പാർലമെന്റിൽ എത്താതെ ഭയന്ന് ഓടുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെയും അനുയായിയാണ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ എന്ന് ഡോ. ജോൺ ബ്രിട്ടാസ് എം.പി. കമ്മ്യൂണിസ്റ്റുകാർ ഭീരുക്കളാണെന്ന ധനമന്ത്രിയുടെ പ്രസ്താവനയോട് ഡൽഹിയിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ബ്രിട്ടീഷുകാർക്ക് മാപ്പപേക്ഷ നൽകിയ സവർക്കറുടെ അനുയായികളിൽ നിന്ന് തന്നെ ഇത്തരമൊരു പരാമർശം ഉയർന്നുവന്നതിൽ അത്ഭുതമില്ലെന്നും ഇൻക്വിലാബ് വിളിച്ച് കഴുമരത്തിലേക്ക് ധീരമായി നടന്നുപോയ ചരിത്രമാണ് കമ്മ്യൂണിസ്റ്റുകാർക്കുള്ളതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
കഴിഞ്ഞ ദിവസം പാർലമെന്റിൽ ഉന്നയിച്ച പ്രസക്തമായ ചോദ്യങ്ങൾക്ക് ആഭ്യന്തരമന്ത്രി അമിത് ഷാ വ്യക്തമായ മറുപടി നൽകിയില്ലെന്നും ജോൺ ബ്രിട്ടാസ് ആരോപിച്ചു. ഇതിനുപുറമേ, യു.പി.ഐ ഇടപാടുകൾക്ക് സേവനനിരക്ക് ഏർപ്പെടുത്താനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കങ്ങളെയും അദ്ദേഹം രൂക്ഷമായി വിമർശിച്ചു. നിലവിലെ തീരുമാനങ്ങൾ യു.പി.ഐ സേവനങ്ങൾക്ക് ഭാവിയിൽ നിരക്ക് ഈടാക്കാനുള്ള ഒരു ‘ബ്ലാങ്ക് ചെക്ക്’ ആണെന്ന് അദ്ദേഹം വ്യക്തമാക്കി.
ചെറിയൊരു വിഭാഗത്തിന് മാത്രമാണ് ഈ നിരക്കുകൾ ബാധകമാകൂ എന്ന് പറയുന്നത് ജനങ്ങളെ ബോധപൂർവ്വം തെറ്റിദ്ധരിപ്പിക്കാനാണെന്നും എം.പി ചൂണ്ടിക്കാട്ടി. മർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് കച്ചവടക്കാർക്ക് മാത്രമേ ബാധകമാകൂ എന്നും ഉപഭോക്താക്കളെ ബാധിക്കില്ലെന്നുമാണ് കേന്ദ്ര സർക്കാർ വാദിക്കുന്നത്. എന്നാൽ, ലോകത്ത് എവിടെയെങ്കിലും കച്ചവടക്കാർക്ക് മേൽ ചുമത്തുന്ന സാമ്പത്തിക ബാധ്യത ഉപഭോക്താവിലേക്ക് കൈമാറ്റം ചെയ്യപ്പെടാതിരുന്നിട്ടുണ്ടോ എന്നും ജോൺ ബ്രിട്ടാസ് ചോദ്യമുന്നയിച്ചു.





