നിഷയും ജിൻ്റോയും നിയമസഭയിലേക്കോ ? കോൺഗ്രസ്സിൽ നടക്കുന്നത് അസാധാരണ നീക്കങ്ങൾ…

സിപിഎമ്മിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും ബിജെപി നേതൃത്വത്തെയും എല്ലാം കടന്നാക്രമിക്കുന്ന, സൈബറിടത്തെ ഈ രണ്ട് മുഖങ്ങൾ, തീർച്ചയായും നിയമസഭയിലും ഉണ്ടാകണമെന്നതാണ് യുഡിഎഫിനെ പിന്തുണയ്ക്കുന്ന ജനവിഭാഗങ്ങൾ ആഗ്രഹിക്കുന്നത്. അവരുടെ ആ ആഗ്രഹം നടക്കുമോ എന്നത്, കോൺഗ്രസിൻ്റെ സ്ഥാനാർത്ഥി ലിസ്റ്റ് പുറത്ത് വരുന്നതോടെ എന്തായാലും വ്യക്തമാകും.

നിഷയും ജിൻ്റോയും നിയമസഭയിലേക്കോ ? കോൺഗ്രസ്സിൽ നടക്കുന്നത് അസാധാരണ നീക്കങ്ങൾ…
നിഷയും ജിൻ്റോയും നിയമസഭയിലേക്കോ ? കോൺഗ്രസ്സിൽ നടക്കുന്നത് അസാധാരണ നീക്കങ്ങൾ…

നേതാക്കളാൽ സമ്പന്നമായ പാർട്ടിയാണ് കോൺഗ്രസ്. അതിന് അന്നും ഇന്നും ഒരു കുറവും വന്നിട്ടില്ല. കുറവ് വന്നിട്ടുള്ളത് അർഹതപ്പെട്ടവർക്കും, പാർട്ടിയുടെ ഉയർച്ചക്ക് അനിവാര്യമായവർക്കും സീറ്റുകൾ നൽകുന്ന കാര്യത്തിൽ മാത്രമാണ്. ഇക്കാര്യത്തിൽ കോൺഗ്രസ് ഇനിയെങ്കിലും പുനർവിചിന്തനത്തിന് തയ്യാറായില്ലങ്കിൽ വലിയ വിലയാണ് നൽകേണ്ടി വരിക.തിരുവനന്തപുരം കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ കാണുന്ന പുതുമുഖ പരീക്ഷണം, നിയമസഭാ തിരഞ്ഞെടുപ്പിലും പരീക്ഷിക്കാൻ തയ്യാറായാൽ, അത് കോൺഗ്രസിന് മാത്രമല്ല, യുഡിഎഫ് സംവിധാനത്തിൻ്റെ പ്രവർത്തനങ്ങൾക്ക് കൂടിയാണ് വേഗത പകരുക.

പഠിച്ച് കാര്യങ്ങൾ അവതരിപ്പിക്കുന്ന രാഷ്ട്രീയ നേതാക്കളുടെ എണ്ണം കോൺഗ്രസിനെ സംബന്ധിച്ച് വളരെ കുറവ് തന്നെയാണ്. കോൺഗ്രസ് ഒരു ആൾക്കൂട്ട പാർട്ടി ആയതിനാൽ, സ്ഥാനാർത്ഥികളുടെ മികവ് തിരഞ്ഞെടുപ്പിൽ ഒരു പ്രധാന ഘടകം തന്നെയാണ്. നിയമസഭയിൽ എതിരാളികളുടെ വായടിപ്പിക്കുന്ന തരത്തിലുള്ള പ്രകടനവും, പാർട്ടിക്ക് കൂടി വേണ്ടിയുള്ള പ്രതിരോധവുമാണ്, സ്ഥാനാർത്ഥിയാവാനുള്ള യോഗ്യതയായി കോൺഗ്രസ് കാണുന്നതെങ്കിൽ, അവർ തീർച്ചയായും പരിഗണിക്കേണ്ട ഒരു പേര് നിഷ സോമൻ്റെയാണ്. സ്വന്തം പ്രവർത്തന മികവ് കൊണ്ടും, എതിരാളികളെ ചുട്ടു പൊള്ളിക്കുന്ന നാവിൻ്റെ കരുത്തുകൊണ്ടും മാത്രമാണ്, നിഷ സോമൻ തെറ്റയിൽ എന്ന സ്ത്രീ കെപിസിസി ജനറൽ സെക്രട്ടറി പദവിയിൽ എത്തിയിരിക്കുന്നത്.

