“ഇനിയൊരു കുട്ടിക്കും ഈ അവസ്ഥ വരരുത്”; കോളേജിന്റെ അംഗീകാരം റദ്ദാക്കണമെന്ന് നിതിന്റെ പിതാവ്

മകന്റെ മരണത്തിന് ശേഷം കാര്യങ്ങൾ ചർച്ചയായപ്പോഴാണ് സഹപാഠികൾ വെളിപ്പെടുത്തലുകൾ നടത്തിയത്

“ഇനിയൊരു കുട്ടിക്കും ഈ അവസ്ഥ വരരുത്”; കോളേജിന്റെ അംഗീകാരം റദ്ദാക്കണമെന്ന് നിതിന്റെ പിതാവ്
“ഇനിയൊരു കുട്ടിക്കും ഈ അവസ്ഥ വരരുത്”; കോളേജിന്റെ അംഗീകാരം റദ്ദാക്കണമെന്ന് നിതിന്റെ പിതാവ്

ഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ വൈകിയാണെങ്കിലും വിദ്യാർത്ഥികൾ പ്രതികരിച്ചതിൽ ആശ്വാസമുണ്ടെന്നും എന്നാൽ ഇനി ഒരു വിദ്യാർത്ഥിക്കും ഈ അവസ്ഥ വരരുതെന്നും നിതിന്റെ പിതാവ് പറഞ്ഞു. മകന്റെ മരണത്തിന് ശേഷം കാര്യങ്ങൾ ചർച്ചയായപ്പോഴാണ് സഹപാഠികൾ വെളിപ്പെടുത്തലുകൾ നടത്തിയത്. കൂടുതൽ വിദ്യാർത്ഥികൾ ഇത്തരം പീഡനങ്ങൾ തുറന്നു പറയണമെന്നും കോളേജിന്റെ അംഗീകാരം റദ്ദാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംഭവത്തിൽ വിശദമായ അന്വേഷണത്തിനായി പോലീസ് നിതിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളുടെ മൊഴി രേഖപ്പെടുത്തി.

നിതിന്റെ മരണത്തിൽ ആരോപണവിധേയനായ ഡോ. എം.കെ. റാം സ്ഥിരം പ്രശ്നക്കാരനാണെന്ന് വിദ്യാർത്ഥികൾ പോലീസിനോട് വെളിപ്പെടുത്തി. ബോഡി ഷെയ്മിംഗ് നടത്തുക, ആൺകുട്ടികളെ കൊണ്ട് പെൺകുട്ടികളെ തല്ലിക്കുക തുടങ്ങിയ ക്രൂരമായ വിനോദങ്ങളിൽ ഇയാൾ ഏർപ്പെട്ടിരുന്നതായി സഹപാഠികൾ പറയുന്നു. നിതിന്റെ മരണത്തിന് ഉത്തരവാദികളായ അധ്യാപകർക്കെതിരെ കർശന നടപടി വേണമെന്നാവശ്യപ്പെട്ട് അവസാന വർഷ വിദ്യാർത്ഥികൾ ക്ലാസുകൾ ബഹിഷ്കരിച്ച് പ്രത്യക്ഷ സമരത്തിലാണ്. അധ്യാപകരുടെ പീഡനം കാരണം തന്റെ മകൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും ഇത് കൊലപാതകത്തിന് തുല്യമാണെന്നും കുടുംബം ആരോപിക്കുന്നു.

കേസിൽ അന്വേഷണം ഊർജ്ജിതമാക്കിയ പോലീസ് നിതിന്റെ മൊബൈൽ ഫോൺ ശാസ്ത്രീയ പരിശോധനയ്ക്കായി അയക്കും. ഇതിനോടകം പുറത്തുവന്ന ശബ്ദരേഖകളെക്കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്. കേസിൽ പ്രതികളായ ഡോ. റാം, ഡോ. സംഗീത എന്നിവരെ കോളേജ് സസ്പെൻഡ് ചെയ്തിട്ടുണ്ട്. ഇവർക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റത്തിന് പുറമെ പട്ടികജാതി-പട്ടികവർഗ്ഗ അതിക്രമ നിരോധന നിയമപ്രകാരമുള്ള വകുപ്പുകളും പോലീസ് ചുമത്തിയിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ സഹപാഠികളുടെ മൊഴി രേഖപ്പെടുത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

Share Email
Top