CMDRF

ഗാസയിൽ ഇനിയൊരു ഉയിർത്തെഴുന്നേൽപ്പ് അസാധ്യം; പലസ്തീനികളെ തുടച്ചുനീക്കാൻ ഇസ്രയേലും അമേരിക്കയും

വെടിനിർത്തൽ ചർച്ചകൾ നീട്ടി ഗാസ നാമാവശേഷമാക്കാനുള്ള ഇസ്രയേൽ നീക്കത്തിനെതിരെ ഇതിനോടകം ലോക രാജ്യങ്ങൾ കടുത്ത നിലപാടുകൾ സ്വീകരിക്കുന്നുണ്ട്

ഗാസയിൽ ഇനിയൊരു ഉയിർത്തെഴുന്നേൽപ്പ് അസാധ്യം; പലസ്തീനികളെ തുടച്ചുനീക്കാൻ ഇസ്രയേലും അമേരിക്കയും
ഗാസയിൽ ഇനിയൊരു ഉയിർത്തെഴുന്നേൽപ്പ് അസാധ്യം; പലസ്തീനികളെ തുടച്ചുനീക്കാൻ ഇസ്രയേലും അമേരിക്കയും

ഗാസയ്‌ക്കെതിരായ ഇസ്രയേൽ വംശഹത്യ കഴിഞ്ഞ 11 മാസമായി പെയ്തിറങ്ങുകയാണ്. ഔദ്യോഗിക മരണസംഖ്യ 40,000 കവിഞ്ഞു, എന്നാൽ യഥാർത്ഥ കണക്കുകൾ അതിനും മുകളിലാണ്. ഇതിനിടെ അത്യുഗ്രശേഷിയുള്ള രണ്ടായിരം പൗണ്ട് അമേരിക്കൻ നിർമിത ബോംബുകൾ അൽമവാസി ക്യാമ്പിൽ തീതുപ്പി. സുരക്ഷിതമേഖലയെന്ന് ഇസ്രയേൽ സൈന്യം പ്രഖ്യാപിച്ചിട്ടുള്ള അൽമവാസിയിലെ ഉഗ്രസ്ഫോടനങ്ങളുടെ ആഘാതത്തിൽ ഭൂമി പിളർന്ന് വൻ ഗർത്തം രൂപമെടുത്തു. നൂറുകണക്കിന് പലസ്തീനികൾ മണ്ണിനടിയിലായി. ഗാസയുടെ മറ്റ് ഭാഗങ്ങളിൽനിന്ന് പലായനം ചെയ്ത അഭയാർഥികൾ അന്തിയുറങ്ങിയ ഡസൻ കണക്കിന് കൂടാരങ്ങൾ കത്തിനശിച്ചു. മരണക്കെണിയായി മാറിയ ഗാസയിലെ ഇസ്രയേൽ ക്രൂരത ഇനിയും നോക്കിയിരിക്കുന്നത് തുടരാനാവില്ല. വെടിനിർത്തൽ ചർച്ചകൾ നീട്ടി ഗാസ നാമാവശേഷമാക്കാനുള്ള ഇസ്രയേൽ നീക്കത്തിനെതിരെ ഇതിനോടകം ലോക രാജ്യങ്ങൾ കടുത്ത നിലപാടുകൾ സ്വീകരിക്കുന്നുണ്ട്.

Benjamin Netanyahu

ഗാസയിൽ നടക്കുന്ന കൊടുംക്രൂരതകളെയും മനുഷ്യത്വരഹിത പ്രവർത്തികളെയും കണ്ടുനിൽക്കാനാവില്ലെന്ന് വ്യക്തമാക്കിയ കാനഡ ഇസ്രയേലിന് ആയുധം വിതരണം ചെയ്യുന്നതിന് നിലവിലുള്ള 30 ഓളം പെർമിറ്റുകൾ റദ്ദാക്കി. ഇസ്രയേലിന് പ്രതിവർഷം കോടിക്കണക്കിന് ഡോളർ സൈനികസഹായം നൽകുന്ന അമേരിക്കയുടെ പ്രധാന സഖ്യകക്ഷിയായ കാനഡയുടെ നടപടിയിൽ ഇസ്രയേലിന് കടുത്ത അമർഷമുണ്ട്. ഗാസയിൽ വെടിനിർത്തൽ നീളുന്നത് ആപൽക്കരമായ സാഹചര്യം സൃഷ്ടിക്കുമെന്ന് യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് പ്രതികരിച്ചു. എന്നാൽ അതുകൊണ്ട് മാത്രം തീരുന്ന പ്രശ്നങ്ങളല്ല ഗാസയിലുള്ളത്. ഗാസയിൽ നിന്ന് മറ്റിടങ്ങളിലേക്ക് പലസ്തീനികളെ നാടുകടത്തി സ്ഥലം ഇസ്രായേലിന്റേതാക്കണമെന്നാണ് നെതന്യാഹുവിന്റെ സ്വപ്നം.

