വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഓഹരി കൈമാറ്റ വിവാദത്തിൽ കൃത്യമായ നിലപാട് വ്യക്തമാക്കി സ്ഥലം എംപി ശശി തരൂർ രംഗത്ത്. സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക അനുമതിയില്ലാതെ തുറമുഖത്തിന്റെ ഓഹരി കൈമാറ്റം ഒരുകാലത്തും നടക്കില്ലെന്നാണ് തന്റെ അറിവെന്നും ഇതിലെ നിയമപരമായ നടപടിക്രമങ്ങൾ കൃത്യമായി നടക്കട്ടെ എന്നുമാണ് തന്റെ നിലപാടെന്നും തരൂർ വ്യക്തമാക്കി. തുറമുഖത്തിന്റെ വളർച്ചയിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് വലിയ നിക്ഷിപ്ത താല്പര്യങ്ങളുണ്ടെന്നും ഭാവിയിൽ ലോകത്തിലെ വിവിധ പ്രമുഖ കമ്പനികളുടെ കപ്പലുകൾ വിഴിഞ്ഞത്തേക്ക് എത്തേണ്ടതുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
മുൻപ് ചൈനീസ് കമ്പനികളുടെ ബിഡ് ഉണ്ടായ സാഹചര്യത്തിൽ നമ്മൾ ടെൻഡർ റദ്ദാക്കിയ ചരിത്രമുണ്ടെന്ന് ചൂണ്ടിക്കാട്ടിയ തരൂർ, ആരും അദാനി ഗ്രൂപ്പിനെ വ്യക്തിപരമായി എതിർക്കുന്നില്ലെന്നും തുറമുഖത്തിന്റെ വികസനം അനിവാര്യമാണെന്നും കൂട്ടിച്ചേർത്തു. എന്നാൽ എല്ലാ നീക്കങ്ങളും നിലവിലുള്ള നിയമങ്ങൾ പൂർണ്ണമായി പാലിച്ചുകൊണ്ട് മാത്രമായിരിക്കണമെന്നും, കാര്യങ്ങൾ കൃത്യമായി പഠിച്ച ശേഷം മാത്രമേ സർക്കാർ ഇതിൽ അന്തിമ തീരുമാനം എടുക്കാവൂ എന്നും തരൂർ ശക്തമായി ആവശ്യപ്പെട്ടു.





