ചെന്നൈ: ആയിരക്കണക്കിന് മലയാളികൾ ട്രെയിൻ ടിക്കറ്റ് ലഭിക്കാതെ പ്രതിസന്ധിയിൽ. തെക്കൻ കേരളത്തിലേക്കും മലബാറിലേക്കുമുള്ള ട്രെയിനുകളിൽ വിഷുവിനോട് അനുബന്ധിച്ച് ഏറ്റവും തിരക്കുള്ള 11,12 തീയതികളിൽ 3,563 പേരാണ് സ്ലീപ്പർ അടക്കമുള്ള കോച്ചുകളിൽ വെയ്റ്റ് ലിസ്റ്റിൽ കാത്തിരിക്കുന്നത്. മലബാറിനെ അപേക്ഷിച്ച് തെക്കൻ കേരളത്തിലേക്കുള്ള ട്രെയിനുകളിലാണ് കൂടുതൽ പേർ വെയ്റ്റ് ലിസ്റ്റിലുള്ളത്.
വിഷു ദിനമായ 14 തിങ്കൾ ആയതിനാലാണ് കൂടുതൽ പേരും 11നു നാട്ടിലേക്ക് പോകാൻ തയാറെടുക്കുന്നത്. തെക്കൻ കേരളത്തിലേക്കാണ് വലിയ തിരക്ക്. ദിവസേനയുള്ള തിരുവനന്തപുരം മെയിൽ, തിരുവനന്തപുരം സൂപ്പർഫാസ്റ്റ്, ആലപ്പി എക്സ്പ്രസ്, കൊല്ലം എക്സ്പ്രസ് എന്നീ ട്രെയിനുകളിലായി ആകെ 2,220 ടിക്കറ്റുകളാണ് നിലവിൽ വെയ്റ്റ് ലിസ്റ്റിൽ ഉള്ളത്.
Also Read: ‘സനാതന ധർമം പാലിക്കാൻ പോരാടി’ സ്വാമി നിത്യാനന്ദ ‘ജീവത്യാഗം’ ചെയ്തെന്ന് അനുയായി
അതേസമയം മലബാറിലേക്ക് മംഗളൂരു സൂപ്പർഫാസ്റ്റ്, മെയിൽ, വെസ്റ്റ് കോസ്റ്റ് എന്നീ ട്രെയിനുകളിലായി 1,343 പേരാണ് വെയ്റ്റ് ലിസ്റ്റിൽ തുടരുന്നത്. രാത്രി 8.10നുള്ള മെയിലിലാണ് കൂടുതൽ പേർ ബുക്ക് ചെയ്തത്.






