അബുദാബി: എമിറേറ്റിലെ സൂപ്പർമാർക്കറ്റുകളിലും ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലും ജങ്ക് ഫുഡ് ഘട്ടംഘട്ടമായി ഒഴിവാക്കാനുള്ള നിർണായക തീരുമാനവുമായി അബുദാബി സർക്കാർ. ഉയർന്ന അളവിൽ കൊഴുപ്പും ഉപ്പും പഞ്ചസാരയും അടങ്ങിയ ഭക്ഷണപദാർഥങ്ങളും പാനീയങ്ങളും ഉപഭോക്താക്കൾ പെട്ടെന്ന് ആകർഷിക്കപ്പെടുന്ന പ്രധാന ഭാഗങ്ങളിൽ നിന്ന് മാറ്റുന്ന പുതിയ നയം 2027 ജനുവരി ഒന്നുമുതൽ ഔദ്യോഗികമായി നടപ്പാക്കും.
ഹെൽത്തി ലിവിങ്, അബുദാബി രജിസ്‌ട്രേഷൻ അതോറിറ്റി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് ഈ ആരോഗ്യകരമായ പദ്ധതിക്ക് രൂപം നൽകിയിരിക്കുന്നത്. ഹൈപ്പർമാർക്കറ്റുകളുടെയും സൂപ്പർമാർക്കറ്റുകളുടെയും പ്രവേശന കവാടങ്ങൾ, ബില്ലിങ് കാഷ് കൗണ്ടറുകൾ, വരികളുടെ മുൻനിരകൾ തുടങ്ങിയ ‘പ്രലോഭന മേഖലകളിൽ’ ഇനി ഇത്തരം അനാരോഗ്യകരമായ ഉത്പന്നങ്ങൾ പ്രദർശിപ്പിക്കാൻ പാടില്ല.
Also Read: അൽഐൻ ഈന്തപ്പഴ മേള സമാപിച്ചു; കാർഷിക പൈതൃകം വിളിച്ചോതി ഷെയ്ഖ് ഹസ്സ ബിൻ സായിദിന്റെ സന്ദർശനം
ഓൺലൈൻ സൂപ്പർമാർക്കറ്റുകളുടെ ഹോംപേജുകൾ, സെർച്ച് റിസൾട്ടുകൾ, ചെക്ക്ഔട്ട് പേജുകൾ, പ്രൊമോഷണൽ പോപ്പ്-അപ്പുകൾ എന്നിവയിലും ഇത്തരം ഭക്ഷ്യ ഉത്പന്നങ്ങൾ പ്രധാനമായി പ്രദർശിപ്പിക്കുന്നതിന് കർശന നിയന്ത്രണമുണ്ട്. 4,000 ചതുരശ്ര അടിക്ക് മുകളിൽ വിസ്തൃതിയുള്ള വലിയ സൂപ്പർമാർക്കറ്റുകൾക്കാണ് ഈ നിയമം പ്രധാനമായും ബാധകമാവുന്നത്. കാർഫോർ പോലുള്ള പ്രമുഖ സ്ഥാപനങ്ങൾ ഇതിനോടകം തന്നെ പുതിയ മാറ്റങ്ങൾ തങ്ങളുടെ സ്റ്റോറുകളിൽ നടപ്പിലാക്കിക്കഴിഞ്ഞു.
എന്നാൽ, ഉപഭോക്താക്കളുടെ വ്യക്തിഗത തിരഞ്ഞെടുപ്പുകളെ തടസ്സപ്പെടുത്തുകയോ ഇത്തരം ഉത്പന്നങ്ങളുടെ വിൽപ്പന പൂർണ്ണമായി നിരോധിക്കുകയോ അല്ല അധികൃതർ ലക്ഷ്യമിടുന്നത്. മറിച്ച്, കടകളിൽ കയറുമ്പോൾ പെട്ടെന്ന് ഇത്തരം സാധനങ്ങൾ വാങ്ങിപ്പോകുന്ന പ്രവണത കുറയ്ക്കാനും സമൂഹത്തിൽ ആരോഗ്യകരമായ ഭക്ഷണരീതികൾ പ്രോത്സാഹിപ്പിക്കാനുമാണ് ഈ നടപടി. ഉത്പന്നങ്ങൾ പതിവ് റാക്കുകളിൽ ലഭ്യമായിരിക്കുമെങ്കിലും മുൻനിര ദൃശ്യപരതയാണ് ഒഴിവാക്കുന്നത്.
കുട്ടികളിൽ ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ വളർത്തിയെടുക്കുന്നതിന്റെ ഭാഗമായി അബുദാബിയിലെ സ്കൂൾ കാന്റീനുകളിൽ ജങ്ക് ഫുഡ് നേരത്തെ തന്നെ പൂർണമായി നിരോധിച്ചിരുന്നു. അബുദാബി ഡിപ്പാർട്ട്‌മെന്റ് ഓഫ് എജ്യുക്കേഷൻ ആൻഡ് നോളജ് സ്കൂളുകൾക്കും ഏർലി എജ്യുക്കേഷൻ സ്ഥാപനങ്ങൾക്കും കർശനമായ ഭക്ഷ്യ-പോഷകാഹാര നയങ്ങളാണ് നൽകിയിരിക്കുന്നത്.
ബില്ലിങ് കൗണ്ടറുകളിൽ നിൽക്കുമ്പോൾ കുട്ടികളും മുതിർന്നവരും അറിയാതെ വാങ്ങിപ്പോകുന്ന ചോക്ലേറ്റുകളും മിഠായികളും മറ്റും ഒഴിവാക്കപ്പെടുന്നതിനെ വലിയ രീതിയിലാണ് താമസക്കാർ സ്വാഗതം ചെയ്തത്. പായ്ക്ക് ചെയ്ത ഭക്ഷണങ്ങളിൽ എ മുതൽ ഇ വരെയുള്ള പോഷകമൂല്യ ഗ്രേഡുകൾ നൽകുന്ന ലേബലുകളും, ഉത്പന്നങ്ങൾ തിരിച്ചറിയാൻ സഹായിക്കുന്ന ഔദ്യോഗിക ‘താം’ ആപ്പും ഉപഭോക്താക്കൾക്ക് ഏറെ സഹായകരമാകുന്നുണ്ട്. ഉപഭോക്താക്കളുടെ മേൽ നേരിട്ടുള്ള നിയന്ത്രണങ്ങൾ അടിച്ചേൽക്കാതെ, ചുറ്റുപാടുകൾ ആരോഗ്യകരമായി മാറ്റിയെടുക്കുന്നതിന്റെ ഭാഗമായുള്ള ഈ പദ്ധതിക്ക് മികച്ച ജനപിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.






