മുംബൈ: സച്ചിന്‍ ആരാധകർക്ക് ഇനി അങ്ങോട്ട് ആവേശ നിമിഷങ്ങളാണ് ഇന്ത്യൻ ക്രിക്കറ്റ് സമ്മാനിക്കാൻ പോകുന്നത്. സച്ചിന്റെ മാസ്മരിക ഇന്നിങ്‌സുകള്‍ മറക്കാത്ത ക്രിക്കറ്റ് ആരാധാകര്‍ക്കായി തിരിച്ചു വരവിനൊരുങ്ങി ക്രിക്കറ്റ് ദൈവം സച്ചിന്‍ തെണ്ടുല്‍ക്കർ. ഈ വര്‍ഷം തുടക്കമിടുന്ന അന്താരാഷ്ട്ര മാസ്‌റ്റേഴ്‌സ് ലീഗിൽ താരം ഇന്ത്യക്കായി കളിക്കും. ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, ശ്രീലങ്ക, ദക്ഷിണ ആഫ്രിക്ക, വെസ്റ്റ് ഇന്‍ഡീസ് എന്നീ ടീമുകളാണ് മാസ്റ്റേഴ്‌സ് ലീഗിലുള്ളത്.
നവംബറില്‍ മുംബൈ, ലഖ്‌നൗ, റായ്പുര്‍ എന്നിവിടങ്ങളിലായി നടക്കാനിരിക്കുന്ന ടൂര്‍ണ്ണമെന്റിന്റെ തീയതി ഇതുവരെ അന്തിമമാക്കിയിട്ടില്ല. കായിക താരങ്ങള്‍ വിരമിക്കലില്ലെന്നാണ് ഇതുമായി ബന്ധപ്പെട്ട് സച്ചിന്‍ പ്രതികരിച്ചത്. ‘ഇന്ത്യയില്‍ മാത്രമല്ല, ലോകമെമ്പാടും ക്രിക്കറ്റിന് ജനപ്രീതി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദശകത്തില്‍ ടി20 ക്രിക്കറ്റ് അതിന്റെ സ്വീകാര്യത ഉയര്‍ത്തുകയും പുതിയ ആരാധകരെ കളിയിലേക്ക് ആകര്‍ഷിക്കുകയും ചെയ്തു.
Also Read: ഒളിംപിക്സ് ജേതാക്കളെ അവഗണിച്ചു; ഇന്ത്യൻ ഒളിംപിക് അസോസിയേഷനെതിരെ പി.ടി.ഉഷ
പ്രായഭേദമന്യേ ആരാധകര്‍ക്കിടയില്‍ ഇപ്പോള്‍ വലിയ ആഗ്രഹമുണ്ട്, പുതിയ ഫോര്‍മാറ്റുകളിലുള്ള പഴയ പോരാട്ടങ്ങള്‍ക്ക് വീണ്ടും സാക്ഷിയാവുക, കായികതാരങ്ങള്‍ ഒരിക്കലും ഹൃദയംകൊണ്ട് വിരമിക്കാറില്ല, കളിക്കളത്തില്‍ തിരിച്ചെത്താനുള്ള അവസരത്തിനായി അവര്‍ കാത്തിരിക്കുന്നു’ സച്ചിന്‍ പറഞ്ഞു.
സുനില്‍ ഗവാസ്‌കറും സച്ചിൻ തെണ്ടുല്‍ക്കറും ഒരുമിച്ചാണ് ഐഎംഎല്‍ (അന്താരാഷ്ട്ര മാസ്റ്റേഴ്‌സ് ലീഗ്) ന്റെ പിന്നണിയില്‍ പ്രവര്‍ത്തിച്ചത്. ലീഗിന്റെ കമ്മിഷണറായി ഗവാസ്‌കറെയാണ് നിയമിച്ചിട്ടുള്ളത്. രാജ്യത്തെ പ്രമുഖ സ്‌പോര്‍ട്‌സ് മാനേജ്‌മെന്റ് സ്ഥാപനങ്ങളായ പിഎംജി സ്‌പോര്‍ട്‌സുമായും സ്‌പോര്‍ട്‌ഫൈവുമായും സഹകരിച്ചാണ് സച്ചിനും ഗവാസ്‌കറും ഐഎംഎല്ലിനായി പ്രവര്‍ത്തിക്കുന്നത്. ലെജന്‍ഡ്സ് ലീഗ് ക്രിക്കറ്റ്, വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് ഓഫ് ലെജന്‍ഡ്സ്, റോഡ് സേഫ്റ്റി വേള്‍ഡ് സീരീസ് തുടങ്ങിയ വിരമിച്ച അന്താരാഷ്ട്ര ക്രിക്കറ്റ് താരങ്ങള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റുകളുടെ ജനപ്രീതി കൂടി കണക്കിലെടുത്താണ് പുതിയൊരു ടൂര്‍ണ്ണമെന്റിന് പിറവിയെടുത്തിരിക്കുന്നത്.