CMDRF

ഡിജിപിക്ക് പരാതി നൽകി നിവിൻ പോളി

ഡിജിപിക്ക് പരാതി നൽകി നിവിൻ പോളി
ഡിജിപിക്ക് പരാതി നൽകി നിവിൻ പോളി

കൊച്ചി: കൊച്ചിയിലെ യുവതിയുടെ പരാതിയിൽ ബലാത്സംഗക്കേസിൽ പൊലീസ് പ്രതി ചേർത്തതിനെതിരെ നടൻ നിവിൻ പോളി പരാതി നൽകി. ഇന്ന് രാവിലെ ഡിജിപിക്കാണ് നിവിൻ പോളി പരാതി നൽകിയത്. തനിക്കെതിരായിട്ടുള്ളത് കള്ളക്കേസാണെന്ന് വ്യക്തമാക്കിയാണ് നിവിൻ പോളി പ്രാഥമിക പരാതി നൽകിയത്. തൻറെ പരാതി കൂടി പരിശോധിക്കണമെന്നും നിവിൻ പോളി പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. കേസിലെ എഫ്ഐആറിൻറെ പകർപ്പ് കിട്ടിയശേഷം വിശദമായ പരാതി എഴുതി നൽകുമെന്നും നിവിൻ വ്യക്തമാക്കി. നിയമ നടപടിയുമായി മുന്നോട്ടുപോകുമെന്നാണ് നിവിൻ അറിയിച്ചിരിക്കുന്നത്.

വിശദാംശങ്ങൾ ചുവടെ :

തനിക്കെതിരായ പരാതിക്ക് പിന്നിൽ ഗൂഡാലോചന ഉണ്ടെന്നും പരാതിക്കാരിയെ കണ്ടിട്ടുപോലുമില്ലെന്നാണ് നിവിൻറെ നിലപാട്. തൻറെ പരാതി കൂടി സ്പെഷൽ ഇൻവെസ്റ്റിഗേഷൻ ടീം പരിശോധിച്ച് നിലപാടിലെത്തണമെന്നതടക്കമുള്ള ആവശ്യങ്ങളാണ് നിവിൻ മുന്നോട്ട് വയ്ക്കുന്നത്. മുൻകൂർ ജാമ്യം അടക്കം തേടി കോടതിയെ സമീപിക്കുന്നത് പൊലീസ് നടപടിയുടെ പുരോഗതി നോക്കിയ ശേഷം മതി എന്നാണ് നിവിന് കിട്ടിയ നിയമോപദേശമെന്നാണ് വിവരം.

എഫ്ഐആർ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ഹൈകോടതിയെ സമീപിക്കാനും തീരുമാനിച്ചിട്ടുണ്ട്.ബലാത്സംഘം ഉൾപ്പെടെ ഗുരുതര വകുപ്പുകൾ ചുമത്തിയാണ് ഊന്നുകൽ പൊലീസ് നിവിൻ പോളിക്കും മറ്റ് അഞ്ചു പേർക്കുമെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. അതേസമയം, പരാതിക്കാരിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് കേസിലെ രണ്ടാം പ്രതിയായ എകെ സുനിൽ മാധ്യമങ്ങളോട് പറഞ്ഞു. യുവതിയുടെ ആരോപണത്തിൽ സത്യമില്ലെന്ന് നിവിൻ പോളിയുമായി ദുബായിൽവച്ച് കൂടിക്കാഴ്ച നടത്തിയ റാഫേലും മാധ്യമങ്ങളോട് പറഞ്ഞു.

Also Read:ലൈംഗിക ആരോപണം; നടന്‍ നിവിന്‍ പോളി നിയമപോരാട്ടത്തിലേക്ക്

യുവതിയുടെ വിശദമായ മൊഴി ഉടൻ രേഖപ്പെടുത്തും. അതിനിടെ, പരാതിയിൽ ഉറച്ചുനിൽക്കുന്നതായി പരാതിക്കാരി പ്രതികരിച്ചു. തന്നെ അറിയില്ലെന്ന നിവിൻ പോളിയുടെ വാദം കള്ളമാണെന്ന് പരാതിക്കാരി പറഞ്ഞു. നിർമാതാവ് എകെ സുനിലാണ് നിവിനെ പരിചയപ്പെടുത്തിയത്. മയക്കുമരുന്ന് നൽകി ദിവസങ്ങളോളം പീഡിപ്പിച്ചെന്നും പരാതിക്കാരി പ്രതികരിച്ചു. പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിൽ ആറാം പ്രതിയാക്കിയാണ് നടൻ നിവിൻ പോളിക്കെതിരെ കേസെടുത്തിരിക്കുന്നത്. അവസരം വാഗ്ദാനം ചെയ്ത് ദുബായിൽ വച്ച് പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. നിർമാതാവ് എകെ സുനിൽ അടക്കം കേസിൽ ആറ് പ്രതികളാണുള്ളത്. നിവിൻ പോളി ആറാം പ്രതിയാണ്.

Top