കറിവേപ്പില കേടാകും എന്ന പേടി ഇനി വേണ്ട

കറിവേപ്പില കേടാകും എന്ന പേടി ഇനി വേണ്ട

ച്ചക്കറികള്‍, സുഗന്ധവ്യഞ്ജനങ്ങള്‍, ഔഷധസസ്യങ്ങള്‍ എന്നിങ്ങനെ എണ്ണിയാലൊടുങ്ങാത്ത ചേരുവകളുടെ കൂട്ടാണ് ഇന്ത്യന്‍ പാചകരീതി. മിക്കവാറും എല്ലാ ഇന്ത്യന്‍ വിഭവങ്ങള്‍ക്കും അതുല്യമായ രുചികള്‍ പുറത്തെടുക്കാന്‍ ഗരം മസാല മുതല്‍ പുതിന വരെയുള്ള ചേരുവകളുടെ സഹായമുണ്ടായിരിക്കും. എന്നാല്‍ ഇവരില്‍ എല്ലാവരുടേയും രാജാവാണ് കറിവേപ്പില. മിക്ക ഇന്ത്യന്‍ വിഭവങ്ങളിലും കറിവേപ്പില ഒഴിവാക്കാന്‍ പറ്റാത്ത ഒന്നാണ്. കേവലം പാചക വൈഭവം മാത്രമല്ല കറിവേപ്പില പ്രദാനം ചെയ്യുന്നത്, ഒരുപാട് ഔഷധഗുണങ്ങളും ഉള്ളതിനാല്‍ ആയുര്‍വേദത്തിലും കറിവേപ്പിലയുടെ സ്ഥാനം വളരെ വലുതാണ്. പൊതുവെ പലരുടേയും വീട്ടില്‍ സുലഭമായി ലഭിക്കുന്ന ഒന്നാണ് കറിവേപ്പില. ഇനി നമ്മുടെ വീട്ടില്‍ ഇല്ലെങ്കില്‍ അടുത്ത വീട്ടിലെങ്കിലും ഒരു കറിവേപ്പ് മരം ഉണ്ടായിരിക്കും. അതുമല്ലെങ്കില്‍ വിപണിയിലും സുലഭമായി ലഭിക്കുന്ന ഒന്നാണിത്. കറിവേപ്പില മരം സ്വന്തമായി ഇല്ലാത്തവര്‍ അത് വിപണിയില്‍ നിന്നോ അടുത്ത വീട്ടില്‍ നിന്നോ വാങ്ങി സൂക്ഷിക്കാറാണ് പതിവ്. എന്നാല്‍ ഇത്തരത്തില്‍ സൂക്ഷിക്കുമ്പോള്‍ പലരും പറയാറുള്ളത് അധികകാലം കറിവേപ്പില നിലനില്‍ക്കില്ല എന്നതാണ്. ഈ പ്രയാസം പരിഹരിക്കാനുള്ള പൊടിക്കൈകളാണ് ഇനി പറയാന്‍ പോകുന്നത്.കറിവേപ്പില കൂടുതല്‍ നേരം ഫ്രഷ് ആയി നിലനിര്‍ത്താന്‍ ഇത് നിങ്ങളെ സഹായിക്കും എന്നത് തീര്‍ച്ചയാണ്.

കറിവേപ്പിലകള്‍ സൂക്ഷിക്കുന്നതിന് മുമ്പ് പ്രധാന തണ്ട് നീക്കം ചെയ്യുകയും അതില്‍ നിന്ന് ഇലകള്‍ വേര്‍തിരിക്കുകയും ചെയ്തിട്ടുണ്ട് എന്ന് ഉറപ്പാക്കണം. ഇലകള്‍ നന്നായി കഴുകുക. അവയില്‍ പറ്റിപിടിച്ചിരിക്കുന്ന പൊടികളും മറ്റെല്ലാ അഴുക്കുകളും നീക്കം ചെയ്യുക. കാരണം ഇവ കറിവേപ്പില വേഗം കേടുവരുത്തുന്നതിന് കാരണമാകും. കഴുകിയതിന് ശേഷം വൃത്തിയുള്ള കോട്ടണ്‍ തുണിയില്‍ ഇലകള്‍ വിരിച്ച് ഉണക്കുക. കറിവേപ്പിലയുടെ ഏറ്റവും വലിയ ശത്രു ഈര്‍പ്പമാണ്. കറിവേപ്പിലകള്‍ സൂക്ഷിക്കുന്നതിന് മുമ്പ് രണ്ടോ മൂന്നോ മണിക്കൂര്‍ ഫാനിന് കീഴെ വച്ച് ഉണക്കണം. പൊതുവെ നമ്മള്‍ എല്ലാ ഇലകളും കൂടി ഒരുമിച്ച് സൂക്ഷിക്കുകയാണ് ചെയ്യുന്നത്. ഇത് ശരിയായ രീതിയല്ല. കേടായ ഇലകള്‍ ഉപേക്ഷിച്ച് നല്ലവ മാത്രം സൂക്ഷിക്കുന്നതാണ് നല്ലത്. ഈര്‍പ്പം ഉണങ്ങിയ കറിവേപ്പില വായു കടക്കാത്ത പാത്രത്തില്‍ സൂക്ഷിക്കുക. ഈ പാത്രം നല്ല വൃത്തിയായി കഴുകി ഉണക്കിയതാണ് എന്ന് ഉറപ്പാക്കണം. ഇനി കറിവേപ്പില രണ്ടോ മൂന്നോ ദിവസം വെയിലത്ത് വെച്ച് ഉണക്കി പൊടിച്ച് നിങ്ങളുടെ കറികളില്‍ ചേര്‍ക്കുന്നതും നല്ലതാണ്. കറിവേപ്പില കൂടുതല്‍ കാലം സൂക്ഷിക്കാന്‍ ആഗ്രഹിക്കുന്നവരാണ് നിങ്ങള്‍ എങ്കില്‍ ഈ വിദ്യകള്‍ പരീക്ഷിച്ച് നോക്കാവുന്നതാണ് .

Top