ഒരു നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിക്കാനും, മറ്റുളള യുഡിഎഫ് സ്ഥാനാർത്ഥികളെ വിജയിപ്പിക്കുവാനുമുള്ള കരുത്ത്, നിഷയുടെ ആ നാവിനുണ്ട്. ഒട്ടും ക്ഷമയില്ലാതെ ഷമ മുഹമ്മദിനെ പോലുള്ളവർ, ചാനൽ സ്റ്റുഡിയോയിൽ ഇരുന്ന് വൈകാരികമായി പ്രതികരിച്ച് പ്രേക്ഷകരുടെ ക്ഷമയെ പരീക്ഷിക്കുമ്പോൾ, യൂട്യൂബും ഫെയ്സ്ബുക്കും, ഇൻസ്റ്റഗ്രാമും ഉൾപ്പെടെയുള്ള നവമാധ്യമങ്ങളിലൂടെ, കൃത്യമായ ഇടപെടലാണ് നിഷ സോമൻ നടത്തി വരുന്നത്. ഇന്ന് കേരളത്തിൽ, രാഷ്ട്രീയ എതിരാളികൾ പോലും ശ്രദ്ധയോടെ കേട്ടിരിക്കുന്ന തരത്തിലേക്കാണ് നിഷ സോമൻ്റെ പ്രതികരണങ്ങളും വിശകലനങ്ങളും മാറിയിരിക്കുന്നത്. ഇതെല്ലാം തന്നെ, സൈബർ ഇടങ്ങളിൽ വ്യാപകമായാണ് ഷെയർ ചെയ്യപ്പെട്ടു വരുന്നത് എന്നതും പറയാതിരിക്കാൻ കഴിയുകയില്ല.

Nisha Soman Thettayil

2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ ഗതി നിർണ്ണയിക്കുക സോഷ്യൽ മീഡിയ ആകുമ്പോൾ, സോഷ്യൽ മീഡിയകളിൽ വലിയ രൂപത്തിൽ പിന്തുണയുള്ള നേതാക്കളെ മാറ്റി നിർത്തി മുന്നോട്ട് പോകുന്നത് രാഷ്ട്രീയ പാർട്ടികളെ സംബന്ധിച്ച് ഇനി എളുപ്പമുള്ള കാര്യമല്ല.

കേഡർ പാർട്ടിയായ സിപിഎം പോലും, പാർട്ടിയിലെ പദവിയല്ല സ്ഥാനാർത്ഥിയാവാൻ മാനദണ്ഡമെന്ന് എന്നേ തീരുമാനിച്ചിട്ടുള്ള പാർട്ടിയാണ്. അതു കൊണ്ടാണ് കെ ടി ജലീലിനും അബ്ദുറഹിമാനും എല്ലാം, എംഎൽഎയും മന്ത്രിയുമൊക്കെ ആകാൻ സാധിച്ചിരിക്കുന്നത്. 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ബിജെപിയും വലിയ രൂപത്തിലുള്ള പുതുമുഖ പരീക്ഷണങ്ങൾക്കാണ് ഒരുങ്ങുന്നത്. ഇക്കാര്യത്തിൽ ഇനി കോൺഗ്രസിനും മാറി നിൽക്കാൻ സാധിക്കുകയില്ല.

നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകാൻ സാധ്യതയുള്ള കോൺഗ്രസ് നേതാക്കളുടെ ലിസ്റ്റിൽ നിഷ സോമൻ ഇടംപിടിച്ചാൽ, അവർ ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ ഏതെങ്കിലും സീറ്റിൽ മത്സരിക്കാനാണ് സാധ്യത. നിയമസഭയിലെ വനിതാ പ്രാതിനിത്യത്തിൻ്റെ കാര്യത്തിൽ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ജാഗ്രത പുലർത്തുന്ന സാഹചര്യത്തിൽ, മികച്ച വിദ്യാഭ്യാസവും പ്രസംഗപാടവവും ഉള്ള നിഷ സോമന് ഇത്തവണ നറുക്ക് വീഴുമെന്ന് തന്നെയാണ് രാഷ്ട്രീയ നിരീക്ഷകരും കരുതുന്നത്.

