വഞ്ചനാപരമായ സാമ്പത്തിക ഇടപാടുകളിൽ നിന്ന് ഉപയോക്താക്കളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ഫോൺപേ ‘ഫോൺപേ പ്രൊട്ടക്റ്റ്’ എന്ന പുതിയ സുരക്ഷാ ഫീച്ചർ അവതരിപ്പിച്ചു. സംശയാസ്പദമായ നമ്പറുകളിലേക്ക് നിങ്ങൾ പണം അയയ്ക്കാൻ ശ്രമിക്കുമ്പോൾ, ഈ നൂതന ഫീച്ചർ ഉടൻതന്നെ മുന്നറിയിപ്പ് നൽകും. സുരക്ഷാ കാരണങ്ങളാൽ നിങ്ങളുടെ ഒരു സാമ്പത്തിക ഇടപാട് തടയുകയാണെങ്കിൽ, അതിനുള്ള കാരണവും ഫോൺപേ ആപ്പ് വിശദീകരിക്കും.
ടെലികമ്മ്യൂണിക്കേഷൻ വകുപ്പിന്റെ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ‘ഫോൺപേ പ്രൊട്ടക്റ്റ്’ പ്രവർത്തിക്കുന്നത്. സംശയാസ്പദമായി ഫ്ലാഗ് ചെയ്ത നമ്പറുകളിലേക്കുള്ള ഇടപാടുകൾ തിരിച്ചറിയാനും തടയാനും ടെലികമ്മ്യൂണിക്കേഷൻ വകുപ്പിന്റെ ‘ഫിനാൻഷ്യൽ ഫ്രോഡ് റിസ്‌ക് ഇൻഡിക്കേറ്റർ ടൂൾ സഹായിക്കുന്നു. ടെലികമ്മ്യൂണിക്കേഷൻ വകുപ്പ്’വളരെ ഉയർന്ന റിസ്‌ക്’ എന്ന് ലേബൽ ചെയ്‌തിരിക്കുന്ന നമ്പറുകളിലേക്കുള്ള പേയ്‌മെന്‍റുകൾ ഫോൺപേ ഓട്ടോമാറ്റിക്കായി ഉടൻ തടയുകയും സ്‌ക്രീനിൽ ഒരു മുന്നറിയിപ്പ് സന്ദേശം കാണിക്കുകയും ചെയ്യും. ‘മീഡിയം റിസ്‌ക്’ നമ്പറുകൾക്ക്, പേയ്‌മെന്‍റ് അനുവദിക്കുന്നതിന് മുമ്പ് ഉപയോക്താക്കൾക്ക് ഒരു ജാഗ്രതാ സന്ദേശം നൽകുന്നു. ടെലികമ്മ്യൂണിക്കേഷൻ വകുപ്പിന്‍റെ സവിശേഷത ഉപയോഗിക്കുന്ന ആദ്യത്തെ കമ്പനികളിൽ ഒന്നാണ് ഫോൺപേ.
Also Read: വൺപ്ലസ് 15 ഇന്ത്യയിൽ നവംബർ 13-ന്; വില വിവരങ്ങൾ പുറത്ത്
ഉപയോക്താക്കൾ അബദ്ധത്തിൽ തട്ടിപ്പുകാർക്ക് പണം അയയ്ക്കുന്നത് തടയാനും നിയമവിരുദ്ധമായ പണകൈമാറ്റം തടയാനും ഈ ഫീച്ചർ സഹായിക്കും. ഓരോ ഇടപാടിലും സുരക്ഷ ഉൾച്ചേർത്ത ഒരു ഇക്കണോമിക് സിസ്റ്റം സൃഷ്ടിക്കുക എന്ന തങ്ങളുടെ ദർശനമാണ് ‘ഫോൺപേ പ്രൊട്ടക്റ്റ്’ പ്രതിനിധീകരിക്കുന്നതെന്ന് ഫോൺപേ ട്രസ്റ്റ് ആൻഡ് സേഫ്റ്റി മേധാവി അനുജ് ബൻസാലി പറഞ്ഞു.











