അമേരിക്കയുമായുള്ള സമാധാന ചർച്ചകൾക്ക് മുൻപായി ഉപാധികൾ കടുപ്പിച്ച് ഇറാൻ. ലെബനനിൽ പൂർണ്ണമായ വെടിനിർത്തൽ നടപ്പിലാക്കുക, ഉപരോധത്തെത്തുടർന്ന് വിദേശ ബാങ്കുകളിൽ മരവിപ്പിക്കപ്പെട്ട പതിനായിരക്കണക്കിന് കോടി ഡോളറിന്റെ ആസ്തികൾ വിട്ടുനൽകുക എന്നീ ആവശ്യങ്ങളാണ് ഇറാൻ പ്രധാനമായും മുന്നോട്ടുവെച്ചിരിക്കുന്നത്. ഈ നിബന്ധനകൾ അംഗീകരിക്കാതെ ചർച്ചയ്ക്കില്ലെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബഖർ ഖാലിബാഫ് വ്യക്തമാക്കി.
ഇസ്രയേൽ ലെബനനിൽ നടത്തുന്ന ആക്രമണങ്ങൾ തുടരുന്നത് സമാധാന കരാറുകളെ അട്ടിമറിക്കുമെന്ന് ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും മുന്നറിയിപ്പ് നൽകി. ചർച്ചകൾക്കായി അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് പാകിസ്ഥാനിലേക്ക് തിരിക്കുന്ന സാഹചര്യത്തിലാണ് ഇറാന്റെ ഈ പരസ്യ നിലപാട്. ആറ് ആഴ്ചയായി തുടരുന്ന സംഘർഷത്തിന് അറുതി വരുത്താൻ ഡോണൾഡ് ട്രംപ് നേരിട്ട് ഇടപെട്ടാണ് സമാധാന നീക്കങ്ങൾ സജീവമാക്കിയത്. ഇറാൻ ആത്മാർത്ഥത കാണിക്കണമെന്നും അമേരിക്കയെ പരീക്ഷിക്കാൻ മുതിരരുതെന്നും ജെ.ഡി. വാൻസ് ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്.






