്നതിനല്ല, മറിച്ച് ആ പ്രദേശത്ത് 5ജി സിഗ്നലിന്റെ സാന്നിധ്യം ഉണ്ടെന്ന് മാത്രം കാണിക്കാനാണ് പല ഉപകരണങ്ങളും 5ജി ലോഗോ പ്രദർശിപ്പിക്കുന്നത്. കൂടുതൽ തുക നൽകി 5ജി പ്ലാനുകൾ എടുത്തവർക്ക് വാഗ്ദാനം ചെയ്ത വേഗത ലഭിക്കാത്തതിന് പ്രധാന കാരണം ഇതാണ്. സ്റ്റാൻഡേർഡ് 5ജി പ്ലാനുകളിൽ പോലും വേഗത കുറയുമ്പോൾ ഫോൺ തനിയെ 4ജി നെറ്റ്വർക്കിലേക്ക് മാറുന്ന പ്രതിഭാസവും ഇതിന് കാരണമാകുന്നുണ്ട്.
സിഗ്നലുണ്ടായിട്ടും ഇന്റർനെറ്റ് ലഭിക്കാത്തതിന് പിന്നിൽ മറ്റ് ചില സാങ്കേതിക കാരണങ്ങൾ കൂടിയുണ്ട്. തിരക്കേറിയ സമയങ്ങളിൽ ഒരേ ടവറിലേക്ക് ആയിരക്കണക്കിന് ഡിവൈസുകൾ കണക്റ്റ് ചെയ്യുമ്പോൾ ശക്തമായ സിഗ്നലുണ്ടെങ്കിലും വേഗം ലഭിക്കാതെ വരാം. കൂടാതെ ബില്ലിങ് പ്രശ്നങ്ങൾ, ഡാറ്റാ ലിമിറ്റ് തീരൽ, അക്കൗണ്ട് പ്രൊവിഷനിങ് പിഴവുകൾ എന്നിവയും കണക്റ്റിവിറ്റിയെ ബാധിക്കാറുണ്ട്. ബാക്ക്ഗ്രൗണ്ടിൽ പ്രവർത്തിക്കുന്ന വിപിഎൻ സർവീസുകളോ സെക്യൂരിറ്റി ആപ്പുകളോ തെറ്റായ എപിഎൻ സെറ്റിങ്സും ഇന്റർനെറ്റ് ട്രാഫിക് തടസ്സപ്പെടുത്തുന്ന മറ്റ് പ്രധാന ഘടകങ്ങളാണ്.
ഈ തടസ്സങ്ങൾ ലളിതമായ ചില മാർഗ്ഗങ്ങളിലൂടെ ഉപയോക്താക്കൾക്ക് പരിഹരിക്കാവുന്നതാണ്. ഫോണിൽ എയർപ്ലെയ്ൻ മോഡ് ഓൺ ചെയ്ത് കുറച്ചു സമയം കഴിഞ്ഞ് ഓഫ് ചെയ്യുകയോ ഫോൺ ഒന്ന് റീസ്റ്റാർട്ട് ചെയ്യുകയോ ചെയ്യാം. ആക്ടീവായിട്ടുള്ള വിപിഎൻ സർവീസുകൾ താൽക്കാലികമായി ഡിസേബിൾ ചെയ്യുന്നതും ഫോണിന്റെ നെറ്റ്വർക്ക് സെറ്റിങ്സ് റീസെറ്റ് ചെയ്യുന്നതും ഗുണം ചെയ്യും. എപിഎൻ സെറ്റിങ്സ് പരിശോധിച്ച് ആവശ്യമെങ്കിൽ കാരിയറുമായി ബന്ധപ്പെടുന്നത് വഴി നെറ്റ്വർക്ക് സ്പീഡ് വീണ്ടെടുക്കാൻ സാധിക്കും. ഫോണിലെ സിംബൽ മാത്രം കണ്ട് പ്രതീക്ഷിക്കുന്ന വേഗം ലഭിക്കണമെന്നില്ലെങ്കിലും, ചെറിയൊരു ട്രബിൾഷൂട്ടിങിലൂടെ ഈ പ്രശ്നങ്ങളെ ഒരു പരിധി വരെ മറികടക്കാൻ സാധിക്കുമെന്ന് വിദഗ്ധർ വ്യക്തമാക്കുന്നു.






