ബ്രേക്ക്ഫാസ്റ്റിന് നല്ല അരിക് മൊരിഞ്ഞ, നടുഭാഗം പഞ്ഞിപോലെ മൃദുവായ പാലപ്പം ഉണ്ടെങ്കിൽ പിന്നെ മറ്റൊന്നും വേണ്ട. സാധാരണയായി അപ്പം സോഫ്റ്റാകാൻ നമ്മൾ ഈസ്റ്റോ കള്ളോ ആണ് ഉപയോഗിക്കാറുള്ളത്. എന്നാൽ ഇവയൊന്നും ഇല്ലാതെ തന്നെ മാവ് നന്നായി പുളിപ്പിക്കാനും അപ്പം നല്ല സോഫ്റ്റാക്കാനും ഒരു സ്പെഷ്യൽ ചേരുവ സഹായിക്കും. അത് മറ്റൊന്നുമല്ല, നമ്മുടെ വീട്ടിൽ തന്നെയുള്ള തേങ്ങാവെള്ളവും പഞ്ചസാരയും ചേർന്ന മിശ്രിതമാണ്.
ആവശ്യമായ ചേരുവകൾ
പച്ചരി: 1 1/2 കപ്പ്
തേങ്ങ ചിരകിയത്: 1 കപ്പ്
ചോറ്: 1/2 കപ്പ്
തേങ്ങാവെള്ളം: ഒരു തേങ്ങയുടേത്
പഞ്ചസാര: 1 ടീസ്പൂൺ
ഉപ്പ്: ആവശ്യത്തിന്
Also Read: പല്ല് തേച്ചാൽ ഹൃദയവും സുരക്ഷിതം; വായയുടെ ശുചിത്വവും ഹൃദയാരോഗ്യവും തമ്മിലെന്ത്?
തയ്യാറാക്കുന്ന വിധം
ഒന്നര കപ്പ് പച്ചരി നന്നായി കഴുകി എട്ട് മണിക്കൂർ കുതിർക്കാൻ വയ്ക്കുക. ഒരു കപ്പ് തേങ്ങ ചിരകിയതിലേക്ക് അര കപ്പ് ചോറും ആവശ്യത്തിന് ഉപ്പും കുറച്ച് വെള്ളവും ചേർത്ത് നന്നായി അരച്ചെടുക്കുക. ഇതിലേക്ക് കുതിർത്തുവെച്ച പച്ചരിയും ചേർത്ത് നല്ല മഷിപോലെ അരച്ചെടുത്ത് ഒരു പാത്രത്തിലേക്ക് മാറ്റുക. ഒരു പാത്രത്തിൽ തേങ്ങാവെള്ളം എടുത്ത് അതിലേക്ക് ഒരു ടീസ്പൂൺ പഞ്ചസാര ചേർത്ത് നന്നായി ഇളക്കുക. ഈ തേങ്ങാവെള്ളം തയ്യാറാക്കി വെച്ചിരിക്കുന്ന മാവിലേക്ക് ഒഴിച്ച് നന്നായി യോജിപ്പിക്കുക. ഈ മാവ് എട്ട് മണിക്കൂർ (അല്ലെങ്കിൽ ഒരു രാത്രി മുഴുവൻ) അടച്ചു വയ്ക്കുക. ഈസ്റ്റ് ചേർക്കാതെ തന്നെ മാവ് നന്നായി പുളിച്ചു വരുന്നത് കാണാം. മാവ് പാകത്തിന് പുളിച്ചു കഴിഞ്ഞാൽ അപ്പച്ചട്ടിയിൽ ഒഴിച്ച് നല്ല സോഫ്റ്റ് പാലപ്പങ്ങൾ ചുട്ടെടുക്കാം.






