രാത്രിയെന്നോ പകലെന്നോ നോക്കാതെ പരിചയമില്ലാത്ത നമ്പറുകളിൽ നിന്നുള്ള കോളുകളും അനാവശ്യ സന്ദേശങ്ങളും പരസ്യങ്ങളും തട്ടിപ്പ് സന്ദേശങ്ങളും എത്തുന്നത് പലർക്കും പതിവാണ്. എന്നാൽ ഇത്തരം നമ്പറുകളെ വാട്ട്സാപ്പിൽ തന്നെ എളുപ്പത്തിൽ ഒഴിവാക്കാം. അനാവശ്യ സന്ദേശങ്ങൾ അയക്കുന്നവരെ ബ്ലോക്ക് ചെയ്യാൻ പ്രധാനമായും രണ്ട് മാർഗങ്ങളുണ്ട്.
സേവ് ചെയ്യാത്ത നമ്പറിൽ നിന്നാണ് സന്ദേശം വന്നതെങ്കിൽ, ആ ചാറ്റ് തുറക്കുമ്പോൾ മുകളിൽ ‘ബ്ലോക്ക്’, ‘റിപ്പോർട്ട് ആൻഡ് ബ്ലോക്ക്’ എന്നീ ഓപ്ഷനുകൾ കാണാം. ‘ബ്ലോക്ക്’ തിരഞ്ഞെടുത്താൽ ആ നമ്പറിൽ നിന്നുള്ള സന്ദേശങ്ങളും കോളുകളും ഇനി ലഭിക്കില്ല. കോൺടാക്റ്റിൽ സേവ് ചെയ്തിട്ടുള്ള ഒരാളെ ബ്ലോക്ക് ചെയ്യണമെങ്കിൽ, അവരുടെ ചാറ്റ് തുറന്ന് മുകളിലെ മൂന്ന് ഡോട്ടുകളിൽ ക്ലിക്ക് ചെയ്യുക. തുടർന്ന് ‘മോർ’ എന്നതിൽ പോയി ‘ബ്ലോക്ക്’ തിരഞ്ഞെടുത്ത് സ്ഥിരീകരിച്ചാൽ മതി.
വാട്ട്സാപ്പിലെ സെറ്റിങ്സ് തുറന്ന് ‘പ്രൈവസി’യിൽ പ്രവേശിക്കുക. താഴേക്ക് സ്ക്രോൾ ചെയ്താൽ ‘ബ്ലോക്ക്ഡ് കോൺടാക്ട്സ്’ എന്ന ഓപ്ഷൻ കാണാം. അതിൽ കയറി മുകളിൽ വലതുവശത്തുള്ള ‘+’ ബട്ടൺ ഉപയോഗിച്ച് കോൺടാക്റ്റ് ലിസ്റ്റിലുള്ള ആരെയും ബ്ലോക്ക് ലിസ്റ്റിലേക്ക് ചേർക്കാം. ഒരാളെ ബ്ലോക്ക് ചെയ്താൽ അവർക്ക് നിങ്ങളെ വാട്ട്സാപ്പിൽ വിളിക്കാനോ സന്ദേശം അയയ്ക്കാനോ കഴിയില്ല. നിങ്ങളുടെ പ്രൊഫൈൽ ചിത്രം, സ്റ്റാറ്റസ്, ലാസ്റ്റ് സീൻ എന്നിവയും അവർക്ക് കാണാനാകില്ല.
ഇനി ബ്ലോക്ക് മാറ്റണമെങ്കിൽ ഇതേ ‘ബ്ലോക്ക്ഡ് കോൺടാക്ട്സ്’ ലിസ്റ്റിൽ പോയി ബന്ധപ്പെട്ട നമ്പറിൽ ക്ലിക്ക് ചെയ്ത് ‘അൺബ്ലോക്ക്’ നൽകിയാൽ മതി. അനാവശ്യ കോളുകളും സന്ദേശങ്ങളും തുടർച്ചയായി എത്തുന്ന സാഹചര്യത്തിൽ വാട്ട്സാപ്പിലെ ഈ സൗകര്യം ഉപയോഗിച്ച് സ്വകാര്യതയും സൗകര്യവും ഒരേസമയം സംരക്ഷിക്കാം.






