ഷാർജ: വ്യക്തികളുടെ ക്ഷേമം ഉറപ്പാക്കുന്നതിനൊപ്പം അതിവേഗം മാറുന്ന ഡിജിറ്റൽ ലോകത്ത് സ്മാർട്ട് സുരക്ഷയൊരുക്കാൻ അത്യാധുനിക പദ്ധതികളുമായി ഷാർജ. എമിറേറ്റിലെ ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നതിനും സർക്കാർ സേവനങ്ങൾ കൂടുതൽ ജനകീയമാക്കുന്നതിനുമുള്ള സമഗ്രമായ പൊതുനയങ്ങളും പദ്ധതികളും ഷാർജ എക്സിക്യുട്ടീവ് കൗൺസിൽ അവലോകനം ചെയ്തു. ഷാർജ കിരീടാവകാശിയും ഉപഭരണാധികാരിയും എക്സിക്യുട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് നിർണായക തീരുമാനങ്ങളുണ്ടായത്. ഷാർജ ഉപഭരണാധികാരിയും എക്സിക്യുട്ടീവ് കൗൺസിൽ വൈസ് ചെയർമാനുമായ ഷെയ്ഖ് സുൽത്താൻ ബിൻ അഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമിയും യോഗത്തിൽ പങ്കെടുത്തു.
ഡിജിറ്റൽവൽക്കരണത്തിന്റെ കാലത്ത് സൈബർ സുരക്ഷയ്ക്ക് രാജ്യം നൽകുന്ന മുൻഗണന അടിവരയിടുന്നതായിരുന്നു യോഗത്തിലെ ചർച്ചകൾ. ഷാർജ സൈബർ സെക്യൂരിറ്റി സെന്റർ നിലവിൽ നടപ്പാക്കിവരുന്ന സുരക്ഷാസംവിധാനങ്ങളും ഭാവി പദ്ധതികളും കൗൺസിൽ വിലയിരുത്തി. പൊതുജനങ്ങൾക്കിടയിലും സർക്കാർ സംവിധാനങ്ങളിലും സൈബർ സുരക്ഷയെക്കുറിച്ച് ശക്തമായ അവബോധം വളർത്താനും, സുസ്ഥിരവും സമഗ്രവുമായ ഡിജിറ്റൽ സംരക്ഷണം ഉറപ്പാക്കാനും ലക്ഷ്യമിട്ടുള്ള വിപുലമായ പ്രവർത്തനങ്ങൾക്കാണ് ഭരണകൂടം തുടക്കമിടുന്നത്.
Also Read: ഗൾഫിൽ യുദ്ധഭീതി! അമേരിക്കൻ താവളങ്ങൾക്ക് നേരെ ഇറാന്റെ മിസൈൽ – ഡ്രോൺ ആക്രമണം; മേഖലയിൽ അതീവ ജാഗ്രത
ഇതിന്റെ ഭാഗമായി സൈബർ സുരക്ഷാ രംഗത്ത് പ്രവർത്തിക്കുന്നവർക്കായി സമഗ്രമായ പരിശീലന പരിപാടികളും സാങ്കേതിക വിദഗ്ധർക്കായി പ്രത്യേക ശില്പശാലകളും സംഘടിപ്പിക്കും. ഇതിനകം തന്നെ വിവിധ സർക്കാർ വകുപ്പുകളിൽ നിന്നായി 175 ജീവനക്കാർക്ക് ഈ മേഖലയിൽ വിജയകരമായി പരിശീലനം നൽകിക്കഴിഞ്ഞു. വരുംവർഷങ്ങളിൽ ഇത് കൂടുതൽ വ്യാപിപ്പിക്കാനാണ് തീരുമാനം. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ എമിറേറ്റിലെ സൈബർ സുരക്ഷാ സംവിധാനങ്ങൾ വൻതോതിൽ വിപുലീകരിക്കാനുള്ള ബൃഹദ് പദ്ധതിക്ക് യോഗം രൂപം നൽകി. സൈബർ ഭീഷണികളെ ഫലപ്രദമായി നേരിടുന്നതിന് വിവിധ സർക്കാർ വകുപ്പുകൾ തമ്മിൽ മികച്ച ഏകോപനമുണ്ടാക്കാനും അന്താരാഷ്ട്രതലത്തിലെ മികച്ച സുരക്ഷാരീതികൾ പിന്തുടരാനും കൗൺസിൽ കർശന നിർദേശം നൽകിയിട്ടുണ്ട്.
സൈബർ സുരക്ഷയ്ക്ക് പുറമെ, വിദ്യാഭ്യാസ-നിയമ മേഖലകളിലും പുരോഗമനപരമായ തീരുമാനങ്ങൾ യോഗത്തിലുണ്ടായി. ഷാർജ ജുഡീഷ്യൽ സയൻസസ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രവർത്തനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനും അതിന്റെ ഫീസ് ഘടന പരിഷ്കരിക്കുന്നതിനുമുള്ള പുതിയ തീരുമാനങ്ങൾക്കും എക്സിക്യുട്ടീവ് കൗൺസിൽ അംഗീകാരം നൽകി. ജനങ്ങളുടെ സുരക്ഷയ്ക്കും ക്ഷേമത്തിനും മുൻഗണന നൽകിക്കൊണ്ട് സ്മാർട്ട് ഭരണക്രമത്തിലേക്ക് ഷാർജയെ നയിക്കുകയാണ് പുതിയ പദ്ധതികളിലൂടെ ലക്ഷ്യമിടുന്നത്.






