ടെഹ്റാൻ: പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന ശ്രമങ്ങൾ പ്രതിസന്ധിയിലായിരിക്കെ, അമേരിക്കയുമായി ഇനി ചർച്ച നടത്തുന്നതിൽ യാതൊരു അർഥവുമില്ലെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ. ചർച്ചകൾ നടന്നതിന് പിന്നാലെ ഇറാൻ വീണ്ടും ആക്രമിക്കപ്പെട്ട സാഹചര്യത്തിലാണ് അമേരിക്കയുടെ ലക്ഷ്യം സമാധാനമല്ലെന്നും ഇറാന്റെ പതനമാണെന്നും അദ്ദേഹം ആരോപിച്ചത്. ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഇർനയാണ് പെസെഷ്കിയാന്റെ പ്രസ്താവന റിപ്പോർട്ട് ചെയ്തത്.
ഇതുവരെയുള്ള ചർച്ചകൾക്ക് ശേഷം മൂന്ന് തവണയാണ് ഇറാനെ ആക്രമിച്ചതെന്ന് പെസെഷ്കിയാൻ പറഞ്ഞു. ചർച്ചയല്ല അമേരിക്കയും സഖ്യകക്ഷികളും ആഗ്രഹിക്കുന്നതെന്നും ഇറാന്റെ പതനമാണ് അവരുടെ ലക്ഷ്യമെന്നും അദ്ദേഹം ആരോപിച്ചു. എല്ലാ ദിവസവും കൊലപാതകങ്ങളും ഉപരോധങ്ങളും ഭീഷണികളും തുടരുകയും, നേരത്തെ നൽകിയ വാഗ്ദാനങ്ങൾ ലംഘിക്കുകയും ചെയ്യുന്ന ശത്രുവുമായി ചർച്ച നടത്തുന്നതിൽ യാതൊരു അർഥവുമില്ലെന്നും പെസെഷ്കിയാൻ വ്യക്തമാക്കി.
ALSO READ:ഹൂതികൾക്കെതിരെ വൻ നീക്കം; 100ലേറെ യുദ്ധവിമാനങ്ങളുമായി സൗദി സഖ്യം..! സനയിൽ ‘സ്ട്രാറ്റജിക് ഒഫൻസീവ്’
അതേസമയം, അമേരിക്ക നടത്തുന്ന യുദ്ധം സൈനിക മാർഗങ്ങളിലൂടെ പരിഹരിക്കാൻ കഴിയില്ലെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. പുതിയ ആക്രമണങ്ങൾ ഉണ്ടായാൽ ഇറാൻ ശക്തമായി പ്രതിരോധിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. സൈനിക നടപടികളോ പുതിയ ഉപരോധങ്ങളോ യുദ്ധത്തിന് പരിഹാരമാകില്ലെന്നും നീതിയും ന്യായവും അടിസ്ഥാനമാക്കിയുള്ള ചർച്ചകളിലൂടെ മാത്രമേ യുദ്ധം അവസാനിപ്പിക്കാൻ കഴിയൂവെന്നും അരാഗ്ചി ഓർമിപ്പിച്ചു.
അമേരിക്കയുമായുള്ള ചർച്ചകൾക്ക് പിന്നാലെയും ആക്രമണങ്ങളും ഉപരോധങ്ങളും തുടരുന്നുവെന്ന ഇറാന്റെ ആരോപണമാണ് ഇപ്പോഴത്തെ നിലപാടിന് പിന്നിൽ. അതിനാൽ സൈനിക നടപടികളിലൂടെ പ്രശ്നം പരിഹരിക്കാനാകില്ലെന്നും ചർച്ചകളാണ് യുദ്ധം അവസാനിപ്പിക്കാനുള്ള വഴിയെന്നും ഇറാൻ ആവർത്തിക്കുകയാണ്. പശ്ചിമേഷ്യയിലെ സംഘർഷം തുടരുന്നതിനിടെ ഇറാനും അമേരിക്കയും തമ്മിലുള്ള നിലപാടുകൾ കൂടുതൽ കടുപ്പിക്കുന്നതോടെ സമാധാന ചർച്ചകളുടെ സാധ്യതയും നിർണായക ഘട്ടത്തിലേക്ക് നീങ്ങുകയാണ്.






