ഐപിഎൽ ഫൈനൽ വേദി ബെംഗളൂരുവിൽ നിന്ന് അഹമ്മദാബാദിലേക്ക് മാറ്റിയ ബിസിസിഐയുടെ തീരുമാനം കർണാടക ക്രിക്കറ്റ് അസോസിയേഷനെ (കെഎസ്സിഎ) കടുത്ത നിരാശയിലാക്കിയിരിക്കുകയാണ്. 2026 ഐപിഎൽ ഫൈനലിന് ആതിഥേയത്വം വഹിക്കാൻ ആദ്യം നിശ്ചയിച്ചിരുന്നത് ചിന്നസ്വാമി സ്റ്റേഡിയത്തെയായിരുന്നു. എന്നാൽ അപ്രതീക്ഷിതമായി വേദി മാറ്റിയതിനെക്കുറിച്ച് തങ്ങൾക്ക് ഔദ്യോഗികമായ യാതൊരു അറിയിപ്പും ലഭിച്ചിട്ടില്ലെന്ന് കെഎസ്സിഎ വക്താവ് വിനയ് മൃതുഞ്ജയ വ്യക്തമാക്കി. ഇത് നാലാം തവണയാണ് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയം ഐപിഎൽ കലാശപ്പോരാട്ടത്തിന് വേദിയാകുന്നത്.
വേദി മാറ്റത്തിന് പിന്നിലെ യഥാർത്ഥ കാരണം ബിസിസിഐ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും സുരക്ഷാ പ്രശ്നങ്ങളും ടിക്കറ്റ് വിവാദവുമാണ് പ്രധാനമായും ചൂണ്ടിക്കാണിക്കപ്പെടുന്നത്. കഴിഞ്ഞ വർഷം റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു കിരീടം നേടിയതിന് പിന്നാലെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 11 പേർ മരിച്ചത് നഗരത്തിലെ സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ച് ആശങ്കയുണ്ടാക്കിയിരുന്നു. കൂടാതെ, കർണാടകയിലെ എംഎൽഎമാർക്ക് സൗജന്യ ടിക്കറ്റുകൾ നൽകുന്നതുമായി ബന്ധപ്പെട്ട തർക്കങ്ങളും ബിസിസിഐയെ അതൃപ്തിയിലാക്കിയെന്നാണ് സൂചന. സ്വന്തം മണ്ണിലെ ഫൈനൽ നഷ്ടമായത് ആർസിബി ആരാധകർക്കിടയിലും വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
Also Read:റെക്കോഡുകൾ തകർത്ത് സഞ്ജു സാംസൺ; കണ്ണുവെക്കുന്നത് കോഹ്ലിയുടെയും ബട്‌ലറുടെയും ചരിത്രനേട്ടത്തിലേക്ക്!
പുതുക്കിയ പട്ടിക പ്രകാരം പ്ലേ ഓഫ് മത്സരങ്ങൾ വിവിധ നഗരങ്ങളിലായി നടക്കും. മെയ് 26-ന് ആദ്യ ക്വാളിഫയർ ധർമ്മശാലയിലും, മെയ് 27-നും 28-നും എലിമിനേറ്റർ, രണ്ടാം ക്വാളിഫയർ മത്സരങ്ങൾ ന്യൂ ചണ്ഡീഗഡിലും അരങ്ങേറും. മെയ് 31-നാണ് ആരാധകർ ഉറ്റുനോക്കുന്ന മഹാഫൈനൽ അഹമ്മദാബാദിൽ നടക്കുക. നിലവിലെ ചാമ്പ്യന്മാരായ ആർസിബി മികച്ച ഫോമിൽ തുടരുന്ന സാഹചര്യത്തിൽ വേദി മാറ്റം ടീമിന്റെ ആത്മവിശ്വാസത്തെയും ആരാധകരുടെ ആവേശത്തെയും ഒരുപോലെ ബാധിച്ചിട്ടുണ്ട്.