പട്ടിണി, മോശമായ സാനിറ്ററി സാഹചര്യങ്ങൾ, ജലദൗർബല്യം, മരുന്നുകളുടെ അഭാവം തുടങ്ങി നവജാതശിശുക്കളുടെയും ഗർഭിണികളുടെയും കൂട്ടക്കുരുതിയടക്കം നരകതുല്യമായി മാറിയ ഗാസയ്ക്ക് ഇനി യുദ്ധാനന്തരവും ഒരു ഉയിർത്തെഴുന്നേൽപ്പ് അസാധ്യമാണ്. പിന്നെയുള്ളത് പലായനമാണ്. എന്നാൽ പലസ്തീനികളെ സംബന്ധിച്ചിടത്തോളം ഒരു ഒഴിഞ്ഞുപോക്ക് താത്കാലികമായി പോലും വളരെ ബുദ്ധിമുട്ടുള്ള വിഷയമാണ്. ഗാസയിലെ ജീവിക്കാൻ യോഗ്യമല്ലാത്ത സാഹചര്യങ്ങൾ ഇസ്രയേലും പശ്ചിമേഷ്യയിലെ അതിന്റെ സഖ്യകക്ഷികളും ചേർന്ന് ബോധപൂർവം സൃഷ്ടിച്ചതാണ്. പലസ്തീൻ ജനതയെ ഈജിപ്ത്, സൗദി അറേബ്യ, തുർക്കി, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, കാനഡ എന്നിവിടങ്ങളിലേക്ക് നാടുകടത്താനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങൾ ഇസ്രയേൽ അവലംബിച്ചിരുന്നു.

Also read: യുക്രെയിനിൽ നിന്നും റഷ്യയ്ക്ക് ആവശ്യമുള്ളതെല്ലാം നേടി, ഇനി സമവായം, ഇന്ത്യയ്ക്കും സുവർണ്ണാവസരം

War

ഇസ്രയേൽ ഭരണകൂടവും അമേരിക്കൻ സഖ്യകക്ഷികളും പലസ്തീനികളെ അവരുടെ മാതൃരാജ്യത്ത് നിന്ന് പുറത്താക്കാനുള്ള പദ്ധതികളെ പരസ്യമായി അംഗീകരിച്ചിട്ടുമുണ്ട്. ഈജിപ്തിലെ എൽ അരിഷിൽ അഭയാർഥികളുടെ പുനരധിവാസത്തിനായി കൂടാര നഗരങ്ങൾ നിർമിക്കാൻ ഇസ്രയേൽ മുൻകൈ എടുത്തതും അതിനായി അമേരിക്ക ഇസ്രയേലിന് നൽകിയ ധനസഹായവുമെല്ലാം അതിന്റെ ഭാഗമാണ്. ഈജിപ്തിലെ സിനായ് ഉപദ്വീപിലേക്ക് പലസ്തീനികളെ സ്വീകരിക്കാൻ ഇസ്രയേലും സഖ്യകക്ഷികളും കെയ്‌റോയ്ക്ക് മേൽ കടുത്ത സമ്മർദ്ദവും ചെലുത്തിയിട്ടുണ്ട്.

