പ്രത്യേക പദവിയില്ല; ആന്ധ്രയ്ക്കും ബീഹാറിനും പകരം പാക്കേജുകളെന്ന് സൂചന

പ്രത്യേക പദവിയില്ല; ആന്ധ്രയ്ക്കും ബീഹാറിനും പകരം പാക്കേജുകളെന്ന് സൂചന

ന്യൂഡല്‍ഹി: എന്‍.ഡി.എയിലെ ബിജെപി ഘടകകക്ഷികളായ ടി.ഡി.പിയും ജെ.ഡി.എസും മുന്നോട്ടുവച്ച ആന്ധ്രാപ്രദേശിനും ബീഹാറിനും പ്രത്യേക പദവി നല്‍കണമെന്ന ആവശ്യങ്ങള്‍ തള്ളപ്പെട്ടതായി സൂചന. കഴിഞ്ഞ ദിവസം നടന്ന മുന്നണി ചര്‍ച്ചയ്ക്ക് ശേഷം ഇരു പാര്‍ട്ടികളുടെയും ആവശ്യങ്ങള്‍ തള്ളിയെന്നാണ് റിപ്പോര്‍ട്ട്.

ആന്ധ്രാപ്രാദേശിന്റെയും ബീഹാറിന്റെയും സാമ്പത്തിക നിലവാരം പരിഗണിച്ചാല്‍ അവയേക്കാള്‍ പ്രത്യേക പരിഗണനയും ഉയര്‍ന്ന ഗ്രാന്റുകളും അര്‍ഹിക്കുന്ന സംസ്ഥാനങ്ങള്‍ ഇന്ത്യയില്‍ ഉണ്ടെന്നും അവയെ പരിഗണിക്കേണ്ടത് അത്യാവശ്യമാണെന്നും ബി.ജെ.പി മുന്നണി ചര്‍ച്ചയില്‍ പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

മുന്‍പ് പ്രത്യേക പദവിയുണ്ടായിരുന്ന സംസ്ഥാനങ്ങളുടെ ഫണ്ട് വിതരണം 90:10 എന്ന തോതിലും സാധാരണ സംസ്ഥാനങ്ങളുടെ ഫണ്ട് വിതരണം 60:40 എന്ന തോതും ആയിരുന്നു. എന്നാല്‍ ഇത്തവണ അതിനും മാറ്റം വന്നിരിക്കുകയാണ്.

പ്രത്യേക പദവി ലഭിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സഹായത്തോടെ നടപ്പാക്കുന്ന പദ്ധതികളില്‍ 90 ശതമാനം ഫണ്ടും നല്‍കുന്നത് കേന്ദ്രസര്‍ക്കാര്‍ തന്നെയായിരിക്കും. ബാക്കിയുള്ള 10 ശതമാനം മാത്രം സംസ്ഥാനങ്ങള്‍ കണ്ടെത്തിയാല്‍ മതി. എന്നാല്‍ പ്രത്യേക പദവികളില്ലാത്ത സംസ്ഥാനങ്ങള്‍ക്ക് 60:40 എന്ന തോതിലാണ് ഫണ്ട് വിതരണം. കേന്ദ്ര സര്‍ക്കാര്‍ 60 ശതമാനവും സംസ്ഥാന സര്‍ക്കാര്‍ ബാക്കി 40 ശതമാനവും നല്‍കണം.

ആന്ധ്രാപ്രദേശിനും ബീഹാറിനും പ്രത്യേക പദവി ഗ്രാന്റുകളോ നല്‍കാത്തത് ബി.ജെ.പിയുടെ തന്ത്രമാണെന്ന് വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്.

ഇരു സംസ്ഥാനങ്ങള്‍ക്കും പ്രത്യേക പദവി നല്‍കിയാല്‍ സഖ്യ കക്ഷികളും പ്രത്യേകിച്ച് സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന സംസ്ഥാനങ്ങളും ഇതേ ആവശ്യം ഉന്നയിച്ച് മുന്നോട്ട് വരുമോയെന്ന ഭയം ബി.ജെ.പിക്കുണ്ടെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇരു സംസ്ഥാനങ്ങള്‍ക്കും പ്രത്യേക പദവിക്ക് പകരം പാക്കേജുകള്‍ അനുവദിക്കുമെന്ന് സര്‍ക്കാര്‍ പറയുന്നുണ്ട്. ആന്ധ്രാപ്രദേശിലെ അമരാവതി നഗരം നിര്‍മിക്കാനുള്ള ഫണ്ട് കേന്ദ്രം നല്‍കുമെന്നും ചര്‍ച്ചയില്‍ പറഞ്ഞതായി വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്.

പ്രത്യേക പദവി ലഭിക്കേണ്ട സംസ്ഥാനങ്ങള്‍ അരവിന്ദ് പാനഗാരിയയുടെ നേതൃത്വത്തിലുള്ള പതിനാറാമത്തെ ഫിനാന്‍സ് കമ്മീഷന്റെ കീഴില്‍ അപേക്ഷിക്കണം. പ്രത്യേക പദവി ലഭിക്കാന്‍ അര്‍ഹരായ സംസ്ഥാനങ്ങളെ കണ്ടെത്തുന്നതിന് ഫിനാന്‍സ് കമ്മീഷന്‍ അംഗങ്ങള്‍ ഈ മാസം അവസാനത്തോടെ മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തുമെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Top