കണ്ണൂർ: ജയിലിൽ രാഹുൽ ഈശ്വർ നിരാഹാര സമരം ചെയ്യുന്നെന്ന വാർത്തയോട് പ്രതികരിച്ച് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. രാഹുൽ ഈശ്വർ പട്ടിണി കിടന്നാൽ ഇവിടെ ആർക്കും ഒരു ചേതവുമില്ലെന്നാണ് മന്ത്രി പറഞ്ഞത്. ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവിക്കും എന്നല്ലാതെ മറ്റാർക്കാണ് പ്രശ്‌നമെന്നും, കക്ഷി രാഷ്ട്രീയത്തിന് അതീതമായി ആരും രാഹുൽ ഈശ്വറിനെ തിരിഞ്ഞുപോലും നോക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം റിമാൻഡിലായ രാഹുൽ ഈശ്വർ ജയിലിൽ നിരാഹാരസമരം തുടരുകയാണെന്ന് ഭാര്യ ദീപ രാഹുൽ ഈശ്വർ അറിയിച്ചു. “ജയിലിലേക്ക് കൊണ്ടുപോയ സമയത്ത് ജ്യൂസും ഭക്ഷണവും വാങ്ങിക്കൊടുത്തെങ്കിലും അദ്ദേഹം അത് കഴിച്ചില്ല. നിരാഹാരവുമായി മുന്നോട്ടുപോവുകയാണ്,” ദീപ വ്യക്തമാക്കി. ശബരിമല വിഷയത്തിൽ സമരരംഗത്ത് ഉണ്ടായിരുന്നപ്പോഴും രാഹുൽ ഈശ്വർ ഇതേ നിലപാടാണ് സ്വീകരിച്ചതെന്നും അവർ കൂട്ടിച്ചേർത്തു.





