സംസ്ഥാനത്ത് നിപ വൈറസ് ബാധ നിയന്ത്രണവിധേയമെന്ന് ആരോഗ്യവകുപ്പ്. നിലവിൽ നിരീക്ഷണത്തിലുള്ള ആർക്കും പുതിയ രോഗലക്ഷണങ്ങൾ കണ്ടെത്തിയിട്ടില്ല. രോഗബാധിതനായ വ്യക്തിയുടെ ആരോഗ്യനിലയിൽ മാറ്റമില്ലാതെ തുടരുകയാണെന്നും, വെന്റിലേറ്ററിൽ ചികിത്സ തുടരുകയാണെന്നും അധികൃതർ അറിയിച്ചു. നിലവിൽ 104 പേരാണ് നിപയുടെ സമ്പർക്കപ്പട്ടികയിലുള്ളത്.
ഇതിൽ നാലുപേർ വളരെ ഉയർന്ന റിസ്ക് വിഭാഗത്തിലും, 14 പേർ ഉയർന്ന റിസ്ക് വിഭാഗത്തിലുമാണ്. ബാക്കി 86 പേർ കുറഞ്ഞ റിസ്ക് വിഭാഗത്തിൽ ഉൾപ്പെടുന്നു. സമ്പർക്കപ്പട്ടികയിലുള്ള ആരെയും ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടില്ല. ലക്ഷണങ്ങൾ കാണിച്ചവരിൽ നടത്തിയ പരിശോധനകളിലെല്ലാം ഫലം നെഗറ്റീവ് ആണ്. നിപയുടെ കാര്യത്തിൽ ആശ്വാസമുണ്ടെങ്കിലും ഷിഗെല്ല രോഗബാധ സംസ്ഥാനത്ത് ആശങ്ക പടർത്തുന്നു. ഇന്ന് മാത്രം ഏഴ് പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. കോഴിക്കോട്, തിരുവനന്തപുരം ജില്ലകളിൽ രണ്ട് വീതവും തൃശൂർ, മലപ്പുറം, വയനാട് ജില്ലകളിൽ ഓരോന്നും വീതം കേസുകളാണ് പുതുതായി റിപ്പോർട്ട് ചെയ്തത്. ഈ വർഷം ഇതുവരെ 216 പേർക്കാണ് സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ചത്.
Also Read: “കട്ടപ്പുറത്തിരിക്കുന്ന വണ്ടിയാണ് സുധീരൻ”; രൂക്ഷവിമർശനവുമായി വെള്ളാപ്പള്ളി നടേശൻ
ജൂൺ മാസത്തിൽ മാത്രം 140 പേർക്ക് രോഗം സ്ഥിരീകരിക്കുകയും ആറ് മരണം സംഭവിക്കുകയും ചെയ്തു. കോഴിക്കോട് സ്വദേശിയായ ഒരു മധ്യവയസ്കയാണ് ഷിഗെല്ല ബാധിച്ച് ഒടുവിൽ മരണപ്പെട്ടത്. രോഗവ്യാപനം കൂടിയ സാഹചര്യത്തിൽ കോഴിക്കോട് (42), വയനാട് (19), തൃശൂർ (12), ആലപ്പുഴ (3) എന്നീ നാല് ജില്ലകളിൽ ഔട്ട്ബ്രേക്ക് പ്രഖ്യാപിച്ചു. കൂടാതെ ജൂൺ മാസത്തിൽ മലപ്പുറം (20), തിരുവനന്തപുരം (17), കണ്ണൂർ (10), കൊല്ലം (9), ഇടുക്കി (3), പാലക്കാട് (3), എറണാകുളം (2) എന്നിവിടങ്ങളിലും രോഗം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.





