ദേശീയപാതകളിലെ ടോൾ പിരിവ് പൂർണ്ണമായും ഡിജിറ്റൽ യുഗത്തിലേക്ക് മാറുന്നു. ഏപ്രിൽ 10 മുതൽ ടോൾ പ്ലാസകളിൽ പണമിടപാടുകൾ പൂർണ്ണമായും ഒഴിവാക്കാൻ ദേശീയപാത അതോറിറ്റി തീരുമാനിച്ചു. ഡിജിറ്റൽ ഇന്ത്യ പദ്ധതിയുടെ ഭാഗമായി ടോൾ ബൂത്തുകളിലെ തിരക്ക് കുറയ്ക്കാനും സുതാര്യത ഉറപ്പാക്കാനുമാണ് ഈ കർശന നടപടി.
ഡിജിറ്റൽ ഇടപാടുകൾ മാത്രം
ഇനിമുതൽ ഫാസ്‌ടാഗ് മുഖേനയോ ഗൂഗിൾ പേ, ഫോൺപേ പോലുള്ള യുപിഐ സംവിധാനങ്ങൾ വഴിയോ മാത്രമേ ടോൾ അടയ്ക്കാൻ സാധിക്കൂ. നിലവിൽ ഫാസ്‌ടാഗ് ഇല്ലാത്തവർ ഇരട്ടി തുക പണമായി നൽകി കടന്നുപോകുന്ന രീതി ഏപ്രിൽ 10-ഓടെ പൂർണ്ണമായും അവസാനിക്കും.
യുപിഐ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കാൻ
ടോൾ നൽകാനുള്ള പ്രാഥമിക മാർഗ്ഗം ഫാസ്‌ടാഗ് തന്നെയായിരിക്കും. എന്നാൽ ഫാസ്‌ടാഗിന് തകരാർ സംഭവിക്കുകയോ ബാലൻസ് ഇല്ലാതിരിക്കുകയോ ചെയ്യുന്ന സാഹചര്യത്തിൽ യുപിഐ വഴി പണമടയ്ക്കാം. ഇത്തരത്തിൽ യുപിഐ ഉപയോഗിക്കുമ്പോൾ യഥാർത്ഥ ടോൾ തുകയുടെ 25 ശതമാനം അധികമായി നൽകേണ്ടി വരുമെന്നത് ശ്രദ്ധേയമാണ്.
Also Read:എംജി മജസ്റ്റർ എസ്‌യുവി വരുന്നു..!
നിയമലംഘകർക്കെതിരെ കർശന നടപടി
ഫാസ്‌ടാഗോ യുപിഐ പേയ്‌മെന്റോ ഉപയോഗിക്കാൻ തയ്യാറാകാത്ത വാഹന ഉടമകളെ റോഡ് ഉപയോഗിക്കുന്നതിൽ നിന്ന് തടയാൻ ഉദ്യോഗസ്ഥർക്ക് അധികാരമുണ്ടാകും. മൂന്ന് ദിവസത്തിനുള്ളിൽ ടോൾ തുക അടച്ചില്ലെങ്കിൽ അത് ഇരട്ടിയാകുകയും നിയമലംഘനത്തിന് നോട്ടീസ് അയക്കുകയും ചെയ്യും.
ഇളവുകളിൽ നിയന്ത്രണം
സർക്കാർ ഉദ്യോഗസ്ഥർ ഐഡി കാർഡ് കാണിച്ച് സ്വകാര്യ വാഹനങ്ങൾക്ക് നേടിയിരുന്ന ടോൾ ഇളവുകൾ ഇനി മുതൽ അനുവദിക്കില്ല. ടോൾ ഇളവുകൾ ലഭിക്കാൻ പ്രത്യേക ഫാസ്‌ടാഗ് പതിപ്പിച്ച ഔദ്യോഗിക വാഹനങ്ങൾ തന്നെ വേണമെന്ന് അതോറിറ്റി വ്യക്തമാക്കി. ടോൾ പ്ലാസകളിലെ തർക്കങ്ങൾ ഒഴിവാക്കാനും ഇളവുകൾ ദുരുപയോഗം ചെയ്യുന്നത് തടയാനുമാണ് ഈ പരിഷ്കാരം.






