ശരീരത്തിലെ വിഷാംശങ്ങൾ ശുദ്ധീകരിച്ച് ആരോഗ്യം നിലനിർത്തുന്നതിൽ വൃക്കകളുടെ പങ്ക് വളരെ വലുതാണ്. നിരന്തരം പ്രവർത്തിക്കുന്ന ഈ സുപ്രധാന അവയവങ്ങൾക്ക് കൃത്യമായ സംരക്ഷണം നൽകാൻ സഹായിക്കുന്ന പ്രകൃതിദത്തമായ ഒരു വഴിയാണ് നമ്മുടെയെല്ലാം അടുക്കളയിൽ സുലഭമായി കാണുന്ന പെരുംജീരകം. ഈ ഇത്തിരി കുഞ്ഞൻ വൃക്കകളെ എങ്ങനെ സംരക്ഷിക്കുമെന്ന് വിശദമാക്കുന്നു.
യു.ടി.ഐ മുതൽ വൃക്കയിലെ കല്ലുകൾ വരെ തടയും
പെരുംജീരകത്തിൽ സ്വാഭാവികമായി അടങ്ങിയിട്ടുള്ള ഘടകങ്ങൾ ശരീരത്തിൽ ഒരു ഡൈയൂററ്റിക് ഏജൻ്റായി പ്രവർത്തിക്കുന്നു. ഇത് ശരീരത്തിലെ അനാവശ്യ ദ്രാവകങ്ങളെയും വിഷവസ്തുക്കളെയും പുറന്തള്ളാൻ സഹായിക്കുകയും മൂത്രത്തിൻ്റെ ഉത്പാദനം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഈ പ്രത്യേകത കാരണം, ഉയർന്ന രക്തസമ്മർദ്ദം, യൂറിനറി ട്രാക്റ്റ് ഇൻഫെക്ഷൻ (UTI) എന്നിവയ്ക്ക് പെരുംജീരകം മികച്ചതാണ്. ഇതിനുപുറമേ, വൃക്കകളിൽ കല്ലുകൾ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കാനും ഇത് സഹായിക്കുന്നു.
Also Read: ശ്വാസകോശം മാത്രമല്ല, വയറും ശ്രദ്ധിക്കണം; മലിനവായു ദഹനപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് മുന്നറിയിപ്പ്!
വീക്കം തടഞ്ഞ് വൃക്കകളെ സംരക്ഷിക്കുന്നു
വൃക്കകളുടെ ആരോഗ്യത്തിന് ഭീഷണിയാകുന്ന പ്രധാന വെല്ലുവിളിയാണ് വീക്കം (Inflammation). തുടർച്ചയായി ഉണ്ടാകുന്ന വീക്കം വൃക്കയുടെ തകരാറിന് കാരണമാവുകയും പ്രമേഹം, രക്തസമ്മർദ്ദം തുടങ്ങിയ രോഗങ്ങളെ വഷളാക്കുകയും ചെയ്യും. വീക്കത്തെ തടയാൻ കഴിവുള്ള അനിഥോൾ, ഫ്‌ളേവോനോയ്ഡുകൾ എന്നിവ പെരുംജീരകത്തിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവ വൃക്കയിലെ വീക്കം കുറയ്ക്കുകയും അവയുടെ പ്രവർത്തനം സുഗമമാക്കുകയും ചെയ്യുന്നു.
ഓക്സിഡേറ്റീവ് നാശത്തെ കുറയ്ക്കുന്ന ആന്റിഓക്‌സിഡന്റുകൾ
സമ്മർദ്ദത്തിൽ നിന്നും സംസ്‌കരിച്ച ഭക്ഷണ പദാർത്ഥങ്ങളിൽ നിന്നുമുണ്ടാകുന്ന ഫ്രീ റാഡിക്കലുകൾ വൃക്കകൾക്ക് ഓക്‌സിഡേറ്റീവ് നാശമുണ്ടാക്കാം. പെരുംജീരകത്തിലെ ശക്തമായ ആന്റിഓക്‌സിഡന്റുകൾ ഈ ഫ്രീ റാഡിക്കലുകളെ തകർത്ത് വൃക്കയുടെ നാശം കുറയ്ക്കുന്നു. പെരുംജീരകം മുളപ്പിച്ച് കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ്, മോശം കൊളസ്‌ട്രോൾ, ദോഷകരമായ ഓക്സിഡേറ്റീവ് സ്‌ട്രെസ് മാർക്കറുകൾ എന്നിവ കുറയ്ക്കുന്നതിലൂടെ വൃക്കകളുടെ പ്രവർത്തനം മൊത്തത്തിൽ മെച്ചപ്പെടുത്തുന്നതായും പഠനങ്ങൾ പറയുന്നു.






