ബെംഗളൂരു: വയനാട് മേപ്പാടിയിലെ മുണ്ടൈക്ക, ചൂരൽമല ഉരുള്‍പൊട്ടൽ ദുരന്ത ബാധിതര്‍ക്ക് വീട് വെച്ച് നൽകാമെന്ന കര്‍ണാടക സര്‍ക്കാരിന്‍റെ വാഗ്ദാനത്തിൽ കേരള സര്‍ക്കാരിൽ നിന്ന് ഇതുവരെയും മറുപടി ലഭിച്ചില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. നൂറ് വീടുകള്‍ വച്ച് നല്‍കാമെന്നായിരുന്നു കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചത്.
ചീഫ് സെക്രട്ടറി തലത്തില്‍ ചര്‍ച്ച നടന്നിരുന്നതായും എന്നാല്‍ ഇത് സംബന്ധിച്ച് പിന്നീട് മറ്റൊരു മറുപടിയും ഉണ്ടായില്ലെന്നും വാഗ്ദാനം പാലിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ ഇപ്പോഴും തയ്യാറാണെന്നും മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തില്‍ സിദ്ധരാമയ്യ പറഞ്ഞു.സര്‍ക്കാരിന് നൽകിയ വാഗ്ദാനത്തിൽ നാളിതുവരെയായിട്ടും മറുപടി ലഭിക്കാത്തതിനാൽ പദ്ധതി നടപ്പാക്കാൻ കഴിയാത്ത സാഹചര്യമാണുള്ളതെന്നും, വീടുകളുടെ നിര്‍മാണം സുഗമമാക്കാന്‍ ഭൂമി വാങ്ങാന്‍ തയ്യാറാണെന്നും കത്തില്‍ പറയുന്നു.
വയനാട് ദുരന്തത്തില്‍ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടും കേന്ദ്ര സര്‍ക്കാര്‍ ഒരുരൂപ പോലും നല്‍കിയില്ലെന്ന് മുഖ്യമന്ത്രി ഇന്നലെ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കര്‍ണാടക സര്‍ക്കാരിന്റെ സഹായ വാഗ്ദാനം.