ഡബ്ലിൻ: എഐയുടെ വളർച്ച നിയന്ത്രിക്കണമെന്ന ആവശ്യങ്ങൾക്കിടെ നിലപാട് വ്യക്തമാക്കി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ വികസന വേഗത കുറയ്ക്കണമെന്ന ടെക് മേഖലയിലെ പ്രമുഖരുടെ ആവശ്യം ട്രംപ് തള്ളി. എഐയെ വിമർശിക്കുന്നവർ ‘മോശം ശക്തികൾ’ ആണെന്നും ഒരിക്കലും സംഭവിക്കാത്ത കാര്യങ്ങളാണ് അവർ ഉന്നയിക്കുന്നതെന്നും അയർലൻഡ് സന്ദർശനത്തിനിടെ മാധ്യമപ്രവർത്തകരോട് ട്രംപ് പറഞ്ഞു.
എഐ മനുഷ്യന്റെ നിയന്ത്രണത്തിനും നിലവിലെ സുരക്ഷാ മാനദണ്ഡങ്ങൾക്കും അതീതമായി വളരുകയാണെന്നും അതിനാൽ വികസനത്തിന്റെ വേഗത കുറയ്ക്കണമെന്നും ആന്ത്രോപിക് സിഇഒ ദാരിയോ അമോദെ അടുത്തിടെ മുന്നറിയിപ്പ് നൽകിയിരുന്നു. നിയന്ത്രണമില്ലാതെ എഐ വളർന്നാൽ അടുത്ത ഒരുവർഷത്തിനുള്ളിൽ തന്നെ മുഴുവൻ ഇന്റർനെറ്റിനെയും ബാധിക്കുന്ന തരത്തിലുള്ള ഭീഷണിയായി മാറാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.
ദാരിയോ അമോദെയുടെ നിലപാടിന് ഓപ്പൺഎഐ സിഇഒ സാം ആൾട്ട്മാനും ശതകോടീശ്വരൻ ഇലോൺ മസ്കും പിന്തുണ നൽകിയിരുന്നു. എഐയുടെ വളർച്ചയ്ക്കൊപ്പം സുരക്ഷാ നിയന്ത്രണങ്ങളും വേണമെന്ന ആവശ്യമാണ് ഇവർ ഉൾപ്പെടെയുള്ളവർ മുന്നോട്ടുവച്ചത്. എന്നാൽ ഇത്തരം ആശങ്കകൾക്ക് ട്രംപ് വലിയ പ്രാധാന്യം നൽകുന്നില്ലെന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം വ്യക്തമാക്കുന്നത്.
എഐ സുരക്ഷയെക്കുറിച്ചുള്ള ഇത്തരം മുന്നറിയിപ്പുകൾ അനാവശ്യമാണെന്നും നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ട സാഹചര്യമില്ലെന്നും ട്രംപ് വ്യക്തമാക്കി. എഐയുടെ അതിവേഗ വളർച്ചയെക്കുറിച്ച് ടെക് മേഖലയിലെ പ്രമുഖർ മുന്നറിയിപ്പ് നൽകുമ്പോഴാണ് അമേരിക്കൻ പ്രസിഡന്റിന്റെ ഈ നിലപാട്. എഐയുടെ വികസനവും അതിനുള്ള സുരക്ഷാ നിയന്ത്രണങ്ങളും സംബന്ധിച്ച ചർച്ചകൾ ഇതോടെ കൂടുതൽ ശക്തമാകുകയാണ്.






