അരവിന്ദ് കെജ്രിവാളിന് എതിരെ എന്‍ഐഎ അന്വേഷണത്തിന് ശുപാര്‍ശ

അരവിന്ദ് കെജ്രിവാളിന് എതിരെ എന്‍ഐഎ അന്വേഷണത്തിന് ശുപാര്‍ശ

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് എതിരെ എന്‍ഐഎ അന്വേഷണത്തിന് ശുപാര്‍ശ. ആം ആദ്മി പാര്‍ട്ടിക്കായി ഭീകര സംഘടനയില്‍ നിന്ന് സംഭാവന സ്വീകരിച്ചു എന്ന ആരോപണത്തിലാണ് നടപടി. ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ വികെ സക്സേനയാണ് അന്വേഷണത്തിന് ശുപാര്‍ശ ചെയ്തത്. സിക്ക് ഫോര്‍ ജസ്റ്റിസില്‍ നിന്ന് 1.5 കോടി ലഭിച്ചുവെന്നാണ് ആരോപണം. ബിജെപിയുടെ നിര്‍ദേശപ്രകാരം മുഖ്യമന്ത്രി കെജ്രിവാളിനെതിരെ അവര്‍ നടത്തുന്ന മറ്റൊരു വലിയ ഗൂഢാലോചനയാണിതെന്ന് ഡല്‍ഹി മന്ത്രിയും എഎപി നേതാവുമായ സൗരഭ് ഭരദ്വാജ് പറഞ്ഞു.

ഡല്‍ഹിയിലെ സീറ്റുകള്‍ ബിജെപിക്ക് നഷ്ടപ്പെടുന്നുവെന്നതിനാല്‍ അവര്‍ അസ്വസ്ഥരാണെന്നും സൗരഭ് ഭരദ്വാജ് ആരോപിച്ചു. പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ ബിജെപി ഈ ഗൂഢാലോചന നടത്തിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 2014 മുതല്‍ 2022 വരെയുള്ള കാലത്ത് വിദേശത്തുള്ള ഖലിസ്താന്‍ സംഘടനകളില്‍നിന്ന് ആം ആദ്മി പാര്‍ട്ടി പണം സ്വീകരിച്ചുവെന്ന് ആരോപിച്ച് സിഖ്സ് ഫോര്‍ ജസ്റ്റിസ് തലവന്‍ പന്നൂന്‍ വീഡിയോസന്ദേശം പുറത്തുവിട്ടിരുന്നു.

1993-ലെ ഡല്‍ഹി ബോംബ് സ്ഫോടനക്കേസില്‍ അറസ്റ്റിലായി ജയിലില്‍ക്കഴിയുന്ന ഖലിസ്താന്‍ ഭീകരവാദി ദേവീന്ദര്‍പാര്‍ സിങ് ഭുള്ളറെ മോചിപ്പിക്കാമെന്ന് കെജ്രിവാള്‍ ഉറപ്പുകൊടുത്തെന്നും പന്നൂന്‍ വീഡിയോയില്‍ പറഞ്ഞിരുന്നു. ഇതടക്കം ലഫ്റ്റനന്റ് ഗവര്‍ണര്‍ക്കുള്ള പരാതിക്കൊപ്പം ചേര്‍ത്തിരുന്നു. ആഭ്യന്തരമന്ത്രാലയം ആരോപണങ്ങളുടെ ഗൗരവം കണക്കിലെടുത്ത് എന്‍ഐഎ അന്വേഷണത്തിന് റഫര്‍ ചെയ്യണമെന്നാണ് കത്തിലെ ആവശ്യം.

Top