കായംകുളം: സ്വന്തം മണ്ഡലത്തിൽ പരിപാടിക്കെത്തുമ്പോൾ പൊലീസ് എസ്കോർട്ടും പൈലറ്റ് വാഹനവും വേണ്ടെന്ന് മന്ത്രി എം. ലിജു. കായംകുളം മണ്ഡലത്തിലെ പരിപാടികൾക്ക് പ്രത്യേക പൊലീസ് സുരക്ഷ ആവശ്യമില്ലെന്നാണ് മന്ത്രിയുടെ നിർദേശം. സ്ഥലത്തുണ്ടായിരുന്ന കായംകുളം ഡിവൈഎസ്പിയോടാണ് മന്ത്രി നേരിട്ട് ഇക്കാര്യം ആവശ്യപ്പെട്ടത്. എന്തെങ്കിലും സാഹചര്യമുണ്ടായാൽ താൻ നോക്കിക്കൊള്ളാമെന്നും മന്ത്രി പൊലീസിനെ അറിയിച്ചതായി റിപ്പോർട്ടുണ്ട്.
കഴിഞ്ഞ ദിവസങ്ങളിൽ ആലപ്പുഴ നഗരത്തിലും കായംകുളത്തും മന്ത്രിക്കെതിരെ ബിജെപി പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധം നടന്നിരുന്നു. ആലപ്പുഴ നഗരസഭയിലെ പരിപാടിയുടെ ഉദ്ഘാടനച്ചടങ്ങിന് മന്ത്രി എത്തിയപ്പോഴായിരുന്നു ആലപ്പുഴയിലെ പ്രതിഷേധം. സംഭവത്തിൽ ആറ് ബിജെപി പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു. കായംകുളത്തും യുവമോർച്ച പ്രവർത്തകർ മന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധം നടത്തിയിരുന്നു.
തുടർച്ചയായി പ്രതിഷേധങ്ങൾ ഉണ്ടായതിനെ തുടർന്ന് മന്ത്രി എം. ലിജുവിന്റെ പൊലീസ് സുരക്ഷ വർധിപ്പിച്ചിരുന്നു. ഒരു ദിവസം തന്നെ മൂന്ന് തവണ വരെ പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് സുരക്ഷ ശക്തമാക്കിയതെന്നാണ് വിവരം. എന്നാൽ സ്വന്തം മണ്ഡലത്തിലെ പരിപാടികളിൽ പ്രത്യേക സുരക്ഷ വേണ്ടെന്ന നിലപാടാണ് മന്ത്രി ഇപ്പോൾ പൊലീസിനെ അറിയിച്ചിരിക്കുന്നത്.
മന്ത്രി നേരിട്ട് സുരക്ഷ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട സാഹചര്യത്തിൽ നിലവിലെ സുരക്ഷാ ക്രമീകരണങ്ങളിൽ മാറ്റമുണ്ടാകുമോ എന്നതാണ് ഇനി ശ്രദ്ധേയം. അതേസമയം, പൊലീസ് സുരക്ഷ തുടരുന്നതുമായി ബന്ധപ്പെട്ട് ഡി.ജി.പി തലത്തിലുള്ള ഉദ്യോഗസ്ഥർ മന്ത്രിയുമായി സംസാരിച്ച് കാര്യങ്ങൾ ബോധ്യപ്പെടുത്തിയ ശേഷമായിരിക്കും അന്തിമ തീരുമാനം എന്നാണ് വിവരം. പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ സുരക്ഷ വർധിപ്പിച്ചിരുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ പുതിയ നിർദേശം.