എന്നാൽ പലസ്തീനികളെ നാടുകടത്താനുള്ള നിർദ്ദേശത്തെ രാഷ്ട്രീയ സ്പെക്ട്രത്തിലുടനീളമുള്ള പലസ്തീൻ വിഭാഗങ്ങൾ അപലപിച്ചു. പുറത്താക്കലിലെ അനീതി തിരിച്ചറിഞ്ഞ അവർ ഇസ്രായേൽ വിരുദ്ധ സയണിസ്റ്റുകൾക്കൊപ്പം ചേർന്ന് നീക്കത്തിനെതിരെ തിരിഞ്ഞു. പലസ്തീനിനുള്ളിൽ താൽക്കാലികവും സ്വമേധയാ ഉള്ളതുമായ ഒഴിപ്പിക്കലിന് ആഹ്വാനം ചെയ്യുകയും, മറ്റ് രാജ്യങ്ങളിലേക്ക് നാടുകടത്തുന്നത് തടുക്കാനുള്ള ശ്രമങ്ങളും നടത്തി. പകരം, ഗാസ പുനർനിർമിക്കുമ്പോൾ ഇസ്രയേൽ അതിർത്തിക്കുള്ളിൽ വരുന്ന ചരിത്രപരമായ പലസ്തീന്റെ താൽക്കാലിക താമസസ്ഥലങ്ങളിൽ കുടിയൊഴിപ്പിക്കപ്പെട്ടവരെ പാർപ്പിക്കാനുമുള്ള ആവശ്യം മുന്നോട്ടുവെച്ചു.

Also read: ‘അമേരിക്കൻ ചതിയുടെ കളങ്കം പേറുന്ന രാജവാഴ്ച’ ലോകം കാത്തിരുന്നത് ഈ 18 കാരനായി

1948 ലെ അറബ്- ഇസ്രയേൽ യുദ്ധത്തിനിടെയും പലസ്തീനികൾക്കുനേരെ ആക്രമണം അഴിച്ചുവിട്ട ജൂത മിലീഷ്യകൾ അവരെ പുറത്താക്കുകയും താമസകേന്ദ്രങ്ങൾ തീയിട്ട് നശിപ്പിക്കുകയും ചെയ്തു. പലസ്തീൻ എന്ന രാജ്യത്തെ ഭൂമിശാസ്ത്രപരമായി ഇല്ലാതാക്കാൻ അനവധി ഗ്രാമങ്ങളെ ഇസ്രയേലിന്റെ സായുധസേന ഛിന്നഭിന്നമാക്കി. പലസ്തീന്റെ മൂന്നിലൊന്ന് ഭാഗവും ഇസ്രായേലിലാണെന്ന് ഔദ്യോഗികമായി അവരോധിക്കപ്പെട്ടതോടെ ഏഴു ലക്ഷത്തോളം പലസ്തീൻകാരെ പുറത്താക്കാനുള്ള തീരുമാനമുണ്ടായി. ഒരിക്കലും മടങ്ങിവരാത്ത തരത്തിൽ മനുഷ്യരെ പൂട്ടിയിടാനായുള്ള ശ്രമങ്ങൾ ആസൂത്രണം ചെയ്യപ്പെട്ടു. മടക്കം നിഷേധിക്കപ്പെട്ടതിനാൽ അയൽരാജ്യങ്ങളായ ലബനൻ, സിറിയ, ജോർദാൻ എന്നിവിടങ്ങളിൽ അഭയം തേടിയവർ പിന്നീട് വളർന്ന് 60 ലക്ഷത്തോളമായി ഉയർന്നു. അന്ന് പലസ്തീനിന്റെ മറ്റു ഭാഗങ്ങളിൽനിന്ന് കുടിയേറിയവരുടെ പിൻതലമുറയാണ് ഇന്ന് ഗാസ ജനസംഖ്യയുടെ 74 ശതമാനവും.

ആക്രമണം അവസാനിപ്പിക്കാൻ അന്താരാഷ്ട്ര നീതിന്യായ കോടതി നിർദ്ദേശം നൽകിയിട്ടും, ഇസ്രായേൽ സായുധസേന മനുഷ്യത്വരഹിതമായ ആക്രമണം തുടരുകയാണ്. തകർത്ത് തരിപ്പണമാക്കിയ ഗാസയുടെ അടിസ്ഥാന സൗകര്യങ്ങളിലേറെയും ഇതിനകം നാമാവശേഷമായി കഴിഞ്ഞതിനാൽ എവിടെ താമസിക്കുമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.

REPORT: MINNU WILSON

Top