കെപിസിസി ജനറൽ സെക്രട്ടറിയായി ഒറ്റയടിക്ക് നിഷയെ നേതൃപദവിയിലേക്ക് നേതൃത്വം ഉയർത്തിയത് തന്നെ, നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണെന്നാണ് കോൺഗ്രസ് പ്രവർത്തകരും കരുതുന്നത്.

നിഷ സോമന് പുറമെ, രാഷ്ട്രീയ എതിരാളികളെ ചാനൽ ചർച്ചകളിലൂടെയും പ്രസംഗങ്ങളിലൂടെയും കൊത്തിപ്പറിച്ച് യുഡിഎഫ് പ്രവർത്തകർക്കും അനുഭാവികൾക്കും ആവേശമായ മറ്റൊരു കോൺഗ്രസ് നേതാവ് അഡ്വക്കറ്റ് ജിൻ്റോ ജോണാണ്. സമീപകാലത്തെ പല വിവാദങ്ങളിലും കോൺഗ്രസിന് വേണ്ടി പടനയിച്ച ഈ യുവ നേതാവിനെ ഏതെങ്കിലും സീറ്റിൽ മത്സരിപ്പിക്കണമെന്ന ആവശ്യം പ്രവർത്തകർക്കിടയിൽ ശക്തമാണ്. നിഷ സോമനെ പോലെ തന്നെ, കാര്യങ്ങൾ കൃത്യമായി പഠിച്ച് അവതരിപ്പിക്കുന്നതാണ് ജിൻ്റോയുടെയും ഒരു ശൈലി.

Jinto John

കോൺഗ്രസ് വക്താവ് എന്ന നിലയിൽ ഏറ്റവും നന്നായി കാര്യങ്ങൾ അവതരിപ്പിക്കുന്ന നേതാവ് തന്നെയാണ് ജിൻ്റോ എന്നതിലും സംശയം വേണ്ട. സമീപകാലത്ത് അദ്ദേഹം തൊട്ട രണ്ട് വിഷയങ്ങൾ വലിയ സൈബർ പോരിന് തന്നെയാണ് കളമൊരുക്കിയിരുന്നത്, രാഹുൽ മാങ്കൂട്ടത്തിൽ വിവാദത്തിലും, ഷൈൻ ടീച്ചറുമായി ബന്ധപ്പെട്ട സൈബർ ആക്രമണ വിഷയത്തിലും ഇടപെട്ട് ജിൻ്റോ നടത്തിയ പ്രതികരണങ്ങളാണ്, അദ്ദേഹത്തിന് എതിരായ വലിയ സൈബർ ആക്രമണത്തിന് വഴിവച്ചിരുന്നത്. എന്നാൽ ഇതുകൊണ്ടൊന്നും, അദ്ദേഹത്തിന് യുഡിഎഫ് അനുഭാവികളിൽ നിന്നും ലഭിച്ചു കൊണ്ടിരുന്ന പിന്തുണയ്ക്ക് ഇടിവുണ്ടാക്കാൻ സാധിച്ചിരുന്നില്ല.

Also Read: നിയമസഭയിൽ എത്തേണ്ട പോരാട്ട വീര്യം, ഇത്തവണയെങ്കിലും സി.പി.എം നേതൃത്വം പരിഗണിക്കുമോ ഗീനാകുമാരിയെ?

സിപിഎമ്മിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും ബിജെപി നേതൃത്വത്തെയും എല്ലാം കടന്നാക്രമിക്കുന്ന, സൈബറിടത്തെ ഈ രണ്ട് മുഖങ്ങൾ, തീർച്ചയായും നിയമസഭയിലും ഉണ്ടാകണമെന്നതാണ് യുഡിഎഫിനെ പിന്തുണയ്ക്കുന്ന ജനവിഭാഗങ്ങൾ ആഗ്രഹിക്കുന്നത്. അവരുടെ ആ ആഗ്രഹം നടക്കുമോ എന്നത്, കോൺഗ്രസിൻ്റെ സ്ഥാനാർത്ഥി ലിസ്റ്റ് പുറത്ത് വരുന്നതോടെ എന്തായാലും വ്യക്തമാകും.

EXPRESS VIEW

വീഡിയോ കാണാം;

Share Email
Top