ന്യൂഡൽഹി: ജന്മനാ കൈകളില്ലാത്ത അവസ്ഥയെ അതിജീവിച്ച് അമ്പെയ്ത്തിൽ പുതിയ ചരിത്രം രചിച്ചിരിക്കുകയാണ് കശ്മീരിലെ അത്‌ലറ്റായ ശീതൾ ദേവി. പാരാലിമ്പിക്‌സ് മെഡൽ ജേതാവ് കൂടിയായ ഈ താരം ഇപ്പോൾ മറ്റൊരു അപൂർവ നേട്ടത്തിന്റെ ഉടമയായിരിക്കുകയാണ്. അമ്പെയ്ത്തിലെ ഏഷ്യാ കപ്പ് സ്റ്റേജ് 3 ടൂർണമെന്റിൽ പങ്കെടുക്കാനുള്ള ഇന്ത്യൻ ടീമിൽ ഇടം നേടിയാണ് ശീതൾ പുതുചരിത്രം കുറിച്ചത്. ജനറൽ വിഭാഗത്തിലുള്ള (ഏബിൾ ബോഡീഡ്) അന്താരാഷ്ട്ര ടൂർണമെന്റിൽ ഇന്ത്യൻ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ പാരാ അത്‌ലറ്റ് എന്ന ബഹുമതി ഇതോടെ ശീതളിന് സ്വന്തമായി.
സോനിപത്തിൽ നടന്ന സെലക്ഷൻ ട്രയൽസിൽ മികച്ച പ്രകടനമാണ് ശീതൾ കാഴ്ചവെച്ചത്. ട്രയൽസിൽ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ശീതളിനെ ഇന്ത്യയുടെ ജൂനിയർ ടീമിലേക്കാണ് തിരഞ്ഞെടുത്തത്. ഈ നേട്ടം തന്റെ സ്വപ്നത്തിലേക്ക് ഒരു പടികൂടി അടുക്കാൻ സഹായിച്ചതായി ശീതൾ പ്രതികരിച്ചു.






