കോഴിക്കോട്: ജനവാസ കേന്ദ്രമായ കോഴിക്കോട് കീഴുപറമ്പ് പഞ്ചായത്തിൽ ടൺ കണക്കിന് മാലിന്യം അനധികൃതമായി തള്ളിയ സംഭവത്തിൽ അധികൃതർ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് നാട്ടുകാർ പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. ആശുപത്രി മാലിന്യം ഉൾപ്പെടെയുള്ള മാലിന്യങ്ങൾ രാത്രിയുടെ മറവിൽ തള്ളിയ വാഹനങ്ങളെക്കുറിച്ചും വ്യക്തികളെക്കുറിച്ചുമുള്ള വിവരങ്ങൾ നൽകിയിട്ടും നടപടി സ്വീകരിക്കാൻ അധികൃതർ തയ്യാറാകുന്നില്ലെന്ന് പ്രതിഷേധക്കാർ ആരോപിച്ചു.
കുനിയൽ മുടിക്കപ്പാറയിലെ ഉപയോഗശൂന്യമായ ക്വാറിയിലാണ് മാലിന്യം തള്ളിയിരിക്കുന്നത്. ഈ ക്വാറിക്ക് സമീപത്തായി നൂറുകണക്കിന് കുടുംബങ്ങളാണ് താമസിക്കുന്നത്. ഇവിടെ തള്ളിയ മാലിന്യത്തിൽ നിന്നുള്ള മലിനജലം സമീപത്തെ കിണറുകളിലേക്കും മറ്റു ജലാശയങ്ങളിലേക്കും വ്യാപിക്കുന്നുണ്ട്. ഇത് ഗുരുതരമായ ആരോഗ്യ-പരിസ്ഥിതി പ്രശ്‌നങ്ങൾ സൃഷ്ടിക്കുമെന്ന ആശങ്കയിലാണ് നാട്ടുകാർ.






