തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന കേസിൽ എഡിജിപി എംആർ അജിത്കുമാറിന് ക്ലീൻ ചിറ്റ് നൽകി വിജിലൻസ്. വിജിലൻസ് നടത്തിയ അന്വേഷണത്തിൽ അനധികൃത സ്വത്ത് സമ്പാദനം കണ്ടെത്താനായില്ല. പി വി അൻവർ എംഎൽഎ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു വിജിലൻസ് അന്വേഷണം.
കവടിയാർ കൊട്ടാരത്തിന് സമീപം കോടികൾ മുടക്കി ആഢംബര ബംഗ്ലാവ് നിര്‍മിക്കുന്നു എന്നായിരുന്നു അൻവറിന്റെ ആരോപണം. എന്നാൽ എസ് ബിഐയിൽ നിന്ന് ഒന്നരക്കോടി രൂപ വായ്പയെടുത്താണ് വീട് നിർമാണമെന്നാണ് കണ്ടെത്തൽ. ബാങ്ക് വായ്പയുടെ വിശദാംശങ്ങളും അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്. വീട് നിർമാണത്തെപ്പറ്റി സർക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും സ്വത്ത് വിവര പട്ടികയിൽ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും വിജിലൻസ് കണ്ടെത്തി.
Also Read: വയനാട് പുനരധിവാസം; ചർച്ച ചെയ്യാൻ ഇന്ന് പ്രത്യേക മന്ത്രിസഭാ യോഗം
അന്തിമറിപ്പോർട്ട് രണ്ടാഴ്ചയ്ക്കകം സമർപ്പിക്കും. താഴത്തെ കാർ പാര്‍ക്കിംഗ് നില ഉള്‍പ്പെടെ മൂന്നുനില കെട്ടിടമാണ് അജിത് കുമാർ കവടിയാറിൽ നിർമ്മിക്കുന്നത്. കഴിഞ്ഞ ദിവസം എം ആർ അജിത് കുമാറിന് ഡിജിപി റാങ്കിലേക്ക് സ്ഥാനക്കയറ്റം നൽകാൻ മന്ത്രിസഭ അനുമതി നൽകിയിരുന്നു. വിജിലൻസ് അന്വേഷണം നേരിടുന്നത് സ്ഥാനക്കയറ്റത്തിന് തടസ്സമല്ലെന്ന സ്ക്രീനിങ് കമ്മിറ്റിയുടെ ശുപാർശ മന്ത്രിസഭായോഗം അംഗീകരിക്കുകയായിരുന്നു.