ഭഗല്‍പുര്‍: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെ വിമര്‍ശിച്ച് രാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. നിതീഷ് കുമാര്‍ പ്രധാനമന്ത്രിയുടെ കാല്‍തൊട്ടതിലൂടെ അപമാനിച്ചത് ബിഹാറിനെയാണെന്ന് അദ്ദേഹം പറഞ്ഞു. ഭഗല്‍പുരില്‍ നടക്കുന്ന ജന്‍ സുരാജ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
”ആദ്യകാലത്ത് നിതീഷ് കുമാറിനൊപ്പം പ്രവര്‍ത്തിച്ചിട്ടുള്ള ഞാന്‍ എന്തുകൊണ്ടാണ് നിതീഷ് കുമാറിനെ വിമര്‍ശിക്കുന്നതെന്ന് ആളുകള്‍ എന്നോട് ചോദിക്കുന്നു. അന്ന് അദ്ദേഹം വ്യത്യസ്തനായ മനുഷ്യനായിരുന്നു. അദ്ദേഹത്തിന്റെ മനഃസാക്ഷി അദ്ദേഹം വില്‍പനയ്ക്ക് വച്ചിരുന്നില്ല. സംസ്ഥാനത്തിന്റെ നേതാവ് എന്നു പറഞ്ഞാല്‍ അത് ജനങ്ങളുടെ അഭിമാനമാണ്. എന്നാല്‍ പ്രധാനമന്ത്രിയുടെ കാല്‍തൊട്ട് വന്ദിച്ചതിലൂടെ ബിഹാറിനെ നിതീഷ് കുമാര്‍ അപമാനിച്ചു”- പ്രശാന്ത് കൂട്ടിച്ചേര്‍ത്തു.
”നരേന്ദ്ര മോദിയെ വീണ്ടും അധികാരത്തിലെത്തിച്ചതില്‍ നിതീഷ് കുമാറിന് നിര്‍ണായക സ്ഥാനമുണ്ടെന്നാണ് എല്ലാവരും പറയുന്നത്. എന്നാല്‍ ബിഹാര്‍ മുഖ്യമന്ത്രി തന്റെ പദവി ഉപയോഗിക്കുന്നത് എങ്ങനെയാണ് സംസ്ഥാനത്തിന് ഗുണകരമാകുന്ന പ്രവര്‍ത്തനങ്ങള്‍ ഉറപ്പുവരുത്തുന്നതിനായി തന്റെ സ്വാധീനശക്തി അദ്ദേഹം ഉപയോഗിക്കുന്നില്ല. ”2025ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷവും ബിജെപി പിന്തുണയോടെ അധികാരത്തില്‍ തുടരുന്നതിന് വേണ്ടി അദ്ദേഹം കാലില്‍ തൊടുകയാണ്.”- പ്രശാന്ത് കിഷോര്‍ പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 12 സീറ്റുകളിലാണ് നിതീഷ് കുമാറിന്റെ ജെഡിയു വിജയിച്ചത്.