ഡൽഹി: വായുമലിനീകരണം മൂലം ശ്വാസംമുട്ടുന്ന രാജ്യതലസ്ഥാനത്ത് ദീപാവലി ആഘോഷങ്ങളുടെ മറവിൽ വ്യാജ ഹരിത പടക്കങ്ങളുടെ വൻ വിൽപന. ഹരിത പടക്കങ്ങൾ മാത്രം വിൽക്കാനും ഉപയോഗിക്കാനും സുപ്രീം കോടതി നൽകിയ അനുമതിയുടെ മറവിലാണ് ഡൽഹിയിലെ പ്രധാന മാർക്കറ്റുകളിൽ സാധാരണ പടക്കങ്ങൾ വ്യാജ ലേബലിൽ വിറ്റഴിക്കുന്നത്. വരും ദിവസങ്ങളിൽ വ്യാജ ഹരിത പടക്കങ്ങൾ വ്യാപകമായി ഉപയോഗിക്കപ്പെടുന്നതോടെ ഡൽഹിയിലെ വായുമലിനീകരണ തോത് അതീവ ഗുരുതരമായേക്കുമെന്നാണ് മുന്നറിയിപ്പ്.
അംഗീകൃത ഹരിത പടക്കങ്ങളുടെ പാക്കറ്റുകൾക്ക് മുകളിൽ അവ തിരിച്ചറിയാനുള്ള നിർബന്ധിത ക്യൂ.ആർ കോഡുകൾ ഉണ്ടായിരിക്കണമെന്നാണ് വ്യവസ്ഥ. എന്നാൽ സദർ ബസാർ അടക്കമുള്ള പ്രധാന വിൽപന കേന്ദ്രങ്ങളിൽ ഹരിത പടക്കങ്ങൾ എന്ന വ്യാജേന വിൽക്കുന്നവയിൽ പച്ച നിറത്തിലുള്ള പാക്കറ്റുകളും ഗ്രീൻ ക്രാക്കർ എന്ന എഴുത്തും ഉണ്ടെങ്കിലും ക്യൂ.ആർ കോഡുകൾ ലഭ്യമല്ല. ജമാ മസ്ജിദ് പരിസരത്തെ പ്രമുഖ കടകൾ അടഞ്ഞുകിടക്കുകയാണെങ്കിലും ഏജന്റുമാർ വഴി ചാക്കുകളിൽ സൂക്ഷിച്ച സാധാരണ പടക്കങ്ങൾ രഹസ്യമായി വിറ്റഴിക്കുന്നതായും വിവരമുണ്ട്.
പരിശോധനകളിൽ വ്യാപകമായി വ്യാജ ഹരിത പടക്കങ്ങൾ കണ്ടെത്തുന്നുണ്ടെന്ന് അധികൃതരും സ്ഥിരീകരിക്കുന്നുണ്ട്. മുൻകൂട്ടി നിശ്ചയിച്ച ദിവസങ്ങളിൽ രാവിലെ 6 മുതൽ 7 വരെയും രാത്രി 8 മുതൽ 10 വരെയുമാണ് സർട്ടിഫൈഡ് ഹരിത പടക്കങ്ങൾ പൊട്ടിക്കാൻ കോടതി അനുമതിയുള്ളത്. എന്നാൽ ആഘോഷങ്ങൾ തുടക്കമിട്ടതോടെ തന്നെ വായുമലിനീകരണ തോത് ഇരട്ടിയായി ഉയർന്ന ഡൽഹിയിൽ വ്യാജ പടക്കങ്ങളുടെ സാന്നിധ്യം വലിയ ആശങ്കയ്ക്കാണ് വഴിവെച്ചിരിക്കുന്നത്.
NB: ഈ വാർത്തയിൽ ഉപയോഗിച്ചിരിക്കുന്ന ചിത്രം പ്രതീകാത്മകമാണ്. (AI SOURCES)






